വര്‍ധിച്ച് വരുന്ന അന്തരീക്ഷതാപനിലയോടൊപ്പം മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ് അമിതവിയര്‍പ്പ്. ശരീരത്തിലെ താപനില ഉയരുമ്പോള്‍ വിയര്‍ക്കുക എന്നത് സ്വഭാവികമായ പ്രക്രിയ ആണെങ്കിലും അത് അമിതമാകുന്നതാണ് കൂടുതല്‍ മിക്കവരിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ, ഭയം, ഹോര്‍മോണ്‍ വ്യതിയാനം എന്നിവ നിമിത്തവും അമിത വിയര്‍പ്പുണ്ടാകാം.
ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. ധാരാളം വെള്ളം കുടിക്കുകയും ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യുന്നതിലൂടെ വിയര്‍പ്പിലൂടെ ഉണ്ടാകുന്ന നിര്‍ജലീകരണം നിയന്ത്രിക്കാം.
അമിതവിയര്‍പ്പ് അലട്ടുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വസ്ത്രധാരണമാണ്. എപ്പോഴും കട്ടി കുറഞ്ഞതും സുഖകരവുമായ തുണിത്തരങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് വായു അവയിലൂടെ കടന്നുപോകാന്‍ അനുവദിക്കുകയും ചര്‍മ്മത്തെ ശ്വസിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന വസ്ത്രങ്ങളാണ് ഉത്തമം. പരമാവധി കോട്ടണ്‍, സില്‍ക്ക് എന്നിവ തിരഞ്ഞെടുക്കുക.
അമിതവിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ. ഇതില്‍ അടങ്ങിയ ലോറിക് ആസിഡ് വിയര്‍പ്പിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. രാത്രിയില്‍, കുളി കഴിഞ്ഞ്, വിയര്‍പ്പ് വരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ വെളിച്ചെണ്ണ പുരട്ടുക. ശേഷം 10 മിനുട്ട് മസാജ് ചെയ്യുക. അടുത്ത ദിവസം രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക.
ചായയില്‍ മഗ്‌നീഷ്യം, വൈറ്റമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട് ഇത് വിയര്‍പ്പ് ഗ്രന്ഥികളിലെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നു. വിയര്‍പ്പ് വരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ ടീബാഗ് കുറച്ച് നേരം വയ്ക്കുക. ഇത് വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കും.
ഉരുളക്കിഴങ്ങ് സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റാണെന്ന് മിക്കവര്‍ക്കും അറിയാം. ഉരുളക്കിഴങ്ങിന്റെ ജ്യൂസ് വിയര്‍പ്പ് വരാന്‍ സാധ്യതയുള്ള ഭാഗത്ത് 15 മിനുട്ട് പുരട്ടുക. ശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകി കളയണം. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്.