Home ആരോഗ്യം കോവിഡ് വരുമെന്ന ഭീതിയിലാണോ?; ഇത് കൂടുതല്‍ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍

കോവിഡ് വരുമെന്ന ഭീതിയിലാണോ?; ഇത് കൂടുതല്‍ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ ഒന്നാം തരംഗത്തേക്കാള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പിടിച്ചു കുലുക്കിയത് രണ്ടാം തരംഗമാണ്. മരണസംഖ്യ ഉയര്‍ന്നതോടെ ജനങ്ങളുടെ ആധിയും പിരിമുറുക്കവും വര്‍ധിച്ചു. കോവിഡ് വരുമോ എന്ന ഭീതിയിലാണ് ഓരോരുത്തരും. എന്നാല്‍ ഭയവും പിരിമുറുക്കവും വര്‍ധിക്കുന്നത് കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

പിരിമുറുക്കവും ആശങ്കയും രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ ഇടയാക്കും. രക്തത്തില്‍ അണുബാധയ്ക്ക് വരെ കാരണമാകാം. ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് വരെ ഇത് കാരണമാകാമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡ് ബാധിച്ച് നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ചിലര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിലര്‍ക്ക് രോഗമുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. മറ്റു ചിലര്‍ വീട്ടില്‍ തന്നെ രോഗമുക്തി നേടുന്നുമുണ്ട്. ഒരു പരിധി വരെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയതാണ് നിരവധിപ്പേര്‍ക്ക് കോവിഡില്‍ നിന്ന് രക്ഷാകവചമായതെന്നാണ്് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോവിഡിനെ കുറിച്ചുള്ള ആശങ്കയും പിരിമുറുക്കവും ഒഴിവാക്കി ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടത്.

കോവിഡ് വ്യാപനത്തെ തടയാന്‍ ഏറ്റവും നല്ല മാര്‍ഗം വീട്ടില്‍ തന്നെ കഴിയുക എന്നതാണ്. എല്ലാവരും മുന്നോട്ടുവെയ്ക്കുന്ന പ്രധാന നിര്‍ദേശവും ഇതാണ്. ശരീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കണം. ഉറക്കം ഒരു പ്രധാന ഘടകമാണ്. നന്നായി ഉറങ്ങണം. ഉറക്കം ശരീരത്തിന്റെ രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. നന്നായി ഉറങ്ങുന്നവര്‍ക്ക് കോവിഡിനെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ സി, സിങ്കും, സെലേനിയവും അടങ്ങിയത്, വൈറ്റമിന്‍ ഡി മരുന്നുകള്‍ കഴിക്കുക. ഭക്ഷണത്തിലൂടെ ഇവ ലഭിക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഈ മരുന്നുകള്‍ കഴിക്കാന്‍ ശ്രമിക്കണം.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. മുട്ട, കോഴിയിറച്ചി, മത്സ്യം, ഗ്രീന്‍പീസ്, ധാന്യം, പയറുവര്‍ഗങ്ങള്‍, പരിപ്പ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

ആവി പിടിക്കുന്നതും ഈ ഘട്ടത്തില്‍ നല്ലതാണ്. നെഞ്ചിലെ കഫത്തിന്റെ കട്ടി കുറയ്ക്കാന്‍ ഇത് സഹായിക്കും. മൂക്കിലെയും സൈനസിലെയും ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ഇത് സഹായകമാകും. ഒരു കക്ഷണം അയമോദകം, മഞ്ഞള്‍പൊടി, യൂക്കാലിപിറ്റ്സ് ഓയില്‍ എന്നിവ ചേര്‍ത്ത് ആവി പിടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.കഫത്തിന്റെ പ്രശ്നമുണ്ടെങ്കില്‍ പാലുല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്.

ചെറിയ നടത്തവും യോഗയും പ്രാണയാമവും പതിവായി ചെയ്യുക. എപ്പോഴും എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടുക. മനസിനെ കാടുകയറി ചിന്തിക്കാന്‍ അനുവദിക്കരുത്. ഇത് പിരിമുറുക്കത്തിന് കാരണമാകും. ശരീരത്തിന് ക്ഷീണം തോന്നിയാല്‍ വിശ്രമിക്കാന്‍ മറക്കരുത്. നെഗറ്റീവ് വാര്‍ത്തകളുടെ പിന്നാലെ പോകാതെ, പോസിറ്റീവ് ന്യൂസുകള്‍ വായിക്കാന്‍ ശ്രമിക്കുക.