Home വിശ്വാസം ചില ഈസ്റ്റർ വിശേഷങ്ങൾ…

ചില ഈസ്റ്റർ വിശേഷങ്ങൾ…

പ്രത്യാശയയുടെ കിരണമാണ് ഈസ്റ്റര്‍ പങ്കുവെയ്ക്കുന്നത്. പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം യേശുവിന്റെ വാക്ക് നിറവേറ്റാന്‍ കാത്തിരുന്നവര്‍ക്ക് പുനരുദ്ധാനത്തിലൂടെ പ്രതീക്ഷയുടെ പുതിയ തിരിനാളം പകരുന്ന ദിനമാണ് ഈസ്റ്റര്‍. അമ്പത് ദിവസത്തെ നോമ്പിനും ഒരുക്കത്തിനും ശേഷം യേശു വീണ്ടും ഓരോ മനസ്സുകളിലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഈസ്റ്ററിലൂടെ.

ഈസ്റ്ററിനെക്കുറിച്ച് ഇനി കുറച്ച് പറയാം. ഈസ്റ്റര്‍ എന്നായിരുന്നില്ല ആദ്യ പേര് എന്നതില്‍ തുടങ്ങുന്നു അക്കഥകൾ.
യേശു മരിച്ച് ഉയിര്‍ത്തെഴുന്നേറ്റു എന്നു കരുതുന്ന എഡി 30ന് ശേഷമുളള ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളോളം പാസ്‌ക്ക എന്ന പേരിലാണ് ഈസ്റ്റര്‍ അറിയപ്പെട്ടിരുന്നത്. ലാറ്റിന്‍ പേരായ പാസ്‌ക്ക യഹൂദരുടെ പെസഹാ ആചരണത്തിന്റെ പേരില്‍ നിന്നാണ് ഉത്ഭവിച്ചത്. പെസഹായില്‍ തുടങ്ങി ഉയിര്‍പ്പ് ദിനം വരെയുളള ദിവസങ്ങളാണ് പാസ്‌ക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പെസഹായും ദുഃഖ വെളളിയും ദുഃഖ ശനിയും ഈസ്റ്ററുമെല്ലാമായി അറിയപ്പെട്ടു തുടങ്ങിയത്.

ഈസ്റ്റര്‍ മുട്ടയാണ് ഉയിര്‍പ്പ് തിരുനാളിന്റെ പ്രതീകമായി മാറുന്നത്. പ്രതീക്ഷയുടെയും പുതുജീവിതത്തിന്റെയും പ്രതീകമാണ് ഈസ്റ്റര്‍ മുട്ടകള്‍. പുരാതന മെസപ്പെട്ടോമിയയില്‍ നിന്നാണ് ഈസ്റ്റര്‍ മുട്ടയുടെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. പീന്നീട് ഈസ്റ്റര്‍ മുട്ടകളുടെ പാരമ്പര്യം പാശ്ചാത്യ രാജ്യങ്ങളിലേക്കും വ്യാപിച്ചു.

പല നിറത്തില്‍ ചായങ്ങള്‍ പൂശിയ കോഴി മുട്ടകള്‍ ഈസ്റ്ററിനു കൈമാറിയാണ് സന്തോഷം പങ്കുവച്ചിരുന്നത്. പല ഡിസൈനിലും ആകർഷകമായ രീതിയില്‍ ഈസ്റ്റര്‍ മുട്ടകള്‍ ഇറങ്ങിയിരുന്നു. ഇന്ന് നിറങ്ങള്‍ പൂശിയ കടലാസു പൊതികള്‍ക്കുളളില്‍ ചോക്ലേറ്റ് മുട്ടയുടെ രൂപത്തിലാക്കിയാണ് പലയിടങ്ങളിലും നല്‍കുന്നത്. ഇങ്ങനെ ചോക്ലേറ്റ് മുട്ടകള്‍ നല്‍കാനായി പല വര്‍ണങ്ങളിലുളള പ്ലാസ്റ്റിക് മുട്ടകളും ഇറങ്ങുന്നുണ്ട്.

വിദേശ രാജ്യങ്ങളില്‍ ചായം പൂശിയ മുട്ടകളാണെങ്കില്‍ നമ്മുടെ നാട്ടില്‍ മിക്ക ദേവാലങ്ങളിലും ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ക്കു ശേഷം കോഴി മുട്ട പുഴുങ്ങിയാണ് നല്‍കുന്നത്.

ഈസ്റ്റര്‍ മുട്ടകള്‍ കൊണ്ടുവരുന്ന മുയലുകളെയാണ് ഈസ്റ്റര്‍ ബണ്ണി എന്നു വിശേഷിപ്പിക്കുന്നത്. അമേരിക്കയിലാണ് കുട്ടികളെ കളിപ്പിക്കാനായി ഈസ്റ്റര്‍ ബണ്ണിയെന്ന പേരില്‍ ഒരു സാങ്കല്പിക കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. നിറമുളള മുട്ടകള്‍ കൈയ്യിലേന്തി കുട്ടികള്‍ക്ക് സമ്മാനം നല്‍കാനാണ് ഈസ്റ്റര്‍ ബണ്ണി അഥവാ ഈസ്റ്റര്‍ മുയല്‍ എത്തുന്നത്.

ഈസ്റ്ററിന്റെ പേരില്‍ ഒരു ദ്വീപ് തന്നെയുണ്ട്. പസഫിക് സമുദ്രത്തിന്റെ ഒരു അറ്റത്തായാണ് ഈസ്റ്റര്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 1888ല്‍ ചിലിയുമായി ചേര്‍ന്ന ഈ ദ്വീപ് റാപ ന്യൂയ് എന്ന പ്രത്യേക ഭൂപ്രദേശമായാണ് അറിയപ്പെടുന്നത്. ഈ ദ്വീപിലെത്തിയ ആദ്യ യൂറോപ്യന്‍ സഞ്ചാരിയായ ജാക്കബ് റോജിവീന്‍ എന്നയാളാണ് ഈ ദ്വീപിന് ഈസ്റ്റര്‍ ദ്വീപ് എന്ന പേര് നല്‍കിയത്. 1772ലെ ഒരു ഈസ്റ്റര്‍ ഞായറാഴ്ചയായിരുന്നു ജാക്കബ് ദ്വീപില്‍ എത്തിയത്.

തീയതി നിശ്ചയിക്കുന്നത്
ഓരോ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ്. ദുഃഖ വെളളിയും ഈസ്റ്ററും വിശുദ്ധ വാരവും ആചരിക്കുന്നത്. ഈസ്റ്റര്‍ എന്നു ആചരിക്കണം എന്നതു സംബന്ധിച്ച പല തീരുമാനങ്ങളും തര്‍ക്കങ്ങളും പണ്ടു കാലങ്ങളില്‍ ഉണ്ടായിരുന്നു. ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് തീയതി നിശ്ചയിക്കാമെന്നും അതല്ല ഏപ്രില്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയ്ക്കു ശേഷം വരുന്ന ഞായറാഴ്ചയാക്കാം എന്നെല്ലാം തര്‍ക്കങ്ങള്‍ ഉണ്ടായി.

യഹൂദരുടെ ഹീബ്രു കലണ്ടറിലെ നീസാന്‍ മാസം 14ന് ശേഷം വരുന്ന ഞായറാഴ്ച ഉയിര്‍പ്പു തിരുനാള്‍ ആചരിക്കണമെന്ന് സുനഹദോസില്‍ തീരുമാനമായി. ക്രിസ്തുവിന്റെ മരണം നീസാന്‍ 14ന് ആയിരുന്നു എന്ന വിശ്വാസമാണ് ഈ തീരുമാനത്തിന്റെ അടിസ്ഥാനം. എന്നാല്‍ ജൂലിയന്‍ കലണ്ടര്‍ അടിസ്ഥാനപ്പെടുത്തി ആരാധനാവര്‍ഷം നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകളില്‍ കലണ്ടറുകള്‍ തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസം മൂലം ഈസ്റ്റര്‍ ദിവസം ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമാണ് കണക്കു കൂട്ടുന്നത്