Home അറിവ് പോസ്റ്റ് ഓഫിസില്‍ നിക്ഷേപമുള്ളവരാണോ?; എങ്കില്‍ ഇക്കാര്യങ്ങള്‍ ഉടന്‍ ചെയ്യണം

പോസ്റ്റ് ഓഫിസില്‍ നിക്ഷേപമുള്ളവരാണോ?; എങ്കില്‍ ഇക്കാര്യങ്ങള്‍ ഉടന്‍ ചെയ്യണം

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപമുള്ളവര്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍ പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുമായോ ബാങ്ക് അക്കൗണ്ടുമായോ ഉടന്‍ ബന്ധിപ്പിക്കണം. പ്രസ്തുത നിക്ഷേപങ്ങളുടെ പലിശ ഏപ്രില്‍ ഒന്നാം തീയതി മുതല്‍ അതാത് സേവിങ്‌സ് അക്കൗണ്ടുകളിലാകും ക്രെഡിറ്റ് ആവുക. ഇതുവരെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പലിശ പണമായി കൈപ്പറ്റാമായിരുന്നു.

ഏപ്രില്‍ ഒന്ന് മുതല്‍ ഇക്കാര്യത്തില്‍ മാറ്റം വരികയാണ്. മന്ത്ലി ഇന്‍കം സ്‌ക്കീം, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, ടേം ഡെപ്പോസിറ്റ് എന്നീ പദ്ധതികള്‍ക്കും ഈ നിബന്ധന ബാധകമാണ്.

പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുള്ളവര്‍ പ്രസ്തുത പാസ് ബുക്കും ടൈം ഡെപ്പോസിറ്റിന്റെ പാസ് ബുക്കുമായി പോസ്റ്റ് ഓഫീസില്‍ ചെന്ന് ഫോം നമ്പര്‍ SB – 83 പൂരിപ്പിച്ചു നല്‍കിയാല്‍ മതി. ബാങ്ക് അക്കൗണ്ടുമായി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബന്ധിപ്പിക്കുന്നതിന് ഫോം ECS – 1 പൂരിപ്പിച്ചു നല്‍കണം. ഒപ്പം കാന്‍സല്‍ ചെയ്ത ചെക്കോ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പിയോ ടൈം ഡെപ്പോസിറ്റ് പാസ്ബുക്കിനോടൊപ്പം സമര്‍പ്പിക്കണം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാളും ആദായം നല്‍കുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വര്‍ഷ കാലാവധികളില്‍ നിക്ഷേപിക്കാം. പത്ത് വയസിനു മുകളിലുള്ള ആര്‍ക്കും നിക്ഷേപം തുടങ്ങാം.

വാര്‍ഷികാടിസ്ഥാനത്തിലാണ് പലിശ വിതരണം. ഏറ്റവും ചുരുങ്ങിയത് 1000 മുതല്‍ പരമാവധി എത്ര വേണമെങ്കിലും നിക്ഷേപം നടത്താം. വര്‍ഷത്തിലെ ആദ്യ മൂന്നു പാദങ്ങളില്‍ 5.5 % വീതവും നാലാം പാദത്തില്‍ 6.7% വുമാണ് പലിശ ഇപ്പോള്‍.