Home വാണിജ്യം രാജ്യത്തെ ഏറ്റവും വിലയേറിയ സ്‌കൂട്ടർ അവതരിപ്പിച്ച് ബിഎംഡബ്ല്യൂ; 350 സിസി, 100 കിലോമീറ്ററിൽ എത്താൻ സെക്കൻഡുകൾ

രാജ്യത്തെ ഏറ്റവും വിലയേറിയ സ്‌കൂട്ടർ അവതരിപ്പിച്ച് ബിഎംഡബ്ല്യൂ; 350 സിസി, 100 കിലോമീറ്ററിൽ എത്താൻ സെക്കൻഡുകൾ

രാജ്യത്തെ ഏറ്റവും വിലയേറിയ സ്‌കൂട്ടർ അവതരിപ്പിച്ച് പ്രമുഖ വാഹനനിർമ്മാതാക്കളായ ബിഎംഡബ്ല്യൂ. സി 400 ജിടി എന്ന പേരിൽ പുറത്തിറക്കിയ സ്‌കൂട്ടറിന് 9.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായി ബിഎംഡബ്ല്യൂ ഗ്രൂപ്പ് ഇന്ത്യ അറിയിച്ചു. നഗരത്തിലെ വാഹനഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ വാഹനമാണിതെന്ന് ബിഎംഡബ്ല്യൂ ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാ വ്യക്തമാക്കി. 350 സിസി സ്‌കൂട്ടറിന് വാട്ടർ കൂൾഡ് സിംഗിൾ സിലിണ്ടറാണ് ഉള്ളത്. ഫോർ സ്‌ട്രോക്ക് സ്‌കൂട്ടറിന് 34 എച്ച്പി വരെ കരുത്തുണ്ട്. 7500 ആർപിഎമ്മും പരമാവധി 35 എൻഎം വരെയുള്ള ടോർക്യൂവും മറ്റ് സവിശേഷതകളാണ്. 9.5 സെക്കൻഡിനുള്ളിൽ നൂറ് കിലോമീറ്റർ വേഗതയിൽ എത്താൻ സാധിക്കും. 139 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നവിധമാണ് വാഹനത്തിന്റെ രൂപകൽപ്പന.

6.5 ഇഞ്ച് ഫുൾ കളർ ടിഎഫ്എടി സ്‌ക്രീനാണ് മറ്റൊരു പ്രത്യേകത. ഓട്ടോമാറ്റിക് സ്‌റ്റെബിലിറ്റി കൺട്രോൾ, സീറ്റ് സ്‌റ്റോറേജ് കംപാർട്ട്‌മെന്റ്, യുഎസ്ബി ചാർജിംഗ് സോക്കറ്റ് ഉൾപ്പെടെ മറ്റ് അനവധി സൗകര്യങ്ങളും സ്‌കൂട്ടറിൽ ക്രമീകരിച്ചിട്ടുണ്ട്. ആൽപ്പൈൻ വൈറ്റ്, സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക് എന്നി നിറങ്ങളിലാണ് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചത്