Home ആരോഗ്യം ഗുരുതര മാനസികരോഗമുള്ളവര്‍ ശ്രദ്ധിക്കണം; ഹൃദ്രോഗസാധ്യത കൂടുതലെന്ന് പഠനം

ഗുരുതര മാനസികരോഗമുള്ളവര്‍ ശ്രദ്ധിക്കണം; ഹൃദ്രോഗസാധ്യത കൂടുതലെന്ന് പഠനം

മാനസികരോഗങ്ങള്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഗുരുതരമായ മാനസികരോഗങ്ങള്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു. ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ അല്ലെങ്കില്‍ സ്‌കീസോഅഫെക്റ്റീവ് ഡിസോര്‍ഡര്‍ എന്നിവയുള്ളവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.

‘ജേണല്‍ ഓഫ് ദി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യുഎസിലെ ഏകദേശം 600,000 മുതിര്‍ന്നവരില്‍ പഠനം നടത്തി. ‘ഗുരുതരമായ മാനസികരോഗം കണ്ടെത്തിയ ആളുകളില്‍ പലരും ഹൃദ്രോഗം മൂലമാണ് മരിക്കുന്നതെന്ന് മുന്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു…’- ?ഗവേഷണത്തിന് നേതൃത്വം നല്‍കിയ റെബേക്ക സി. റോസോം പറഞ്ഞു.

മിനസോട്ടയിലെ മിനിയാപൊളിസിലുള്ള ഹെല്‍ത്ത് പാര്‍ട്ണേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെന്റര്‍ ഫോര്‍ ക്രോണിക് കെയര്‍ ഇന്നൊവേഷനില്‍ ബിഹേവിയറല്‍ ഹെല്‍ത്തിലെ ഗവേഷകനാണ് ഇദ്ദേഹം. 2016 ജനുവരിക്കും 2018 സെപ്റ്റംബറിനും ഇടയില്‍ മിനസോട്ടയിലും വിസ്‌കോണ്‍സിനിലും ഒരു പ്രൈമറി കെയര്‍ ക്ലിനിക്ക് സന്ദര്‍ശിച്ച 18-75 വയസ് പ്രായമുള്ള ഏകദേശം 600,000 ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ ഈ വിശകലനം വിലയിരുത്തി.

ഏകദേശം 11,000 മുതിര്‍ന്നവര്‍ക്ക് ഗുരുതരമായ മാനസികരോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 70 ശതമാനം പേര്‍ക്ക് ബൈപോളാര്‍ ഡിസോര്‍ഡറും 18 ശതമാനം പേര്‍ക്ക് സ്‌കീസോഫെക്റ്റീവ് ഡിസോര്‍ഡറും 12 ശതമാനം പേര്‍ക്ക് സ്‌കീസോഫ്രീനിയയും ഉണ്ടെന്ന് കണ്ടെത്തി.

ഗുരുതരമായ മാനസിക രോഗങ്ങളുള്ളവരും അല്ലാത്തവരുമായ ആളുകള്‍ക്ക് മൊത്തത്തിലുള്ള ഹൃദ്രോഗ സാധ്യത താരതമ്യം ചെയ്യുന്നതിനായി രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര, ബോഡി മാസ് ഇന്‍ഡക്‌സ്, പുകവലി തുടങ്ങിയ ഹൃദയ സംബന്ധമായ അപകട ഘടകങ്ങളിലാണ് ഞങ്ങളുടെ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ?ഗവേഷകന്‍ പറയുന്നു.

ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ അല്ലെങ്കില്‍ സ്‌കീസോആഫെക്റ്റീവ് ഡിസോര്‍ഡര്‍ എന്നിവ രോഗനിര്‍ണ്ണയിച്ച മുതിര്‍ന്നവരുടെ ഒരു വലിയ സാമ്പിളില്‍ 30 വര്‍ഷത്തെ ഹൃദയ സംബന്ധമായ അപകടസാധ്യത പരിശോധിക്കുന്ന ആദ്യ പഠനമാണിതെന്ന് ഗവേഷകര്‍ പറയുന്നു.