Home ആരോഗ്യം മാനസിക സമ്മര്‍ദ്ദം വിട്ടൊഴിയുന്നില്ലേ; നിസാരമാക്കരുത്, വരാനിരിക്കുന്നത് വലിയ വിപത്ത്

മാനസിക സമ്മര്‍ദ്ദം വിട്ടൊഴിയുന്നില്ലേ; നിസാരമാക്കരുത്, വരാനിരിക്കുന്നത് വലിയ വിപത്ത്

മിക്കവരും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താറില്ല. ഇന്ന് മാനസികപ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം ആഗോളതലത്തില്‍ തന്നെ കൂടുതലാണ്. ഇന്ത്യയിലും ഇത് വര്‍ധിച്ചുവരികയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മത്സരാധിഷ്ടിതമായ ജീവിതത്തിന്റെ ഭാഗമായി ഇപ്പോള്‍ മാനസികസമ്മര്‍ദ്ദങ്ങള്‍ നേരിടാത്തവര്‍ കുറവാണെന്ന് തന്നെ പറയാം. പഠിക്കുന്നവരാണെങ്കില്‍ അത് സംബന്ധമായും, ജോലി ചെയ്യുന്നവരാണെങ്കില്‍ അവിടെ നിന്നും, കുടുംബകാര്യങ്ങള്‍ നോക്കുന്നവരാണെങ്കില്‍ വീട്ടകങ്ങളില്‍ നിന്നും ‘സ്ട്രെസ്’ അഥവാ സമ്മര്‍ദ്ദമുണ്ടായേക്കാം.

മാനസിക സമ്മര്‍ദ്ദമെന്നത് തീര്‍ച്ചയായും മാനസിക രോഗമായി കണക്കാക്കുന്ന ഒന്നല്ല. എന്നാല്‍ പലവിധത്തിലുള്ള മാനസിക- ശാരീരിക പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാവുന്നൊരു ഘടകമാണ് ‘സ്ട്രെസ്’.

‘സ്ട്രെസ്’ പതിവായി നേരിട്ടുകഴിഞ്ഞാല്‍ വണ്ണം എളുപ്പത്തില്‍ കൂടിയേക്കാം. പിന്നീട് ഇത് നിയന്ത്രിക്കാന്‍ കഴിയാതെ പോവുകയും തടി ഉറച്ചുപോവുകയും ചെയ്തേക്കാം. അങ്ങനെ വന്നാല്‍ പിന്നീട് ഡയറ്റിലൂടെയോ വര്‍ക്കൗട്ടിലൂടെയോ വണ്ണം കുറയ്ക്കാന്‍ വലിയ തോതില്‍ തന്നെ പ്രയാസം നേരിടാം.

സ്ട്രസ് മൂലം വണ്ണം കൂടുന്നത് തടയാന്‍ ചിലത് ശ്രദ്ധിക്കാം. ദിവസവും പേശികള്‍ നല്ലരീതിയില്‍ ചലിപ്പിക്കണം. ഇതിന് ഉതകുന്ന വ്യായാമങ്ങള്‍ ചെയ്യാം. ഇതിലൂടെ ഒരേസമയം സമ്മര്‍ദ്ദം കുറയ്ക്കാനുമാകും, കൂട്ടത്തില്‍ വണ്ണം കൂടുന്നത് തടയാനുമാകും.

‘സ്ട്രെസ്’ നേരിടുന്നവര്‍ ഇതിനെ അതിജീവിക്കാന്‍ വേണ്ടി ധാരാളം ഭക്ഷണം കഴിക്കാറുണ്ട്. ഇത്തരത്തിലും അമിതവണ്ണം വരാം. അതിനാല്‍ ‘സ്ട്രെസ്’ ഉള്ളവര്‍ ഒന്നിച്ച് ഒരുപാട് ഭക്ഷണം കഴിക്കാതെ, ഭക്ഷണം ഓരോ നേരം കഴിക്കുന്നതിന്റെയും അളവ് കുറയ്ക്കാം. അതുപോലെ നല്ലരീതിയില്‍ പഴങ്ങളും പച്ചക്കറികളും എല്ലാം ഡയറ്റിലുള്‍പ്പെടുത്തുകയും ചെയ്യാം.

‘സ്ട്രെസ്’ ഉള്ളവര്‍ ഈ സമയങ്ങളില്‍ ‘സ്ട്രിക്ട്’ ആയ ഡയറ്റിംഗിലേക്ക് പോകാതിരിക്കുക. ഡയറ്റ് കൃത്യമാക്കാനുള്ള ആധിയില്‍ വീണ്ടും ‘സ്ട്രെസ് ഹോര്‍മോണ്‍’ ആയ ‘കോര്‍ട്ടിസോള്‍’ വര്‍ധിക്കാനും അതുവഴി മാനസിക സമ്മര്‍ദ്ദം കൂടാനും കാരണമാകാം.

പരമാവധി സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനുള്ള ഉപാധികള്‍ തേടുക. സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യുക, ഇഷ്ടമുള്ള സംഗീതം- സിനിമ എന്നിവയെല്ലാം ആസ്വദിക്കുക. യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ അത് ചെയ്തുനോക്കുക.