Home വാണിജ്യം കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി; റെക്കോര്‍ഡ് വില്‍പ്പന

കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി; റെക്കോര്‍ഡ് വില്‍പ്പന

രാജ്യം കൊറോണ വൈറസ് ഭീതിയിലാണ്. എല്ലാ മേഖലയും സ്തംഭിച്ച അവസ്ഥയിലാണുള്ളത്. ഇതിനിടയിലും രാജ്യത്തെ സ്മാര്‍ട് ഫോണ്‍ വില്‍പന റെക്കോര്‍ഡിലെത്തി. ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പന ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. എന്നാല്‍ കോവിഡ്-19 അണുബാധയുടെ രണ്ടാം തരംഗം ലോകത്തെ രണ്ടാം നമ്പര്‍ സ്മാര്‍ട് ഫോണ്‍ വിപണിയെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2020ല്‍ മഹാമാരി പ്രതിസന്ധികളെ നേരിടാന്‍ ഇന്ത്യക്കാര്‍ കൂടുതല്‍ സ്മാര്‍ട് ഫോണുകള്‍ വാങ്ങി. ഫോണ്‍ വില്‍പന പ്രതിവര്‍ഷം 23 ശതമാനം വര്‍ധിച്ച് 38 ദശലക്ഷത്തിലധികം യൂണിറ്റുകളിലെത്തിയെന്നും വിപണിയില്‍ ഗവേഷണം നടത്തുന്ന കമ്പനിയായ കൗണ്ടര്‍പോയിന്റ് പറഞ്ഞു. എന്നാല്‍, നിലവിലുള്ള കോവിഡ് -19 തരംഗവും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും കാരണം വില്‍പന കുറയാന്‍ സാധ്യതയുണ്ടെന്നും കൗണ്ടര്‍പോയിന്റ് അനലിസ്റ്റ് പ്രാചിര്‍ സിങ് പറഞ്ഞു.

ഫോണ്‍ വില്‍പനയില്‍ 26 ശതമാനം വിപണി വിഹിതവുമായി ചൈനീസ് ബ്രാന്‍ഡ് ഷഓമി തന്നെയാണ് മുന്നില്‍. ദക്ഷിണ കൊറിയയുടെ സാംസങ് ആണ് തൊട്ടുപിന്നിലെന്നും കൗണ്ടര്‍പോയിന്റ് അറിയിച്ചു. മൊത്തത്തില്‍, ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയുടെ 75 ശതമാനവും സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, 2021ന്റെ ആദ്യ പാദത്തില്‍ ആപ്പിള്‍ ഐഫോണിന്റെ ഇന്ത്യയിലെ വില്‍പന മൂന്നിരട്ടിയാക്കി. പ്രീമിയം സ്മാര്‍ട് ഫോണ്‍ വിഭാഗത്തില്‍ മുന്നിലെത്തുകയും ചെയ്തു. ഐഫോണ്‍ 11 ന് ആവശ്യക്കാര്‍ കൂടിയതും ഐഫോണ്‍ എസ്ഇയുടെ ഇളവുകളുമാണ് ഇതിന് കാരണം. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ വിപണിയായ ആപ്പിള്‍ ഇന്ത്യയില്‍ ഒരു ദശലക്ഷത്തിലധികം ഐഫോണുകള്‍ വിറ്റുവെന്നും കൗണ്ടര്‍പോയിന്റ് കൂട്ടിച്ചേര്‍ത്തു.