Home കൃഷി തെങ്ങിന്‍ പൊങ്ങില്‍ നിന്ന് ജ്യൂസ്, പ്രോട്ടീന്‍ പൗഡര്‍; പരീക്ഷണത്തിനൊരുങ്ങി നാളികേര വികസന ബോര്‍ഡ്

തെങ്ങിന്‍ പൊങ്ങില്‍ നിന്ന് ജ്യൂസ്, പ്രോട്ടീന്‍ പൗഡര്‍; പരീക്ഷണത്തിനൊരുങ്ങി നാളികേര വികസന ബോര്‍ഡ്

പുതിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുത്ത് നാളികേര വികസന ബോര്‍ഡ്. പുതിയ ഉത്പന്നങ്ങളുടെ പരീക്ഷണം ഡിസംബറോടെ ആരംഭിക്കും. തേങ്ങിന്‍ പൊങ്ങില്‍ നിന്നാണ് പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത്. തെങ്ങിന്‍ പൊങ്ങില്‍നിന്നുള്ള മിഠായി ഇതിനോടകം വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

പൊങ്ങില്‍ നിന്നുള്ള ജ്യൂസ്, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവയാണ് പുതിയതായി നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. തെങ്ങിന്‍ പൊങ്ങില്‍നിന്ന് മികച്ച വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനായാണ് ഇത്തരമൊരു നീക്കം. ബോര്‍ഡിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് പരീക്ഷണങ്ങള്‍ നടത്തിവരുന്നത്. പുതിയ ഉത്പന്ന സാമ്പിളുകളാണ് ആദ്യം വിപണിയില്‍ എത്തിക്കുക. പിന്നീട് ആവശ്യക്കാര്‍ക്ക് ടെക്‌നോളജി നല്‍കും. ഇതിനുള്ള പരിശീലനവും നല്‍കും. സംരംഭം ആരംഭിക്കാനുള്ള സബ്‌സിഡിയും ബോര്‍ഡ് തന്നെ നല്‍കുന്നുണ്ട്.

അടുക്കള വിഭാഗത്തിലേക്ക് ഇതിനോടകം പനീര്‍ നിര്‍മിച്ചിട്ടുണ്ട്. തേങ്ങാപ്പാല്‍, സോയ പാല്‍ എന്നിവ ചേര്‍ത്താണ് പനീര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിന്റെ ടെക്‌നോളജിയും തയ്യാറാണ്. കോവിഡ് കാലത്ത് നിരവധി പേര്‍ വിവിധ ഉത്പന്നങ്ങളുടെ ടെക്‌നോളജിക്കായി ബോര്‍ഡിനെ സമീപിക്കുന്നുണ്ട്. ഇതില്‍ ചോക്ലേറ്റ്, ചിപ്‌സ്, കുക്കീസ്, അച്ചാര്‍ തുടങ്ങിയവയുടെ ടെക്‌നോളജിക്കാണ് ആവശ്യക്കാര്‍ ഏറെയും.

അടുത്തു തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉപഭോക്താക്കള്‍ക്കായുള്ള പരിശീലനവും ആരംഭിക്കും. നാളികേരത്തില്‍ നിന്ന് വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇതിനോടകം വിപണിയില്‍ എത്തിച്ചിട്ടുണ്ട്.