Home അറിവ് അടുത്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തില്‍ ഇനിയും മഴ കനക്കും

അടുത്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തില്‍ ഇനിയും മഴ കനക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ചുഴലി രൂപമെടുക്കുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ 22-ാം തീയതിയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം 25-ാം തീയതിയോടെ യാസ് എന്ന പേരിലുള്ള ചുഴലിക്കാറ്റായി വീശിയടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

ന്യൂനമര്‍ദസാധ്യത നേരത്തെ തന്നെ പ്രവചിച്ചിരുന്നെങ്കിലും അതു ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കാലാവസ്ഥാവകുപ്പ് ഇന്നാണ് പുറത്തുവിട്ടത്. ബംഗാള്‍ ഉള്‍ക്കടലിലെ താപനില 1 മുതല്‍ 2 ഡിഗ്രി വരെ വര്‍ധിച്ചതാണ് ചുഴലിക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ സഞ്ചാരപഥത്തില്‍ സാധാരണ കേരളം ഉള്‍പ്പെടാറില്ല. പക്ഷേ, ചുഴലിക്കാറ്റുകളുടെ സ്വാധീനഫലമായി കേരളത്തില്‍ മഴയും കാറ്റുമൊക്കെ ഉണ്ടാകാറുണ്ട്. ഇത്തവണയും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിന്റെ ചുവടു പിടിച്ച് കാലവര്‍ഷവും നേരത്തെ എത്തിയേക്കാം.

വേനല്‍ക്കാലത്തും (മാര്‍ച്ച് -മേയ് ), തുലാവര്‍ഷക്കാലത്തും (ഒക്ടോബര്‍ -ഡിസംബര്‍ ) ആണ് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റുകള്‍ കൂടുതലും രൂപമെടുക്കാറുള്ളത്. കഴിഞ്ഞ 130 വര്‍ഷത്തിനിടെ ഇതുവരെ 91 ചുഴലിക്കാറ്റുകള്‍ ഉണ്ടായത് മേയ് മാസത്തിലാണ്. ഇതില്‍ 63 എണ്ണം ബംഗാള്‍ ഉള്‍ക്കടലിലും 28 എണ്ണം അറബിക്കടലിലുമാണ്.

കഴിഞ്ഞ 30 വര്‍ഷത്തെ (1990-2020) മേയ് മാസങ്ങളിലെ കണക്കു പ്രകാരം അറബിക്കടലിലും ബംഗാള്‍ ഉല്‍ക്കടലിലുമായി ആകെ 22 ചുഴലിക്കാറ്റുകളാണ് ഉണ്ടായത്. ഇതില്‍ 14 എണ്ണം ബംഗാള്‍ ഉല്‍ക്കടലിലും 8 എണ്ണം അറബിക്കടലിലുമായിരുന്നു.

കഴിഞ്ഞ വര്‍ഷം മേയ് 16 മുതല്‍ 21 വരെയാണ് അംഫാന്‍ സൂപ്പര്‍ ചുഴലി വീശിയത്. മണിക്കൂറില്‍ 222 കിലോമീറ്ററിനു മുകളില്‍ വരെ അംഫന്‍ വേഗമാര്‍ജിച്ചു. അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റിനു പിന്നാലെയാണ് ഇത്തവണ യാസിന്റെ വരവ്.