Home അറിവ് ഓഫിസുകള്‍ കയറിയിറങ്ങേണ്ട; 150 പഞ്ചായത്തുകളില്‍ കൂടി ഐഎല്‍ജിഎംഎസ് സോഫ്റ്റ്‌വെയര്‍ സംവിധാനം വരുന്നു

ഓഫിസുകള്‍ കയറിയിറങ്ങേണ്ട; 150 പഞ്ചായത്തുകളില്‍ കൂടി ഐഎല്‍ജിഎംഎസ് സോഫ്റ്റ്‌വെയര്‍ സംവിധാനം വരുന്നു

സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളില്‍ കൂടി ഐഎല്‍ജിഎംഎസ് സോഫ്റ്റ്വെയര്‍ വിന്യസിക്കുന്നു. ഓഫീസുകളിലേക്ക് പോകാതെ തന്നെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന സംവിധാനമാണിത്. ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതനമായ സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം അഥവാ ഐഎല്‍ജിഎംഎസ്.

ആദ്യഘട്ടത്തില്‍ കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വിന്യസിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വിന്യസിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്തുന്നതിനും സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനും പൊതു ജനങ്ങള്‍ക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളില്‍ കൂടി സേവനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നല്‍കാനുള്ള ഫീസുകള്‍ ഓണ്‍ലൈനില്‍ അടയ്ക്കുന്നതിനുമുള്ള സംവിധാനം ഐഎല്‍ജിഎംഎസിന്റെ തന്നെ ഭാഗമായുള്ള സിറ്റിസണ്‍ പോര്‍ട്ടലിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഐഎല്‍ജിഎംഎസ് അപ്ലിക്കേഷന്‍ വികസിപ്പിച്ചത്.

ഫ്രണ്ട് ഓഫീസില്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ അത് പരിശോധിച്ച് പൂര്‍ണമാണോ എന്നും അനുബന്ധ രേഖകളെല്ലാം ഉണ്ടോ എന്നും ഉറപ്പുവരുത്താനും സ്വീകരിക്കുന്ന അപേക്ഷ ഓണ്‍ലൈനായി തന്നെ പരിശോധിച്ച് സമയബന്ധിതമായി തീര്‍പ്പു കല്പിക്കാനും ഐഎല്‍ജിഎംഎസില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകളുടെ തല്‍സ്ഥിതി പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ ട്രാക്ക് ചെയ്യാനും സേവനം ഉറപ്പു വരുത്താനും സാധിക്കും.

കെട്ടിടത്തിന്റെ ഓണര്‍ഷിപ്പ്, ബിപിഎല്‍ ഉള്‍പ്പെടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍, വസ്തു നികുതി ഒഴിവിനുള്ള അപേക്ഷ, വിവരാവകാശ അപേക്ഷ, എന്നിങ്ങനെ ഈസ് ഓഫ് ഡൂയിങ് ഉറപ്പാക്കുന്ന, ലൈസന്‍സ് ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ മുതല്‍ വികസന- പദ്ധതി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു വരെയുള്ള സൗകര്യം ഐഎല്‍ജിഎംഎസിലും അതിന്റെ ഭാഗമായുള്ള സിറ്റിസണ്‍ പോര്‍ട്ടലിലും ലഭ്യമാണ്.

നിലവില്‍ ലഭിക്കുന്നത് 213 സേവനങ്ങളാണ്. അവയുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. 303 പഞ്ചായത്തുകളിലാണ് നിലവില്‍ ഐഎല്‍ജിഎംഎസ് സേവനം ലഭ്യമായിട്ടുള്ളത്. ഈ പഞ്ചായത്തുകളില്‍ https://erp.lsgkerala.gov.in/ എന്ന ലിങ്കിലൂടെയും ശേഷിക്കുന്ന 638 പഞ്ചായത്തുകളില്‍ മേല്‍പ്പറഞ്ഞ സേവനങ്ങള്‍ http://citizen.lsgkerala.gov.in/ എന്ന പോര്‍ട്ടലിലൂടെയും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
ഫോണ്‍നമ്പരും ഇമെയില്‍ ഐഡിയും ആധാര്‍ നമ്പരും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തതിന് ശേഷം പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉപയോഗിക്കാനാവുമെന്ന് മന്ത്രി അറിയിച്ചു.