Home വിശ്വാസം വേളാങ്കണ്ണി പള്ളി- കിഴക്കിന്റെ ലൂർദ്ദ്.

വേളാങ്കണ്ണി പള്ളി- കിഴക്കിന്റെ ലൂർദ്ദ്.

പട്ടുസാരിയുടുത്ത്.. ഉണ്ണിയേശുവിനെ കൈകളിലേന്തിയുള്ള മാതാവിന്റെ തിരുരൂപം…
പ്രാർഥനയും കണ്ണീരുമർപ്പിച്ച്, നാനാജാതിയിൽപ്പെട്ട വിശ്വാസികൾ എത്തിച്ചേരുന്ന ദേവാലയം. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് സ്ഥിതി ചെയ്യുന്ന വേളാങ്കണ്ണി മാതാവ്.
മുട്ടിലിഴഞ്ഞും തല മുണ്ഡനം ചെയ്തും അമ്മത്തൊട്ടിൽ കെട്ടിയും ആമപ്പൂട്ട് പൂട്ടിയും വിശ്വാസികൾ തങ്ങളുടെ പ്രാർഥനയുമായി എത്തുന്ന വേളാങ്കണ്ണി മാതാവിന്റെ സന്നിധി!

നൂറ്റാണ്ടുകളുടെ പഴക്കമുള്ള വേളാങ്കണ്ണിയിലെ ദേവാലയത്തിന്റെ ചരിത്രത്തെക്കുറിച്ചു പല കഥകളുണ്ട്. മാതാവിന്റെ അദ്ഭുതദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഈ ദേവാലയത്തിന്റെ പിറവിയെന്ന് പറയുന്നു. ഒരു ഹൈന്ദവ ബാലനായിരുന്നു, മാതാവിന്റെ ആദ്യത്തെ ദര്‍ശനം ലഭിച്ചത്. അതിനുശേഷം മോരുവിൽപനക്കാരനായ ഒരു മുടന്തൻ ബാലന് ദർശനം ലഭിക്കുകയും അവൻ ആരോഗ്യവാനാവുകയും ചെയ്തതോടെ മാതാവ്, ആരോഗ്യമാതാ എന്നറിയപ്പെടാൻ തുടങ്ങി.

മാതാവിന്റെ അരുളപ്പാട് പ്രകാരം,ഓല മേഞ്ഞ ഒരു പള്ളിയാണ് ആദ്യം നിർമിച്ചത്. ഈ സംഭവങ്ങൾ നടന്നത് എ.ഡി 1500-1600 കാലത്താണെന്ന് പറയപ്പെടുന്നു. ഇന്നു കാണുന്ന ദേവാലയത്തിന്റെ നിർമിതിക്ക് ആധാരമായ സംഭവം നടക്കുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. കടൽക്ഷോഭത്തിൽപ്പെട്ട ഒരു കപ്പൽ അദ്ഭുതകരമായി രക്ഷപ്പെടുകയും അവർ തങ്ങളുടെ കപ്പൽ വേളാങ്കണ്ണി തീരത്തേക്ക് അടുപ്പിക്കുകയും ചെയ്തു. മാതാവിന്റെ അനുഗ്രഹത്താലാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് വിശ്വസിച്ച കപ്പലിലുണ്ടായിരുന്നവർ അന്നുണ്ടായിരുന്ന ദേവാലയത്തെ കുറച്ചുകൂടി വലുപ്പമുള്ളതാക്കി മാറ്റി നിർമിച്ചു. പിന്നീട് വേളാങ്കണ്ണിയിലൂടെയുള്ള ഓരോ യാത്രയിലും അവർ അവിടെയെത്തുകയും ദേവാലയത്തിന്റെ നവീകരണത്തിൽ മുഴുകുകയും ചെയ്തു.

ഇപ്പോൾ കാണുന്ന മഞ്ഞപട്ടുടുത്ത ഉണ്ണിയേശുവിനെ കൈകളിലെടുത്തുള്ള മാതാവിന്റെ പ്രതിഷ്ഠ സ്ഥാപിച്ചത് പോർച്ചുഗീസുകാരാണെന്ന് പറയപ്പെടുന്നു . പിന്നീടെത്തിയ ഡച്ചുകാർ 1771 ൽ ഈ ദേവാലയത്തെ പാരിഷ് ചർച്ചാക്കി മാറ്റി. 1962 ലാണ് മൈനർ ബസിലിക്കയായി വേളാങ്കണ്ണി പള്ളി ഉയർത്തപ്പെടുന്നത്.

അഞ്ചേക്കറിലാണ് വേളാങ്കണ്ണിയിലെ ദേവാലയം സ്ഥിതിചെയ്യുന്നത്. കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന ഈ ദേവാലയം, കടലിനു അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.

തമിഴ്, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം പള്ളിയിൽ കുർബാന അർപ്പിക്കപ്പെടുന്നുണ്ട്. രാവിലെ അഞ്ചിന് തുറക്കുന്ന ബസിലിക്ക അടയ്ക്കുന്നത് രാത്രി ഒമ്പതു മണിക്കാണ്.

നേർച്ചയായി തലമുണ്ഡനം ചെയ്യുന്നവരും കുട്ടികൾ ഉണ്ടാകുന്നതിനായി അമ്മത്തൊട്ടിൽ കെട്ടുന്നവരും വിവാഹബന്ധം വേര്‍പിരിയാതിരിക്കാനായി ആമപ്പൂട്ട് പൂട്ടി താക്കോൽ കടലിലേക്ക് വലിച്ചെറിയുന്നവരും ധാരാളമാണ്. അതുപോലെ തന്നെ ആഗ്രഹസാഫല്യത്തിനായി ദേവാലയ മുറ്റത്തുനിന്നു കിലോമീറ്ററുകൾ മുട്ടിലിഴയുന്നവരും വിവാഹം നടക്കാനായി മഞ്ഞച്ചരട് വഴിപാടായി സമർപ്പിക്കുന്നവരും ധാരാളം.

വേളാങ്കണ്ണിയിലെ ഈ ദേവാലയത്തിനോട് ചേർന്ന് ഒരു മ്യൂസിയം സ്ഥിതി ചെയ്യുന്നുണ്ട്. മാതാവിനോട് പ്രാർഥിക്കുകയും ഫലം സിദ്ധിക്കുകയും ചെയ്തവരുടെ സമർപ്പണങ്ങളും നേർച്ചകളും സൂക്ഷിച്ചിരിക്കുന്നതവിടെയാണ്. ആ നേർച്ചകളും സമർപ്പിക്കപ്പെട്ട വസ്തുക്കളും കാണുമ്പോൾ തന്നെ മനസിലാകും എത്രയെത്ര മനുഷ്യരാണ് ഈ തിരുമുറ്റത്ത് വിശ്വാസികളായി എത്തുന്നതെന്ന്.