Home പ്രവാസം സ്‌പോണ്‍സര്‍മാരില്ലാതെ അഞ്ച് തരം വിസകള്‍; ആകര്‍ഷക ഓഫറുകളുമായി യുഎഇ

സ്‌പോണ്‍സര്‍മാരില്ലാതെ അഞ്ച് തരം വിസകള്‍; ആകര്‍ഷക ഓഫറുകളുമായി യുഎഇ

സ്‌പോണ്‍സര്‍മാരില്ലാതെ 5 തരം വീസകള്‍ ആണ് യുഎഇ പ്രഖ്യാപിച്ചത്. ഇതോടെ നിക്ഷേപകരും സാങ്കേതിക വിദഗ്ധരുമടക്കം ഒട്ടേറെ പേര്‍ യുഎഇയിലേക്ക് പോവുകയാണ്. 1, 2, 3, 5, 10 വര്‍ഷം കാലാവധിയുള്ള വീസകള്‍ ലളിതവും സുതാര്യവുമായ നടപടിക്രമങ്ങളിലൂടെ നേടാനാകും. വിദ്യാര്‍ഥികള്‍, വിശ്രമജീവിതം നയിക്കാന്‍ എത്തുന്നവര്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ക്കും ഇതു ഉപകാരപ്പെടും.

നിക്ഷേപകര്‍ക്കും മറ്റുമാണ് 10, 5 വര്‍ഷ വീസകള്‍ നല്‍കുക. ഒരു കോടി ദിര്‍ഹത്തില്‍ കുറയാതെ നിക്ഷേപിക്കാന്‍ കഴിയുന്ന സംരംഭകര്‍ക്കാണ് 10 വര്‍ഷ വീസയ്ക്ക് അവസരം. ശാസ്ത്രജ്ഞര്‍, വിദഗ്ധ ഡോക്ടര്‍മാര്‍, കലാ-സാംസ്‌കാരിക പ്രതിഭകള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 10 വര്‍ഷത്തെ വീസ ലഭിക്കും.

ഗോള്‍ഡന്‍ വീസക്കാരുടെ വീട്ടുജോലിക്കാര്‍ക്കും വ്യവസ്ഥകളോടെ വീസ നല്‍കും. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, വ്യവസായികള്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കുള്ളതാണ് 5 വര്‍ഷത്തെ വീസ. ഇവ പുതുക്കാം. വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശനത്തിനെത്തുന്ന ആരോഗ്യ വിദഗ്ധര്‍ക്കും മറ്റു ഗുണകരമാണ് 1-3 വര്‍ഷത്തെ വീസ.

വിശ്രമജീവിതം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന 2-5 വര്‍ഷ വീസയ്ക്കും അപേക്ഷിക്കുന്നവരേറെ. 55 വയസ്സ മുതലുള്ള താമസ വീസക്കാര്‍ക്കും മറ്റു വിദേശികള്‍ക്കും പങ്കാളിക്കൊപ്പം അപേക്ഷിക്കാം. ആദ്യം ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണം.

അപേക്ഷകന് 20 ലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുവകകളോ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ ഉണ്ടാകണം. ചുരുങ്ങിയത് 20,000 ദിര്‍ഹം മാസ വരുമാനമുണ്ടെങ്കിലും അപേക്ഷിക്കാം.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 3 വര്‍ഷത്തേക്ക് 20 ലക്ഷം ദിര്‍ഹത്തിന്റെ സ്ഥിര നിക്ഷേപമുള്ളവര്‍ക്കും വീസ കിട്ടുമെങ്കിലും സ്വന്തം പേരിലായിരിക്കണം.

വിവരങ്ങള്‍ക്ക് ഫോണ്‍: 600522222 ( അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ), 8005111 (ദുബായ്), 0097143139999 (രാജ്യത്തിനു പുറത്തു നിന്നു വിളിക്കേണ്ടവര്‍).