Home വാണിജ്യം ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതില്‍ പുതിയ തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതില്‍ പുതിയ തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്

ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുമ്പോള്‍ പുതിയ തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. യുപിഐ പ്ലാറ്റ്‌ഫോമില്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നവര്‍ സൈബര്‍ തട്ടിപ്പുകാരുടെ വലയില്‍ വീഴുന്ന സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു.

കൊച്ചിയില്‍ ഇത്തരത്തിലുള്ള നിരവധി സൈബര്‍ തട്ടിപ്പ് കേസുകള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയവരാണ് കൂടുതലായും തട്ടിപ്പിന് ഇരയായത്. വ്യാപാരികളും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരും കൂടുതലായി സൈബര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ആദ്യം വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചശേഷമാണ് തട്ടിപ്പ്. ഉല്‍പ്പന്നങ്ങളെ കുറിച്ചും മറ്റും ചോദിച്ച് വിശ്വാസ്യത ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു.

ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ആദ്യം മൊബൈല്‍ നമ്പര്‍ ചോദിക്കും. യുപിഐ വഴി പണം കൈമാറാമെന്ന് പറഞ്ഞാണ് മൊബൈല്‍ നമ്പര്‍ ചോദിക്കുന്നത്. തുടര്‍ന്ന് പണം കൈമാറാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ച് ക്യൂആര്‍ കോഡ് അയക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയക്കാന്‍ ആവശ്യപ്പെട്ടാണ് ഇത് ചെയ്യുന്നത്. ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്യുന്ന മുറയ്ക്ക് പണം അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെടുന്ന തരത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് കൊച്ചി സൈബര്‍ സെല്‍ വ്യക്തമാക്കുന്നു.

റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തുന്ന കാക്കനാട് സ്വദേശിയും സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കൊച്ചിയിലേക്ക് സ്ഥലംമാറ്റമായെന്നും ഒരു അപ്പാര്‍ട്ട്‌മെന്റ് തരപ്പെടുത്തി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനെ സമീപിച്ചത്. യുപിഐ വഴി മുന്‍കൂര്‍ പണം നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.

ഇടപാടിന്റെ ഭാഗമെന്ന നിലയില്‍ മൊബൈല്‍ നമ്പര്‍ ചോദിച്ചു. കൂടാതെ ഓണ്‍ലൈന്‍ ഇടപാടിനായി ബാങ്ക് വിശദാംശങ്ങളും ചോദിച്ചു. പിന്നീട് പണം കൈമാറാന്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയക്കാന്‍ നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി ക്യൂആര്‍ കോഡ് അയച്ചു കൊടുത്തു. കണക്ടിവിറ്റി പ്രശ്‌നം കാരണം ഇത് സാധ്യമായില്ല. തുടര്‍ന്ന് സംശയം തോന്നിയ റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

പണം സ്വീകരിക്കാന്‍ ക്യൂആര്‍ കോഡോ പാസ് വേര്‍ഡോ ആവശ്യമില്ല എന്ന കാര്യം ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. പണം കൈമാറാന്‍ മാത്രമാണ് ക്യൂആര്‍ കോഡിന്റെ ആവശ്യമെന്നും പൊലീസ് പറഞ്ഞു.