Home ആരോഗ്യം ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രം ആശുപത്രികളില്‍ പരിശോധന; ഇനി സ്വകാര്യ ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് ഇല്ല

ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രം ആശുപത്രികളില്‍ പരിശോധന; ഇനി സ്വകാര്യ ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് ഇല്ല

സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനം. ആദ്യ ഡോസ് വാക്സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാലാണ് ഇത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാവും ഇനി ആന്റിജന്‍ പരിശോധന നടത്തുക. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

65 വയസിനു മുകളിലുള്ള വാക്സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സിന്‍ നല്‍കാന്‍ പ്രത്യേക ഡ്രൈവ് നടത്തും. വാക്സിന്‍ സ്വീകരിക്കാത്തവരിലാണ് മരണ നിരക്ക് കൂടുതലെന്നതിനാല്‍ പൊതു ബോധവത്കരണ നടപടികള്‍ ശക്തമാക്കും.

പ്രതിവാര രോഗ നിര്‍ണയ നിരക്ക് പത്ത് ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവില്‍ ഇത് എട്ട് ശതമാനമായിരുന്നു. ജില്ലകളില്‍ നിലവില്‍ നടത്തുന്ന സമ്പര്‍ക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതല്‍ നടത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ആര്‍ആര്‍ടികള്‍, അയല്‍പക്ക സമിതികള്‍ എന്നിവരെ ഉപയോഗിച്ച് സമ്പര്‍ക്ക വിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവര്‍ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം.