Home ആരോഗ്യം ആരോഗ്യത്തോടെ ഉറങ്ങാം; ഏറ്റവും മികച്ച മൂന്ന് രീതികള്‍

ആരോഗ്യത്തോടെ ഉറങ്ങാം; ഏറ്റവും മികച്ച മൂന്ന് രീതികള്‍

ന്നായി ഉറങ്ങിയാലേ ജീവിതത്തില്‍ മറ്റ് കാര്യങ്ങളും ഉഷാറാകു. ഉറക്കം കൃത്യമായില്ലെങ്കില്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പല രീതിയിലാണ് ബാധിക്കുക. ഹൃദ്രോഗം, ഉയര്‍ന്ന ബിപി, രോഗ പ്രതിരോധശക്തി കുറയുക, ലൈംഗികാരോഗ്യം കുറയുക, തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുക തുടങ്ങി നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരും.

ഉറക്കം കൃത്യമാകാതിരിക്കുന്നതിന് പിന്നിലും പല കാരണങ്ങളുണ്ടാകാം. ഡയറ്റ് പ്രശ്നം മുതല്‍ മാനസിക സമ്മര്‍ദ്ദം വരെയുള്ള കാര്യങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കാം. ഇതിനൊപ്പം തന്നെ ഉറങ്ങുന്ന രീതിയും ഉറക്കത്തിന്റെ ഗുണമേന്മയെ സ്വാധീനിക്കുന്നുണ്ട്.

ഓരോരുത്തര്‍ക്കും ഉറങ്ങാന്‍ ഓരോ രീതികളാണ്. എങ്കിലും ചില രീതികള്‍ ഉറക്കത്തെയും അതുപോലെ തന്നെ ശരീരത്തെയും മോശമായി ബാധിക്കാം. ചില രീതികളാകള്‍ ആരോഗ്യത്തെ ഗുണകരമായ രീതിയിലും സ്വാധീനിക്കും. അത്തരത്തില്‍ സാധാരണഗതിയില്‍ അധികപേരും ഉറങ്ങുന്ന മൂന്ന് രീതികളും അവ ആരോഗ്യത്തെ എത്തരത്തിലാണ് സ്വാധീനിക്കുകയെന്നും നോക്കാം.

കമഴ്ന്ന് കിടന്നുള്ള ഉറക്കം. ഇതില്‍ വയറിന്റെ ഭാഗം അമര്‍ന്നാണിരിക്കുക. നിരവധി പേര്‍ ഇത്തരത്തില്‍ ഉറങ്ങാറുണ്ട്. കൂര്‍ക്കംവലി കുറയ്ക്കാനും, ഉറക്കക്കുറവ് നേരിടുന്നവര്‍ക്കുമെല്ലാം ഈ കിടപ്പുരീതി ഒരു പരിധി വരെ സഹായകമാണ്. എന്നാല്‍ ഇത് ക്രമേണ കഴുത്തുവേദന, നടുവേദന എന്നീ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അടിവയറ്റിന് താഴെയായി ചെറിയ തലയിണ വയ്ക്കുന്നത് ഈ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

മലര്‍ന്ന് കിടന്നുറങ്ങുന്നവര്‍ പൊതുവില്‍ കുറവാണ്. ഇങ്ങനെ കിടക്കുന്നത് കൊണ്ട് പലവിധത്തിലുള്ള ഗുണങ്ങളുമുണ്ട്. ശരീരത്തിന്റെ ആകെ ഘടനയ്ക്കും നടുവിനും സന്ധികള്‍ക്കും പേശികള്‍ക്കുമെല്ലാം ഈ കിടപ്പുരീതി ഗുണകരമാണ്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഉറക്കമില്ലായ്മ നേരിടുന്നവര്‍, നടുവേദന, കൂര്‍ക്കംവലി എന്നീ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കെല്ലാം ഇങ്ങനെ കിടന്നുറങ്ങുന്നത് ഗുണകരമാണ്. മുട്ടുവേദന, ഇടുപ്പുവേദന എന്നിവ കുറയ്ക്കാനും ഈ രീതി നല്ലതാണ്.

കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ഘടനയില്‍ ഉറങ്ങാന്‍ കിടക്കുന്നവരുമുണ്ട്. ഇത് സാധാരണഗതിയില്‍ കുട്ടികള്‍, പ്രായമായവര്‍ എന്നീ വിഭാഗങ്ങളുടെ രീതിയാണ്. ഇത് നടുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന കിടപ്പുരീതിയാണ്. അതുപോലെ ഗര്‍ഭിണികള്‍ക്കും ഗുണമകരമാകുന്ന രീതിയാണ്. കൂര്‍ക്കംവലി കുറയ്ക്കാനും ഈ രീതി സഹായിച്ചേക്കാം. എന്നാല്‍ ഇങ്ങനെ കിടക്കുമ്പോഴും അത് ശരിയായ രീതിയിലല്ല എങ്കില്‍ ശരീരവേദനയും ശ്വസനപ്രശ്നങ്ങളും നേരിടാം.