Home അറിവ് കോവിഡ് രണ്ടാം ഡോസ് എപ്പോള്‍?; അറിയിപ്പ് വരുമോ? വിശദീകരണം അറിയാം

കോവിഡ് രണ്ടാം ഡോസ് എപ്പോള്‍?; അറിയിപ്പ് വരുമോ? വിശദീകരണം അറിയാം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍. രണ്ടാമത്തെ ഡോസ് എടുക്കുന്നതിനെ സംബന്ധിച്ച അറിയിപ്പിനായി കാത്തിരിക്കാതെ സ്വയം തീയതി നിശ്ചയിക്കാന്‍ കോവിഡ് വാക്സിനേഷന്‍ ദൗത്യത്തിന്റെ ഉന്നതതല സമിതി ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിരോധ വാക്സിന്‍ കൂടുതല്‍ ഫലപ്രദമാകാന്‍ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

നിലവില്‍ രണ്ടാമത്തെ ഡോസ് എന്നാണ് എടുക്കേണ്ടത് എന്ന് സംബന്ധിച്ച വിവരം അതത് ആളുകള്‍ക്ക് ലഭിക്കുന്നുണ്ട്. കോവിന്‍ പോര്‍ട്ടല്‍ വഴിയാണ് വാക്സിനേഷനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഒന്നും രണ്ടും ഡോസുകളുടെ വിവരം വാക്സിന്‍ സ്വീകരിക്കുന്നയാളെ അറിയിക്കുന്നതാണ് പതിവ്.

അതിനിടെയാണ് കൂടുതല്‍ ഫലപ്രാപ്തിക്ക് ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. നിലവില്‍ 28 ദിവസം കഴിഞ്ഞാല്‍ രണ്ടാമത്തെ ഡോസ് എടുക്കാം. ഇതാണ് ആറു മുതല്‍ എട്ടു ആഴ്ച വരെയായി നീട്ടിയത്. കോവിഷീല്‍ഡിന്റെ കാര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

ഈ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട തീയതി സംബന്ധിച്ച് പോര്‍ട്ടല്‍ വഴി വിവരം നല്‍കേണ്ട എന്ന് തീരുമാനിച്ചത്. പകരം രണ്ടു ഡോസുകള്‍ തമ്മില്‍ പാലിക്കേണ്ട ഇടവേള മനസിലാക്കി വാക്സിന്‍ സ്വീകരിക്കേണ്ടയാള്‍ തന്നെ സ്വയം തീയതി നിശ്ചയിക്കാന്‍ ആര്‍എസ് ശര്‍മ്മ നിര്‍ദേശിച്ചു.