Home അറിവ് 25 കോടി ഡോസ് കോവിഷീല്‍ഡ്, 19 കോടി ഡോസ് കോവാക്‌സിന്‍; സൗജന്യ വാക്‌സിനേഷന് ഓര്‍ഡര്‍ നല്‍കി

25 കോടി ഡോസ് കോവിഷീല്‍ഡ്, 19 കോടി ഡോസ് കോവാക്‌സിന്‍; സൗജന്യ വാക്‌സിനേഷന് ഓര്‍ഡര്‍ നല്‍കി

രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് കമ്പനികളില്‍ നിന്നാണ് വാക്‌സിന്‍ വാങ്ങിന്നത്. 44 കോടി ഡോസ് വാക്‌സിനാണ് സര്‍ക്കാര്‍ പുതിയതായി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 25 കോടി ഡോസ് കോവിഷീല്‍ഡിനും ഭാരത് ബയോടെകില്‍ നിന്ന് 19 കോടി ഡോസ് കോവാക്‌സിനും ഓര്‍ഡര്‍ നല്‍കിയെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ വ്യക്തമാക്കി. രണ്ട് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും കേന്ദ്രം ഇതിനോടകം നല്‍കിയ ഓര്‍ഡറുകള്‍ക്ക് പുറമേയാണിത്.

ഘട്ടം ഘട്ടമായി 2021 ഡിസംബറിനുള്ളില്‍ 44 കോടി ഡോസും ലഭ്യമാകും. പുതിയ ഓര്‍ഡറിനായി സിറം ഇന്‍ന്‍സ്റ്റിറ്റിയൂട്ടിനും ഭാരത് ബയോടെകിനും 30 ശതമാനം തുക അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്നും വികെ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കോവാക്‌സിനും കോവിഷീല്‍ഡിനും പുറമേ ബയോളജിക്കല്‍ ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്‌സിനും കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത് സെപ്തംബറോടെ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.