Home ആരോഗ്യം ചൂടിനെ തടുക്കാൻ ഐസ്ക്രീമും ബിയറും വേണ്ട!

ചൂടിനെ തടുക്കാൻ ഐസ്ക്രീമും ബിയറും വേണ്ട!

ശരീരത്തിന് യോജിച്ച താപനില നിലനിർത്തുന്ന പ്രക്രിയയെക്കുറിച്ച് അറിഞ്ഞാലേ തണുത്ത പാനീയങ്ങൾ ശരീരത്തിൽ ചെയ്യുന്നതെന്തെന്ന് മനസ്സിലാകൂ. ഉഷ്ണരക്തജീവിയായ മനുഷ്യന് പരിസരത്തെ ചൂടിൽനിന്ന് വ്യത്യസ്തമായി സ്വന്തം ശരീരത്തിന്റെ താപനില നിയന്ത്രിക്കാൻ കഴിയുമെന്നതാണ് തെർമോ റെഗുലേഷന്റെ അടിസ്ഥാനം. പുറത്തു ചൂടുകൂടാത്ത സമയത്തും ശരീരത്തിൽ നടക്കുന്ന ചയാപചയ പ്രവർത്തനങ്ങളുടെ ഭാഗമായി ശരീരം ചൂട് ഉത്പാദിപ്പിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഭക്ഷണത്തിലെ പോഷകങ്ങൾ വിഘടിപ്പിച്ച് കോശങ്ങളിലേക്ക് ആഗിരണം ചെയ്യുന്ന സമയത്താണ് ചൂട് ഉണ്ടാകുന്നത്. തണുപ്പുള്ള വേളയിൽ ഇത് നമുക്ക് ആശ്വാസകരമാണ്. എന്നാൽ ചൂടുകാലത്ത് ഇത് കൂടുതൽ ചൂടുണ്ടാക്കുന്ന അവസ്ഥയിലേക്ക് നീങ്ങും. ഇവിടെയാണ് തണുപ്പിനായി ഐസ്ക്രീം കഴിക്കുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന് പരിശോധിക്കേണ്ടത്. താത്കാലികമായി തോന്നുന്ന തണുപ്പ് ഐസ്ക്രീമിലെ പോഷകങ്ങൾ ഊർജ്ജമായി മാറുന്ന പ്രക്രിയയിൽ ഇല്ലാതാകുന്നു. കൂടുതൽ കലോറിയുള്ള ഐസ്ക്രീം ദഹിക്കുമ്പോൾ യഥാർത്ഥത്തിൽ ശരീരത്തിൽ ചൂട് കൂടുകയാണ് ചെയ്യുന്നത്.

ഇനി തണുത്ത പാനീയങ്ങളുടെ കാര്യമെടുക്കാം. ഇവിടെയും പാനീയങ്ങളുടെ കലോറിയനുസരിച്ചായിരിക്കും താത്കാലികമായ തണുപ്പ് അതുണ്ടാക്കുന്ന ചൂടിനെ അതിജീവിക്കുമോ എന്നകാര്യം നിശ്ചയിക്കുക. കൂടിയ കലോറിയുള്ളവ ചൂടു കൂട്ടുമെന്ന് ചുരുക്കം. കുറഞ്ഞ അളവിൽ വയറിലെത്തുന്ന പാനീയത്തിന്റെ തണുപ്പ് പെട്ടെന്ന് തന്നെ ശരീരത്തിലെ ചൂട് കൊണ്ട് നഷ്ടപ്പെടും.

ശരീരത്തിലെ താപനിയന്ത്രണം പുനർജലീകരണ പ്രക്രിയയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ചൂട് കൂടുമ്പോൾ അത് പ്രധാന അവയവങ്ങളെ ബാധിക്കാതിരിക്കാൻ ശരീരം ശ്രദ്ധിക്കും. ത്വക്ക് വഴിയാണ് അധികതാപം കളയുന്നത്. വിയർക്കുന്നത് ഇതിനുവേണ്ടിയാണ്. ശരീരതാപനില ഉയരുന്നുവെന്ന് മസ്തിഷ്കം തിരിച്ചറിയുമ്പോഴാണ് വിയർക്കാനുള്ള നിർദ്ദേശം കൊടുക്കുന്നത്. ശരീരത്തിലാകമാനുള്ള വിയർപ്പുഗ്രന്ഥികൾ ഈ നിർദ്ദേശം പ്രാവർത്തികമാക്കുന്നു. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽനിന്ന് ചൂടുകാലത്ത് അര ലിറ്റർമുതൽ ഒരു ലിറ്റർവരെ ജലം വിയർത്തുപോകുന്നുണ്ട്. ഇതുകൊണ്ടാണ് ശരീര താപനില നിയന്ത്രിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നത്.

ചൂടുകുറയ്ക്കാൻ തണുത്ത ബിയർ കുടിക്കുന്നവരുണ്ട്. എന്നാൽ അത് അശാസ്ത്രീയമാണ്. ബിയർ കൂടുതൽ മൂത്രംപോകാൻ കാരണമാകും. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കുന്നു. ചുരുക്കത്തിൽ ചൂട് കൂടാൻ കാരണമാകുന്നു.

ഉഷ്ണം ഉഷ്ണേന ശാന്തി എന്നൊരു ചൊല്ലുണ്ട്. ഇത് കുറേയൊക്കെ ശാസ്ത്രീയമാണ്. കാരണം, വായയിൽ ചൂടുള്ള പാനീയം എത്തുമ്പോൾ മസ്തിഷ്കം ചൂട് കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഇത് വിയർപ്പുണ്ടാക്കുകയും അതുവഴി ശരീരം തണുക്കുകയും ചെയ്യും.