Home അറിവ് കാലവര്‍ഷം അവസാന പാദത്തിലേക്ക് കടക്കുന്നു; സംസ്ഥാനത്ത് പെയ്തത് 22 ശതമാനം കുറവ് മഴ

കാലവര്‍ഷം അവസാന പാദത്തിലേക്ക് കടക്കുന്നു; സംസ്ഥാനത്ത് പെയ്തത് 22 ശതമാനം കുറവ് മഴ

കാലവര്‍ഷം അവസാന പാദത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്ത് മഴ ദുര്‍ബലമായി തുടരുന്നു. മൂന്ന് മാസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ 22 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ 1789.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 1402 മില്ലിമീറ്റര്‍ മാത്രമാണ് പെയ്തത്.

ഓഗസ്റ്റില്‍ സാധാരണയായി 426.7 മി.മീ. മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ രണ്ടുശതമാനം കുറവ് രേഖപ്പെടുത്തി 416.1 മി.മീ. മഴയാണ് പെയ്തത്. കഴിഞ്ഞ നാലുവര്‍ഷങ്ങളിലും ഓഗസ്റ്റില്‍ അധികം മഴ ലഭിച്ചിരുന്നു. 2020-ല്‍ 35, 2019-ല്‍ 123, 2018-ല്‍ 96, 2017-ല്‍ 10 ശതമാനം കൂടുതല്‍ മഴയാണ് ലഭിച്ചത്. ജൂലായില്‍ 20, ജൂണില്‍ 36 ശതമാനംവീതം കുറവ് മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

കാലവര്‍ഷം തുടങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിക്കാത്തതാണ് മഴ കുറയാനുള്ള പ്രധാന കാരണം. എട്ട് ന്യൂനമര്‍ദങ്ങള്‍ ഈ കാലവര്‍ഷ സീസണില്‍ ഇതുവരെ രൂപപ്പെട്ടെങ്കിലും ഒരെണ്ണം പോലും കാര്യമായി ശക്തി പ്രാപിച്ചില്ല. കാലവര്‍ഷത്തെ സ്വാധീനിക്കുന്ന ആഗോള കാലാവസ്ഥ പ്രതിഭാസമായ എം.ജെ.ഒ. (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) ഇത്തവണ ദുര്‍ബലമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്ര പ്രതിഭാസമായ ഐ.ഒ.ഡി. (ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍) ദുര്‍ബലമായതും മഴ കുറയാന്‍ കാരണമായി.

ഇത്തവണ കോട്ടയം ജില്ലയില്‍ ശരാശരിയെക്കാള്‍ ഒന്‍പത് ശതമാനം അധികമഴ ലഭിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ ശരാശരി മഴ ലഭിച്ചു. ജില്ലകളില്‍ ഏറ്റവും കൂടുതല്‍ മഴ കാസര്‍കോട്ടാണെങ്കിലും (2009.9 മി.മീ.) സാധാരണ ലഭിക്കേണ്ട (2699.6 മി.മീ.) മഴയെക്കാള്‍ 21 ശതമാനം കുറവാണിത്. 37 ശതമാനം കുറവ് മഴ ലഭിച്ച വയനാടാണ് ഏറ്റവും പിന്നില്‍.