Home ആരോഗ്യം എന്താണ് ഗ്ലോക്കോമ?; അറിയേണ്ട കാര്യങ്ങള്‍

എന്താണ് ഗ്ലോക്കോമ?; അറിയേണ്ട കാര്യങ്ങള്‍

Credit Image: psisa/Getty Images

കാഴ്ച നല്‍കുന്നതിനുള്ള ഒപ്റ്റിക് നാഡിക്ക് നാശമുണ്ടായി ഭാഗികമായി കാഴ്ച നഷ്ടപ്പെടുകയും ക്രമേണ മുഴുവനായും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ‘ഗ്ലോക്കോമ’ (Glaucoma). കുടുംബത്തില്‍ ഗ്ലോക്കോമ രോഗികള്‍ ഉള്ളവര്‍, 60 വയസിന് മുകളിലുള്ളവര്‍, പ്രമേഹബാധിതര്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍, നേത്രരോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ഗ്ലോക്കോമ പിടിപെടാനുള്ള സാധ്യത കൂടുതലായിരിക്കും.

കണ്ണിലെ അസാധാരണമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്താന്‍ കാരണമാകും. 60 വയസിന് മുകളിലുള്ളവര്‍ക്ക് കാഴ്ചക്കുറവിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഗ്ലോക്കോമയെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഒഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. തനുജ് ദാദ പറഞ്ഞു. ഗ്ലോക്കോമ ഏറെ ഗൗരവമായി തന്നെ കാണേണ്ട അസുഖമാണെന്നാണ് അദ്ദേഹം പറയുന്നത്.

ലോകത്താകമാനമുള്ള ആളുകളുടെ കാഴ്ച്ചക്കുറവിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗ്ലോക്കോമയാണ്. ഏകദേശം 80 ദശലക്ഷം ആളുകളെ ഈ രോഗം ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തയോട്ടം കുറയുന്നത് കാരണം നാഡിക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഈ കേടുപാടുകള്‍ ക്രമേണ വര്‍ദ്ധിക്കുകയും ഗ്ലോക്കോമ മൂലം കാഴ്ചക്കുറവ് ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഡോ. തനുജ് പറഞ്ഞു.

ഗ്ലോക്കോമയ്ക്ക് ആദ്യമൊന്നും ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍ ചിലര്‍ക്ക് തലവേദന, കണ്ണ്വേദന, കണ്ണിന് ചുവപ്പ് നിറം, കൃഷ്ണമണിയില്‍ നിറവ്യത്യാസം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. 60 വയസ് കഴിഞ്ഞവര്‍ വര്‍ഷത്തില്‍ ഒരിക്കലും 40 വയസ്സിന് മുകളിലുള്ളവര്‍ രണ്ട് വര്‍ഷത്തിലൊരിക്കലും സമഗ്രമായ നേത്ര പരിശോധന നടത്തണം.