ടെന്നിസ് എൽബോ അഥവാ കൈമുട്ട് വേദന എന്ന രോഗം കൂടുതലായും ടെന്നീസ് കളിക്കാരിലാണ് കണ്ടുവരുന്നത് എന്നതിനാലാണ് ഈ രോഗത്തിന് ടെന്നീസ് എൽബോ എന്ന പേര് വന്നത്.സ്പോർട്സ് ഇൻജുറി വിഭാഗത്തിലാണ് ടെന്നിസ് എൽബോ ഉൾപ്പെടുന്നതെങ്കിലും കായിക താരങ്ങൾക്കു മാത്രം വരുന്ന ആരോഗ്യപ്രശ്നമല്ല ഇത്. കൈകൾകൊണ്ട് നിരന്തരം ആയാസപ്പെട്ട ജോലി ചെയ്യുന്ന ആർക്കും ടെന്നിസ് എൽബോ ഉണ്ടാകാം. കൈകൾ ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ജോലി ചെയ്യുന്നതുവഴിയും രോഗം വരാം.
എന്താണ് ടെന്നീസ് എൽബോ രോഗം?
കൈമുട്ടുകളെ കൈത്തണ്ടകളുമായി ബന്ധിപ്പിക്കുന്നത് ടെൻഡണുകൾ എന്നറിയപ്പെടുന്ന നേർത്ത ചരടു കൊണ്ടാണ്. ഇവയ്ക്ക് ക്ഷതമേൽക്കുമ്പോഴുണ്ടാകുന്ന ശക്തമായ വേദനയാണ് ഇത്. കൈമുട്ടുകളിലെ പേശികളിൽ വരുന്ന നീർക്കെട്ടും ടെന്നീസ് എൽബോക്ക് കാരണമാകാം. ഫിസിയോതെറാപ്പി പോലുള്ള ചികിത്സകൾ കൊണ്ട് വേദന തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ശസ്ത്രക്രിയയാണ് പ്രതിവിധി.
ലക്ഷണങ്ങൾ
കൈ ഉപയോഗിച്ച് ജോലികൾ ചെയ്യുമ്പോൾ കൈമുട്ടിൽ അനുഭവപ്പെടുന്ന വേദനയാണ് ടെന്നീസ് എൽബോ രോഗത്തിന്റെ പ്രാഥമിക ലക്ഷണം. പ്രധാനമായും കായികതാരങ്ങൾ, പ്ലംബിംഗ്, പെയിന്റിംഗ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ, കാർപെന്റർമാർ, ഇലക്ട്രീഷന്മാർ, വീട്ടമ്മമാർ എന്നിവരിലാണ് ഈ പ്രശ്നം പ്രധാനമായും കണ്ടുവരുന്നത്. ഭാരം എടുക്കുമ്പോഴും ചലിപ്പിക്കുമ്പോഴും ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ പോലും വേദന അനുഭവപ്പെട്ടേക്കാം.
കൈമുട്ടിനു വേദന തുടങ്ങി ക്രമേണ കൈകളുടെ പുറംഭാഗത്തേക്കുള്ള പേശികളിലേക്ക് വേദന പടർന്ന് കൈക്കുഴവരെ എത്തുന്നു. അസുഖം മൂർച്ഛിക്കുന്നതിനനുസരിച്ച് ചെറിയ സാധനങ്ങൾ വിരൽകൊണ്ടു എടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു. കൈമുട്ടുഭാഗം മൃദുവാകുകയും കൈമുട്ടിൽ നിന്ന് കൈപ്പത്തിയിലേക്ക് തരിപ്പ് അല്ലെങ്കിൽ മരവിപ്പ് വ്യാപിക്കുന്നതും രോഗത്തിന്റെ ലക്ഷണമാണ്.