Home ആരോഗ്യം ലോക്ഡൗണില്‍ മാനസിക സമ്മര്‍ദ്ദത്തിലാകുന്ന കുട്ടികള്‍: സഹായിക്കേണ്ടതിങ്ങനെ!!!

ലോക്ഡൗണില്‍ മാനസിക സമ്മര്‍ദ്ദത്തിലാകുന്ന കുട്ടികള്‍: സഹായിക്കേണ്ടതിങ്ങനെ!!!

കോവിഡ് 19 ലോകത്തെ ഒന്നാകെ മാനസികമായും സാമ്പത്തികമായും പിടിച്ച് കുലുക്കിയിരിക്കുകയാണ്. എന്നാല്‍ തങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കഷ്ടപ്പെടുന്നവരാണ് കുട്ടികള്‍. സ്‌കൂള്‍ അടച്ചതും പുറത്തുപോകാന്‍ സാധിക്കാത്തതും കുട്ടികളെയും വല്ലാതെ പ്രശ്‌നത്തിലാക്കുന്നുണ്ട്. കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ഗൗരവായി കാണേണ്ട വിഷയമാണ്.

ഓണ്‍ലൈന്‍ പഠനവും പുറത്തേക്കിറങ്ങാന്‍ കഴിയാത്ത സാഹചര്യവുമെല്ലാം അവര്‍ക്ക് തീര്‍ത്തും പുതിയ അനുഭവങ്ങളാണ്. വീട്ടിലെയും പുറത്തെയും സാഹചര്യങ്ങള്‍ മാറുന്നത് തീര്‍ച്ചയായും കുട്ടികളെയും ബാധിക്കും. ഈ സമയത്ത് കുട്ടികളിലെ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം.

നിങ്ങളുടെ ദിനചര്യയില്‍ കഴിയുന്നിടത്തോളം ഉറച്ചുനില്‍ക്കുക

ചെറിയ കുട്ടികളില്‍ ഈ സമയത്ത് വാശിയും ദേഷ്യവും കൂടാന്‍ സാധ്യതയുണ്ട്. ഭക്ഷണത്തെയും ഉറക്കത്തെയും പറ്റിയുള്ള വഴക്കുകള്‍ ഒരുപക്ഷെ ഇപ്പോള്‍ കുട്ടികളില്‍ കൂടുതലാകുന്നത് ശ്രദ്ധിച്ചുകാണും,

ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാലുവയസ് വരെയുള്ള കുട്ടികള്‍ ചെയ്‌തെന്ന് വരാം. കൂടാതെ സാധാരണയില്‍ കവിഞ്ഞ ഭയവും ഉത്കണ്ഠയും വാശിയും വഴക്കുമെല്ലാം സൂചിപ്പിക്കുന്നത് അവര്‍ മാനസിക സമ്മര്‍ദ്ദത്തിലാണ് എന്നാണ്.

കുറച്ച് സമയത്തേക്ക് കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കുക. പ്രായത്തിന് ഉചിതമായ ഇത്തരം വിശദീകരണത്തോടെ, കോവിഡ് കാലത്തിന് അനുയോജ്യമായ ഒരു ദിനചര്യ വീട്ടില്‍ തുടങ്ങിവെക്കുന്നതായിക്കും നല്ലത്.

കഴിയുന്നത്ര സമയം കുട്ടികളുമായി ചിലവഴിക്കാന്‍ ശ്രദ്ധിക്കുക

ഏഴു വയസിനും പത്ത് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നമ്മുടെ നിലവിലെ സ്ഥിതി എത്രത്തോളം സങ്കീര്‍ണ്ണമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ പ്രായത്തിലാണ് കുട്ടികള്‍ മറ്റ് ആളുകളുടെ വികാരങ്ങള്‍ പരിഗണിക്കാനുള്ള കഴിവ് വികസിപ്പിക്കുന്നത്. ഇത് അവരുടെ ഉത്കണ്ഠ വര്‍ധിപ്പിക്കാന്‍ കാരണമാകും.

കൊറോണ വൈറസ് എന്താണ്, അത് എങ്ങനെ പടരുന്നു, രോഗം വരാതിരിക്കാന്‍ എന്തെല്ലാം ചെയ്യണം എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് പ്രായത്തിന് അനുയോജ്യമായ രീതിയില്‍ അച്ഛനമ്മമാര്‍ തന്നെ പറഞ്ഞു കൊടുക്കണം.

കൊറോണ വൈറസിനെക്കുറിച്ച് എന്താണ് കേട്ടതെന്ന് ചോദിച്ച് നിങ്ങളുടെ കുട്ടിയുമായി ഇതിനെ കുറിച്ച് സംസാരിച്ചു തുടങ്ങാം. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കിടയില്‍ പ്രചരിച്ച അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും കേട്ട് നിങ്ങള്‍ ചിലപ്പോള്‍ ആശ്ചര്യപ്പെട്ടേക്കാം. അതുകൊണ്ട് അത്തരം തെറ്റിദ്ധാരണകള്‍ മാറ്റുന്നതാണ് നല്ലത്.

അതേസമയം, മാതാപിതാക്കളുടെ ബുദ്ധിമുട്ടുകള്‍ കുട്ടികളുടെമേല്‍ കാണിക്കുകയോ അവരുടെ ഉത്കണ്ഠയെ നിസാരവല്‍ക്കരിക്കുകയോ ചെയ്യരുത്. കൂടുതല്‍ സമയം അവരുമായി ചിലവഴിക്കുന്നത് കുട്ടികളില്‍ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും ഉണ്ടാക്കും. കൂടാതെ അവരുടെ പേടികളെപ്പറ്റി കുട്ടികള്‍ തുറന്നു സംസാരിക്കുകയും ചെയ്യും.

കുട്ടികള്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത് വളരെ പ്രധാനമാണ്. അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത് അത്യന്താപേക്ഷിതമാണ്. കുട്ടികളെ വീട്ടുമുറ്റത്തും വീടിനകത്തുമെല്ലാം കളിയ്ക്കാന്‍ പ്രോത്സാഹിപ്പിക്കണം. മാതാപിതാക്കള്‍ക്ക് അവരോടൊപ്പം ഈ കളികളില്‍ പങ്കുചേരാവുന്നതായുമാണ്. സമ്മര്‍ദകരമായ ഈ സാഹചര്യത്തിലും അവര്‍ക്ക് നല്ല അനുഭവങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും.

കുറച്ചുകൂടി മുതിര്‍ന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനവും പുത്തന്‍ പരീക്ഷാരീതികളുമെല്ലാം കൂടിച്ചേര്‍ന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കും. സ്‌കൂള്‍ സമയത്തിന് അനുസരിച്ച് അവരുടെയും ദിനചര്യ ക്രമീകരിക്കാന്‍ ശ്രമിക്കണം. എന്നാല്‍ ഇത്രയും സമയം പഠിക്കണം എന്ന് നിര്‍ബന്ധിക്കുന്നത് നല്ലതല്ല. അവരുടെ പഠിക്കാനുള്ള ശ്രമങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യുക.

കൗമാരക്കാര്‍ക്ക് അവരുടെ സുഹൃദ്വലയങ്ങള്‍ വളരെ പ്രധാനമാണ്. അവര്‍ക്ക് കൂട്ടുകാര്‍ എന്നാല്‍ വിനോദവും സാമൂഹിക ഇടപെടലും മാത്രമല്ല, ശക്തമായ വൈകാരിക പിന്തുണയും കൂടിയാണ്. ഈ സമയത്ത് ഏറ്റവും ഒറ്റപ്പെടല്‍ അനുഭവിക്കുന്നത് കൗമാരക്കാരായിരിക്കും.

അതേസമയം, നിങ്ങളുടെ കുട്ടികള്‍ കൂടുതല്‍ ഉത്കണ്ഠയും വിഷാദവും പ്രകടിപ്പിക്കുകയാണെങ്കില്‍ വിദഗ്ദ്ദസഹായം തേടുക. ഇപ്പോള്‍ ഓണ്‍ലൈന്‍ ആയിട്ടുതന്നെ സൈക്കോളജിസ്റ്റുമാരുടെ സേവനം ലഭ്യമാണ്.