Home ആരോഗ്യം ശ്വാസംമുട്ടല്‍ മുതല്‍ ബ്രെയ്ന്‍ ഫോഗ് വരെ; മധ്യവയസിലുള്ള സ്ത്രീകളെ കോവിഡ് തീവ്രമായി ബാധിക്കും

ശ്വാസംമുട്ടല്‍ മുതല്‍ ബ്രെയ്ന്‍ ഫോഗ് വരെ; മധ്യവയസിലുള്ള സ്ത്രീകളെ കോവിഡ് തീവ്രമായി ബാധിക്കും

ധ്യവയസ് കടന്ന സ്ത്രീകളെ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന കോവിഡ് ലക്ഷണങ്ങള്‍ തീവ്രമായി ബാധിക്കാറുണ്ടെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. ശ്വാസംമുട്ടല്‍, ക്ഷീണം, പേശീവേദന, ബ്രെയിന്‍ ഫോഗ് തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ 18 ശതമാനം പേരെ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞെന്നും 19 ശതമാനം പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും പഠനറിപ്പോര്‍ട്ട് പറയുന്നുണ്ട്.

യുകെയിലെ ലെയ്കെസ്റ്റര്‍, ഗ്ലാസ്ഗോ സര്‍വകലാശാലകളില്‍ നടന്ന രണ്ട് പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് യുകെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 1000 രോഗികളുടെ ആരോഗ്യനിലയാണ് ലെയ്കെസ്റ്റര്‍ സര്‍വകലാശാല നിരീക്ഷിച്ചത്. കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും ഇവരില്‍ 70 ശതമാനം പേരും ലക്ഷണങ്ങളില്‍ നിന്ന് പൂര്‍ണ മുക്തി നേടിയില്ലെന്ന് നിരീക്ഷണത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ ലക്ഷണങ്ങള്‍ മാറാതിരുന്നവരില്‍ കൂടുതലും സ്ത്രീകളാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

50 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി ശ്വാസംമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് ഏഴ് മടങ്ങ് അധികമാണെന്ന് ഗ്ലാസ്ഗോ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇവര്‍ക്ക് ക്ഷീണമുണ്ടാകാനുള്ള സാധ്യത പുരുഷന്മാരുടെ ഇരട്ടിയാണെന്നും ഗവേഷകര്‍ പറയുന്നു. വെളുത്തവര്‍ഗക്കാരായ, 40നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കോവിഡ് മാറി സാധാരണ ജീവിതത്തിലേക്ക് മാറാന്‍ കഴിയാത്തവരില്‍ കൂടുതലുമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.