Home വാണിജ്യം മൂന്നുമാസം റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്തും: ഭക്ഷ്യമന്ത്രി

മൂന്നുമാസം റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്തും: ഭക്ഷ്യമന്ത്രി

മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ എം വിന്‍സെന്റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 2019 ല്‍ തീരേണ്ട പദ്ധതി, കരാറുകാര്‍ പലകാരണങ്ങള്‍ പറഞ്ഞ് വലിച്ചിഴയ്ക്കുകയാണ്. സര്‍ക്കാര്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍, കരാറുകാര്‍ മുന്നോട്ടുവെച്ച കാര്യങ്ങളും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സഭയില്‍ വിശദീകരിച്ചു. പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് പദ്ധതിയുടെ ഒന്നാംഘട്ടം കമ്മീഷന്‍ ചെയ്യാനുള്ള തടസ്സമെന്നും മന്ത്രി പറഞ്ഞു. പാറ ക്ഷാമമാണ് പുലിമുട്ട് നിര്‍മ്മാണത്തിന് ഏറ്റവും വലിയ തടസ്സമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മന്ത്രി തലത്തില്‍ തമിഴ്‌നാടുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ലഭ്യമായിട്ടുള്ള പാറ ഇപ്പോള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥ തുടങ്ങി 17 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കരാറുകാരായ അദാനി പോര്‍ട്‌സ് 2023 വരെ സമയം നീട്ടിചോദിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതെല്ലാം ആര്‍ബിട്രേഷനു മുന്നില്‍ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.