Home ആരോഗ്യം ഗര്‍ഭകാല പ്രമേഹം; ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഗര്‍ഭകാല പ്രമേഹം; ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

ര്‍ഭകാലത്ത് മാത്രം രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കൂടി വരുന്ന ഒരു അവസ്ഥയുണ്ട്. അതാണ് ഗര്‍ഭകാല പ്രമേഹം (Gestational Diabetes). ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് ഇത്. ഒരു സ്ത്രീ ഗര്‍ഭിണിയായിക്കഴിഞ്ഞ് ഏകദേശം 24 ആഴ്ചയ്ക്കു ശേഷമാണ് പ്രമേഹം പെതുവെ പ്രകടമാകുക.

ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ആഹാരരീതി, കൃത്യമായ വ്യായാമം, എന്നിവ ഗര്‍ഭകാല പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.
കുഞ്ഞിന്റെയും അമ്മയുടെയും വളര്‍ച്ചയ്ക്കു സഹായകമായ പോഷകപ്രദമായ ആഹാരമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

പ്രഭാതഭക്ഷണം സമ്പൂര്‍ണമാകണം. സമീകൃതാഹാരം കൃത്യമായ ഇടവേളകളില്‍ കഴിക്കണം. ചെറിയ ഇടവേളകളെടുത്ത് അഞ്ചാറു തവണകളായി ഭക്ഷണം കഴിക്കാം. ഇങ്ങനെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാതെയും അധികം താഴ്ന്നു പോകാതെയും സഹായിക്കും.

നാരുകള്‍ ധാരാളമടങ്ങിയ റാഗി, തിന, തൊലിയുള്ള ഗോതമ്പ്, തവിട് കളയാത്ത അരി, ക്യുനോവ, ഓട്‌സ്, നവധാന്യക്കൂട്ട് തുടങ്ങിയ മുഴുധാന്യങ്ങള്‍ ഉപയോഗിക്കാം. ഓട്‌സ് പ്രമേഹരോഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇതിലെ അലിയുന്ന നാരായ ബീറ്റഗ്ലൂക്കന്‍ ഭക്ഷണം കഴിച്ചതിനു ശേഷം ഗ്ലൂക്കോസ് രക്തത്തില്‍ കലരുന്നത് സാവധാനത്തിലാക്കുന്നു. ഉപ്പുമാവ്, ദേശ, ഇഡ്‌ലി തുടങ്ങിയ രൂപത്തില്‍ ഓട്‌സ് ഉപയോഗിക്കുന്നതാണ് കാച്ചി കുടിക്കുന്നതിനെക്കാള്‍ നല്ലത്.

ഉഴുന്ന്, കടല, മുതിര, ചെറുപയര്‍, വന്‍പയര്‍ തുടങ്ങി നാരുകള്‍ ധാരളമടങ്ങിയ പയറുവര്‍ഗങ്ങള്‍ ഗര്‍ഭിണികള്‍ക്ക് ആവശ്യമായ മാംസ്യം പ്രദാനം ചെയ്യും. ചീര, മുരിങ്ങയില, ഉലുവയില, പാലക്, അഗത്തി തുടങ്ങിയ ഇലവര്‍ഗങ്ങള്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കിഴങ്ങുവര്‍ഗങ്ങളില്‍ അന്നജം കൂടുതലായതിനാല്‍ ഉപയോഗം കുറയ്ക്കുന്നതാണു നല്ലത്.

കൊഴുപ്പ് കൂടിയ ചുവന്ന ഇറച്ചിക്കു പകരം മത്സ്യം, മുട്ട, കോഴിയിറച്ചി, കൊഴുപ്പ് നീക്കിയ പാല്‍ എന്നിവ ഉള്‍പ്പെടുത്താം. മുളപ്പിച്ച പയറു വര്‍ഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കണം. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങളായ ആപ്പിള്‍, പേരയ്ക്ക, മുസമ്പി, ഓറഞ്ച്, കിവി, ഞാവല്‍പഴം, പിയര്‍ എന്നിവ മിതമായി ഉള്‍പ്പെടുത്താം.

എണ്ണ, തേങ്ങ, ഉപ്പ് എന്നിവയുടെ ഉപയോഗം മിതപ്പെടുത്തുന്നതാണ് നല്ലത്. ദാഹം കൂടുതലാകാമെന്നതിനാല്‍ ജീരകവെള്ളം, മല്ലിവെള്ളം, ഉലുവ വെള്ളം, മോര് എന്നിവ കുടിക്കാം. വാഴക്കൂമ്പ്, വാഴപ്പിണ്ടി, കോവയ്ക്ക, നെല്ലിക്ക, മുരിങ്ങക്ക എന്നിവ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഫ്‌ളാക്‌സ് സീഡില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായുണ്ട്. അതിനാല്‍ ദിവസേന ഒരു ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് സാലഡിലോ മറ്റു ഭക്ഷണങ്ങളിലോ ഇട്ടു കഴിക്കാം.