Home Uncategorized ഡ്രോണ്‍ പറത്തി പഠിക്കാന്‍ അവസരം; 18നും 60നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം

ഡ്രോണ്‍ പറത്തി പഠിക്കാന്‍ അവസരം; 18നും 60നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം

ഡ്രോണ്‍ പൈലറ്റിങ് ലൈസന്‍സ് ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അംഗീകാരത്തോടെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഡ്രോണ്‍ പറത്തല്‍ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. ഓഗസ്റ്റ് 15നകം കോഴ്‌സ് ആരംഭിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ചില അനുമതികള്‍ കൂടി കിട്ടിയാല്‍ ഓഗസ്റ്റ് 15ന് അകം കോഴ്‌സ് ആരംഭിക്കാനാകുമെന്ന് ചെന്നൈ അണ്ണാ സര്‍വകലാശാല എയ്‌റോ സ്പേസ് റിസര്‍ച് സെന്റര്‍ പ്രഫസറും ഡയറക്ടറുമായ ഡോ. കെ. സെന്തില്‍കുമാര്‍ അറിയിച്ചു.

അണ്ണാ സര്‍വകലാശാലയ്ക്കു കീഴിലെ സ്വയംഭരണ കോളജാണ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. 12 ദിവസം മാത്രമുള്ള തീവ്ര പരിശീലന പദ്ധതിയില്‍ പ്രാക്ടിക്കലിനായിരിക്കും ഊന്നല്‍. 18 – 60 പ്രായക്കാര്‍ക്കു പങ്കെടുക്കാം.

ഡ്രോണ്‍ ഉപയോഗത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥകളില്‍ ഊന്നിയായിരിക്കും സിലബസ്. ഡിജിസിഎ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരിക്കും എംഐടി. ഫൊട്ടോഗ്രഫര്‍മാരുടെ ക്ലബ്ഹൗസ് കൂട്ടായ്മയായ വിഷ്വല്‍ വോയ്‌സ് ചര്‍ച്ചയിലാണ് ഡോ. സെന്തില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍നിന്ന് (www.annauniv.edu) അറിയാനാകും.