Home ആരോഗ്യം പുതിയ ഡെങ്കി കൂടുതല്‍ അപകടകാരി; വ്യാപനശേഷി കൂടുതല്‍

പുതിയ ഡെങ്കി കൂടുതല്‍ അപകടകാരി; വ്യാപനശേഷി കൂടുതല്‍

ഡെങ്കിപ്പനിയുടെ കൂടുതല്‍ അപകടകാരിയായ വകഭേദം കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളില്‍ പടരുന്നു. ഡെന്‍വ് 2 വൈറസ് വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിനു പുറമേ ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലാണു ഡെന്‍വ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് വ്യാപനം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന മന്ത്രാലയ ഉന്നതാധികാര സമിതി യോഗമാണു ഡെങ്കിപ്പനി ഉയര്‍ത്തുന്ന വെല്ലുവിളികളും വിലയിരുത്തിയത്. രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികള്‍ ഊര്‍ജിതമാക്കാനും ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കി.

എളുപ്പം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ കര്‍മസേനകള്‍ക്കു രൂപം നല്‍കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. രോഗവ്യാപനസാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമിടണം. രോഗ ലക്ഷണങ്ങളും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ചു ബോധവല്‍ക്കരണം നടത്തണം. രോഗബാധിതര്‍ക്ക് ആന്തരിക രക്തസ്രാവത്തിനു സാധ്യതയുള്ളതിനാല്‍ ആശുപത്രികളില്‍ സജ്ജീകരണങ്ങള്‍ ഉറപ്പാക്കണം.

പനി, തലവേദന, ഛര്‍ദി, ശരീരവേദന എന്നിവയാണു മറ്റു രോഗ ലക്ഷണങ്ങള്‍. രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കണം. ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ ലഭ്യമാക്കണം എന്നിവയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍.