Home ആരോഗ്യം കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളം; പദ്ധതിയൊരുക്കി കെഎസ്ഡിപി

കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളം; പദ്ധതിയൊരുക്കി കെഎസ്ഡിപി

കോവിഡ് വാക്‌സിന്‍ സ്വന്തമായി ഉല്‍പാദിപ്പിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാനൊരുങ്ങി കേരളം. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെഎസ്ഡിപി) വാക്‌സിന്‍ ഉല്‍പാദനം സാധ്യമാകുമോ എന്ന് പരിശോധിക്കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇതിന്റെ വിശദമായ പ്ലാന്‍ കെഎസ്ഡിപി വ്യവസായ വകുപ്പിനു സമര്‍പ്പിച്ച് കഴിഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി അടുത്ത ദിവസം കെഎസ്ഡിപി സന്ദര്‍ശിച്ചതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ വിശദ പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കാനാണു ശ്രമം. സ്ഥലം, വെള്ളം, വൈദ്യുതി, ബോയ്ലറുകള്‍, ഫില്ലിങ് സ്റ്റേഷന്‍ തുടങ്ങി വാക്‌സീന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ കെഎസ്ഡിപിയില്‍ ലഭ്യമാണ്.

അതേസമയം, വിദേശത്ത് നിന്ന് ഉപകരണങ്ങള്‍ ഇറക്കാന്‍ നികുതി ഇളവു നല്‍കേണ്ടി വരും. വാക്‌സീന്‍ പ്ലാന്റിനായി ആവശ്യം വരുന്ന 400 കോടി രൂപയോളം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കണ്ടെത്തണ്ടതായിട്ടുണ്ട്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് സൗകര്യവും മൈനസ് 8 ഡിഗ്രിയില്‍ വാക്‌സിന്‍ കൊണ്ടുപോകാനുള്ള കണ്ടെയ്‌നറുകളും വാഹനസൗകര്യവുമാണ് ഇവിടെ പുതുതായി വേണ്ടത്. പേറ്റന്റ് ഉള്ള വാക്‌സിന്റെ ഫോര്‍മുല ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്.