Home വിശ്വാസം തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം -ദക്ഷിണ കാശി.

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം -ദക്ഷിണ കാശി.

വയനാട് ജില്ലയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്. പരമശിവന്റെ സാന്നിധ്യവും ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിലുണ്ട്. ഇവിടെ ശിവന്റെ ജ്യോതിർലിംഗ പ്രതിഷ്ഠ കാണാം. “ദക്ഷിണകാശി” എന്നും “ദക്ഷിണ ഗയ” എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനുള്ള ഒരു പ്രധാന സ്ഥലമാണ് തിരുനെല്ലി ക്ഷേത്രം.

ചരിത്രം –
തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രാധാന്യം ചേര രാജാക്കന്മാരാ‍യ ഭാസ്കര രവിവർമ്മൻ I, II എന്നിവരുടെ ചെമ്പ് ആലേഖനങ്ങളിൽകാണാം. തിരുനെല്ലി ഗ്രാമത്തിൽ നിന്ന് പുരാവസ്തു ഗവേഷകർ ഈ ചെമ്പുതകിടുകൾ കുഴിച്ചെടുത്തിട്ടുണ്ട്. എ.ഡി. ഒമ്പതാം നൂറ്റാണ്ട് വരെ ഈ ചെമ്പുതകിടുകൾക്ക് പഴക്കം ഉണ്ട്. ചരിത്ര രേഖകൾ അനുസരിച്ച് തിരുനെല്ലി 16-ആം നൂ‍റ്റാണ്ടുവരെ തെക്കേ ഇന്ത്യയിലെ ഏറ്റവും സമൃദ്ധമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു.

ഈ ക്ഷേത്രത്തിന്റെ ചരിത്രം കാസർഗോഡ് ജില്ലയിലെ കുംബ്ല രാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാട് രാജാക്കന്മാരുമായും ബന്ധപ്പെട്ടു കിടക്കുന്നു. കൂർഗ്ഗിലെ രാജാക്കന്മാരും ആയും ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് അടുത്തായി ഉള്ള ചില കൽ‌പ്രതിമകളുടെ അവശിഷ്ടങ്ങൾ കൂർഗ്ഗ് രാജാക്കന്മാർ നിർമ്മിച്ചതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ പ്രദേശത്ത് ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. പാപനാശിനി ഗ്രാമം, പഞ്ചതീർത്ഥ ഗ്രാമംഎന്നീ രണ്ടു ഗ്രാമങ്ങൾ ഇവിടെ നിലനിന്നിരുന്നു. അജ്ഞാതമായ ചില കാരണങ്ങളാൽ ഈ ഗ്രാമങ്ങൾ ഇല്ലാതായി. ജനങ്ങൾ മാനന്തവാടിക്ക് അടുത്തുള്ള സ്ഥലങ്ങളിലേക്ക് അഭയം തേടി. മാനന്തവാടിയിലെ ചില കുടുംബങ്ങൾ തങ്ങളുടെ തായ്‌വഴികൾ ഈ ഗ്രാമങ്ങളിൽ നിന്നാണെന്നു പറയുന്നു.

ഐതിഹ്യം –
ഈ ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ബ്രഹ്മാവ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിനു സമർപ്പിച്ചു എന്നും ചതുർഭുജങ്ങളുടെ രൂപത്തിലാണ് ഈ ക്ഷേത്രം പണിതതെന്നും ആണ് ഐതിഹ്യം. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള വനങ്ങളിൽ നെല്ലിമരങ്ങൾ ധാരാ‍ളമായി കാണാം. തൃശ്ശിലേരിയിലെ ശ്രീമഹാദേവന് വിളക്കുവച്ച്, പാപനാശിനിയിൽ ബലിതർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ മഹാവിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാർ മാത്രമാണ് ഈ രീതി പിന്തുടരുന്നത്.

ഭൂപ്രകൃതി –
ഈ ക്ഷേത്രത്തിൽ നിന്ന് അൽ‌പം അകലെയാണ് പാ‍പനാശിനി എന്ന അരുവി. പാപനാശിനിയിലെ പുണ്യജലത്തിൽ ഒന്നു മുങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചിതരാവും എന്നാണ് വിശ്വാസം.
ഈ അരുവിക്ക് എല്ലാ പാപങ്ങളും നശിപ്പിക്കുവാനുള്ള ദിവ്യശക്തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന തിരുനെല്ലി പ്രകൃതിമനോഹരമായ ഒരു സ്ഥലം ആണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുക്കാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന് വടക്കുകിഴക്കായി കർണാടകത്തിലെ നാഗർഹോളെ, ബന്ദിപ്പൂർ എന്നീ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും തെക്കു കിഴക്കായി തമിഴ്‌നാട്ടിലെ മുതുമലയും സ്ഥിതിചെയ്യുന്നു. വളരെ ജൈവ വൈവിധ്യം ഉള്ള ഈ വന്യജീവി സംരക്ഷണ കേന്ദ്രം നീലഗിരി ബയോ റിസർവിന്റെ ഒരു പ്രധാന ഭാ‍ഗം ആണ്. നാനാവിധത്തിലുള്ള സസ്യ-ജീവിജാലങ്ങളെ ഇവിടെ കാണാം.

ബലിസങ്കല്‍പം, ഉണ്ണിയച്ചീചരിതം എന്നീ ഗ്രന്ഥങ്ങളിലെല്ലാം തിരുനെല്ലി ക്ഷേത്രത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. ആമലക (നെല്ലിക്ക) ക്ഷേത്രം എന്നും തിരുനെല്ലി ക്ഷേത്രം അറിയപ്പെടുന്നു. ഇവിടെ നെല്ലിക്ക വീണ്‌ കല്ലായ തീര്‍ത്ഥ സ്ഥലത്ത്‌ ഗുണ്ടിക ഗുഹയെന്നൊരു ഭാഗമുണ്ട്‌. പഴയകാലത്ത്‌ കുടകന്മാരായ ഭക്തര്‍ ഇവിടെ വന്ന്‌ ഗുണ്ടിക ദര്‍ശന പൂജകള്‍ നടത്തിയിരുന്നു. കുടകിലെ തലക്കാവേരിയിലും തിരുനെല്ലിയിലെ ഗുണ്ടികാസ്ഥാനത്തിന്‌ സമാനമായ ഒരു തീര്‍ത്ഥസ്ഥാനമുണ്ട്‌.
ഗുണ്ടികാദര്‍ശനം ക്ഷേത്രത്തിനു താഴെയുള്ള ദൈവത്താര്‍ മണ്ഡപ ദര്‍ശനം എന്നി ചടങ്ങുകള്‍ക്ക്‌ ശേഷമേ പണ്ട്‌ മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നുള്ളു.

ശൈവ-വൈഷ്ണവ സംഘര്‍ഷകാലത്ത്‌ തിരുനെല്ലിയില്‍ നിന്ന്‌ മാറ്റി പ്രതിഷ്ഠിക്കപ്പെട്ട ശിവചൈതന്യമാണ്‌ ത്രിശിലേരി ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്നത്‌. ത്രിശിലേരിക്ക്‌ തിരുമത്തൂര്‍ എന്നൊരു പഴയ പേരുണ്ട്‌. തിരുനെല്ലിയുടെ ശിരസ്സാണ്‌ ത്രിശിലേരി എന്നാണ്‌ ജ്ഞാനികളുടെ മതം.

പാപനാശിനിപ്പുഴയുടെ ഉത്ഭവം ബ്രഹ്മഗിരിയുടെ നിഗൂഢതകളിലെവിടെയോ ആണ്‌. ഔഷധഗുണപ്രധാനങ്ങളായ അപൂര്‍വ്വ സസ്യങ്ങളുടെ കേദാരം കൂടിയാണ്‌ ബ്രഹ്മഗിരി. പാപനാശിനി ഒഴുകി വരുന്നത്‌ പിണ്ഡപ്പാറയിലേക്കാണ്‌. മരിച്ചവര്‍ക്കു പിണ്ഡം വയ്ക്കുന്നതിവിടെയാണ്‌. പാപനാശിനി, പക്ഷിപാതാളം അഥവാ ഋഷിപാതാളം, ത്രിശിലേരി, കാളിന്ദീ എന്നീ നാല്‌ ദിവ്യസ്ഥാനങ്ങള്‍ തിരുനെല്ലി ക്ഷേത്രത്തോട്‌ ചേര്‍ന്ന്‌ കിടക്കുന്നു.

തച്ചോളി ഒതേനന്‍ 64 പടനയിച്ച്‌ പൊന്നിയം പടനിലത്ത്‌ നടത്തിയ അറുപത്തിയഞ്ചാം പടയില്‍ വിജയിയായി, മറന്നുപോയ ഉടവാള്‍ എടുക്കാന്‍ മടങ്ങവേ ഒളിവെട്ടുകൊണ്ട്‌ മരിച്ച ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പാപനാശിനിയില്‍ നിമജ്ജനം ചെയ്തതിന്റെ സൂചനകള്‍ വടക്കന്‍പാട്ടില്‍ കാണാം.

വൈഷ്ണവ സങ്കല്‍പങ്ങള്‍ വരുന്നതിനു മുമ്പ്‌ വയനാട്ടിലെ ആദിവാസികള്‍ ദൈവത്താര്‍ എന്നൊരു കല്‍പനയെ ആരാധിച്ചിരുന്നു. തിരുനെല്ലി ക്ഷേത്രത്തിന്‌ താഴെയുള്ള ദൈവത്താര്‍ മണ്ഡപം ഇതുമായി ബന്ധപ്പെട്ട ഒരു ആരാധനാസ്ഥാനമാണ്‌. മറ്റൊരു പ്രധാന സ്ഥലം പഞ്ചതീര്‍ത്ഥക്കുളമാണ്‌. ബ്രഹ്മഗിരിയില്‍ നിന്നുറവെടുക്കുന്ന ചക്രതീര്‍ത്ഥം, പാദതീര്‍ത്ഥം, ചെറുഗദാതീര്‍ത്ഥം, ശംഖതീര്‍ത്ഥം എന്നിവ ചേര്‍ന്നതാണ്‌ പഞ്ചതീര്‍ത്ഥം.
ആയിരക്കണക്കിന്‌ പക്ഷികള്‍ തലകീഴായി കിടക്കുന്നത്‌ പക്ഷിപാതാളത്തില്‍ കാണാം.

ജൈനബുദ്ധ കാലത്തിലെ മുനിയറകള്‍ പോലെ ചരിത്രപ്രാധാന്യമുള്ള മുനിയറകളാണ്‌ പക്ഷിപാതാളത്തിലേത്‌. അവയ്ക്ക്‌ തിരുനെല്ലി ക്ഷേത്രവുമായി അഭേദ്യ ബന്ധമാണുള്ളത്‌. ബ്രഹ്മഗിരിയിലെ ഗരുഡന്‍ പാറയുടെ കീഴിലാണ്‌ പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്‌.
ക്ഷേത്രക്കിണര്‍ ഇല്ലാത്ത ക്ഷേത്രമാണ്‌ തിരുനെല്ലി ക്ഷേത്രം. കല്ലുപാത്തി വഴിയെത്തുന്ന ജലമാണ്‌ ക്ഷേത്രാവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നത്‌.

ക്ഷേത്രത്തിന്റെ ബലിക്കല്ല്‌ ഒരുവശത്തേക്ക്‌ ചെരിഞ്ഞിരിക്കുന്നതുമായി ബന്ധപ്പെട്ട്‌ മറ്റൊരു കഥയുണ്ട്‌. ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന ഒരു ആദിവാസി വൃദ്ധനെ ക്ഷേത്രത്തില്‍ കയറ്റാന്‍ പണ്ട്‌ ക്ഷേത്ര അധികാരികള്‍ അനുവദിച്ചില്ല. ഭഗവാന്റെ വിഗ്രഹമെങ്കിലും കണ്ട്‌ പോകാമെന്ന്‌ ആ പാവം വൃദ്ധന്‍ കരുതി. പുറത്ത്‌ മാറിനിന്ന്‌ വിഗ്രഹത്തെ നോക്കിയപ്പോള്‍ ബലികല്ല്‌ മറഞ്ഞതിനാല്‍ വിഗ്രഹം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പെട്ടെന്ന്‌ ബലിക്കല്ല്‌ ഒരു വശത്തേക്കു മാറിയതായും ആദിവാസി വൃദ്ധന്‍ ദേവബിംബം കണ്ട്‌ ദര്‍ശന സായൂജ്യം അടയുകയും ചെയ്തുവത്രേ! ഇപ്പോഴും ഈ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പൂജാനന്തരം മറ്റൊരു പൂജക്കായുള്ള പൂജാദ്രവ്യങ്ങള്‍ ഒരുക്കി വെച്ചശേഷമാണ്‌ നടയടക്കാറ്‌. നടയടച്ച്‌ കഴിഞ്ഞാല്‍ ബ്രഹ്മദേവൻ ക്ഷേത്രത്തില്‍ എത്തി പൂജനടത്തുമെന്ന വിശ്വാസമാണ്‌ ഇതിന്‌ പിന്നില്‍.

തിരുനെല്ലി ക്ഷേത്രത്തിനടുത്ത്‌ ശ്രീപരമേശ്വരന്‍ ഗൃഹാവാസിയായി താമസിച്ചുവെന്ന്‌ പറയുന്നു. ഇത്‌ സ്വയംഭൂ ശിവനാണെന്ന്‌ കരുതുന്നു. ബ്രഹ്മഗിരിയിലെ ‘ഭൂതത്താന്‍ കുന്ന്‌’ കയറി ഇറങ്ങിയാല്‍ പന്ത്രണ്ട്‌ നാഴികയാണ്‌ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്കുള്ള ദൂരം. കൊട്ടിയൂര്‍ ഉല്‍സവത്തിന്‌ മുന്‍പ്‌ തിരുനെല്ലിയില്‍ നിന്ന്‌ കൊട്ടിയൂരിലേക്ക്‌, ‘ഭൂതത്താന്‍മാരെ പറഞ്ഞയക്കല്‍’ എന്നൊരു ചടങ്ങ്‌ ഇടവമാസം വിശാഖം നാളില്‍ തിരുനെല്ലിയിലും കൊട്ടിയൂര്‍ ഉത്സവാനന്തരം ഈ ഭൂതത്താന്‍മാരെ തിരുനെല്ലിയിലേക്ക്‌ തിരിച്ചയക്കല്‍ എന്ന ചടങ്ങ്‌ കൊട്ടിയൂരിലും അനുഷ്ഠിച്ചു വരുന്നു.

ചേരരാജാവായിരുന്ന ഭാസ്കരവര്‍മ്മന്‍ ഒന്നാമന്റെ കാലത്ത്‌ തിരുനെല്ലി ഒരു വലിയ പട്ടണവും വിഷ്ണുക്ഷേത്രം പ്രതാപ ധാവള്യത്താല്‍ പെരുമപെറ്റതുമായിരുന്നുവെന്ന് പറയപ്പെടുന്നു. പുറംകിഴാനാട്‌ എന്ന്‌ പണ്ട്‌ കേള്‍വികേട്ട കോട്ടയം രാജവംശത്തിന്റെ കീഴിലായിരുന്ന തിരുനെല്ലി ക്ഷേത്രത്തില്‍ കുറുമ്പ്രനാട്‌ രാജാക്കന്‍മാര്‍ക്കും പുറനാട്‌ രാജാക്കന്‍മാര്‍ക്കും കുറുപുറെ രാജാക്കന്‍മാര്‍ക്കും വാഴ്ചാ ബന്ധങ്ങള്‍ ഉണ്ടായിരുന്നു.
എ.ഡി.978 ഭാസ്കരവര്‍മ്മന്‍ ഒന്നാമന്റെ സിംഹാസനാരാരോഹണാനന്തരമുള്ള ചെമ്പുലിഖിതങ്ങളില്‍ തിരുനെല്ലി ക്ഷേത്ര സംബന്ധിയായ ഒരു ശാസനം കാണപ്പെട്ടിരുന്നു. ഈ ചെമ്പെഴുത്ത്‌ ലഭിച്ചതും തിരുനെല്ലി ക്ഷേത്രത്തിനുള്ളില്‍ നിന്നാണ്‌.
കാശിയും ഗയയും ഹരിദ്വാറും കഴിഞ്ഞാല്‍ പിതൃകര്‍മ്മത്തിന് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് തെക്കന്‍കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലിയിലെ പാപനാശിനി. മരണാനന്തരം ആത്മാവ് വിഷ്ണു പാദത്തിലാണ് സായൂജ്യം ചേരേണ്ടതെന്നും, ബ്രഹ്മാവിനാല്‍ പ്രതിഷ്ഠിതമായ ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ചെയ്യുന്ന പിതൃകര്‍മ്മത്തോളം ഗുണം വേറൊന്നിനില്ല എതാണു ഹൈന്ദവ വിശ്വാസം. ഈ പ്രാധാന്യം മനസിലാക്കിയാണ് ജമദഗ്നി മഹര്‍ഷി, പരശുരാമന്‍, ശ്രീരാമന്‍ തുടങ്ങി പല മുനിശ്രേഷ്ഠന്മാരും ഐതിഹാസിക പുരുഷന്മാരും പാപനാശിനിയില്‍ വാവു ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തിയത് എന്നുമാണ് പറയപ്പെടുന്നത്. ഇവിടെവെച്ച് പിതൃക്രിയ നടത്തുന്നത് വംശവൃദ്ധിക്കും ഐശ്വര്യത്തിനും പിതൃപ്രീതിക്കും വിശേഷപ്പെട്ടതാണെന്നാണ് വിശ്വാസം.