Home അറിവ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; ഹോം ഡെലിവറി നടത്തുന്നവരും മത്സ്യവില്‍പ്പനക്കാരുമുള്‍പ്പെടെ 32 വിഭാഗങ്ങള്‍ക്ക് മുന്‍ഗണന

18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; ഹോം ഡെലിവറി നടത്തുന്നവരും മത്സ്യവില്‍പ്പനക്കാരുമുള്‍പ്പെടെ 32 വിഭാഗങ്ങള്‍ക്ക് മുന്‍ഗണന

18 വയസിന് മുകളിലുള്ളവര്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാകും. 18നും 45നും ഇടയില്‍ പ്രായമായവര്‍ക്കുള്ള വാക്‌സിനേഷനില്‍ മുന്‍ഗണനാപട്ടിക തയാറായി. 32 വിഭാഗങ്ങളാണ് മുന്‍ഗണനാ പട്ടികയിലുള്ളത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, പത്രവിതരണക്കാര്‍, ഭിന്നശേഷിക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെഎസ്ഇബി ഫീല്‍ഡ് സ്റ്റാഫ്, വാട്ടര്‍ അതോറിറ്റി ഫീല്‍ഡ് സ്റ്റാഫ് എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

കൂടാതെ റെയില്‍വേ ടിടിഇമാര്‍, ഡ്രൈവര്‍മാര്‍, വിമാനത്താവള ജീവനക്കാര്‍, ഗ്രൗണ്ട് സ്റ്റാഫ്, മത്സ്യവില്‍പ്പനക്കാര്‍, പച്ചക്കറി വില്‍പ്പനക്കാര്‍, ഹോം ഡെലിവറി നടത്തുന്നവര്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന തല യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിഭാഗങ്ങള്‍ക്കു പുറമേയുള്ള മുന്‍ഗണനാ പട്ടിക തയ്യറാക്കിയത്.

അതേസമയം, കോവിഡ് രോഗമുക്തി നേടി മൂന്നു മാസത്തിന് ശേഷം വാക്സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ചശേഷം കോവിഡ് ബാധിച്ചവരും രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷം വാക്സീന്‍ സ്വീകരിച്ചാല്‍ മതിയെന്നും കേന്ദ്രം വ്യക്തമാക്കി.