Home അറിവ് ഇനി വാട്‌സ്ആപ് വെബിലും വീഡിയോ, വോയ്‌സ് കോളുകള്‍ ചെയ്യാം

ഇനി വാട്‌സ്ആപ് വെബിലും വീഡിയോ, വോയ്‌സ് കോളുകള്‍ ചെയ്യാം

വാട്‌സാആപിന്റെ വെബ് പതിപ്പിലും വീഡിയോ, വോയ്‌സ് കോളുകള്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് കമ്പനി. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നത്. ലാപ്പ്ടോപ്പ്, ഡെസ്‌ക്ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ വാട്സ്ആപ്പിന്റെ വെബ് പതിപ്പ് തുറന്ന് വോയ്സ്, വീഡിയോ കോള്‍ സേവനം പ്രയോജനപ്പെടുത്താനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയത്.

ഒരുപാട് നാളുകളായി ഉയര്‍ന്ന് വന്നിരുന്ന ഒരു ആവശ്യമായിരുന്നു ഈ സൗകര്യം. അതിനാണ് ഇപ്പോള്‍ പരിഹാരമായത്. വെബ് ക്യാമറ, മൈക്രോ ഫോണ്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ വാട്സ്ആപ്പ് വെബ് വഴി വീഡിയോ, വോയ്സ് കോളുകള്‍ ചെയ്യാന്‍ സാധിക്കും.

ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെബ് പതിപ്പില്‍ എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്റ്റഡ് വോയ്സ്, വീഡിയോ കോളുകള്‍ക്കുള്ള സേവനം ആരംഭിച്ചതായാണ് വാട്സ്ആപ്പ് അറിയിച്ചത്. ഇതിനായി ലാപ്പ്ടോപ്പ്, ഡെസ്‌ക്ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ വാട്സ്ആപ്പ് വെബ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പനി അറിയിച്ചു.