Home ആരോഗ്യം ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം; ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്

ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം; ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ നല്ലതാണ്. രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഉണക്കമുന്തിരിക്ക് കഴിയുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.

ഉണക്കമുന്തിരിയിലെ നാരുകള്‍ എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയില്‍ ബോറോണും അടങ്ങിയിട്ടുണ്ട്. ഈ ധാതു എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട അണുബാധകള്‍ക്കും വളരെ പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം അനാവശ്യമായ കൊഴുപ്പു പുറന്തള്ളും. ഇതു രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഉണക്കമുന്തിരിയില്‍ മറ്റ് ഉണങ്ങിയ പഴങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ ഉണ്ട്. ഉണക്കമുന്തിരിയിലെ കൂടുതല്‍ ശക്തമായ ആന്റിഓക്സിഡന്റുകളെ ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്ന് വിളിക്കുന്നു. ഈ സംയുക്തങ്ങള്‍ പ്രമേഹം, ഓസ്റ്റിയോപൊറോസിസ്, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ സാധ്യത കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഉണക്കമുന്തിരി ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടമാണ്. ഇത് നമ്മുടെ ദഹനത്തെ സഹായിക്കുകയും വയറിലെ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ നാരുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതുവഴി മലബന്ധപ്രശ്നങ്ങളുള്ളവര്‍ക്ക് ഇത് പരിഹാരം നല്‍കുന്ന ഒന്നാണ്.

മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. കുട്ടികളിലെ മലബന്ധം പരിഹരിക്കാനുള്ള ഉത്തമമായ വഴിയാണിത്. കുടല്‍ ആരോഗ്യം വയറിന്റെ ആരോഗ്യത്തിനു മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. ഇതിലെ ഫൈബറുകള്‍ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നു.

ഉണക്കമുന്തിരിയിലെ ചില ഫൈറ്റോ ന്യൂട്രിയന്റുകള്‍ ഒലിയാനോലിക്, ലിനോലെയിക് ആസിഡ് എന്നിവ വായില്‍ ഫലകം രൂപപ്പെടുന്ന ബാക്ടീരിയകളെ പരിമിതപ്പെടുത്തുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. ഈ ആന്റിഓക്സിഡന്റുകള്‍ ആരോഗ്യകരമായ ഓറല്‍ പിഎച്ച് നില നിലനിര്‍ത്താനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാനോ നിയന്ത്രിക്കാനോ ഉണക്കമുന്തിരി ആളുകളെ സഹായിക്കുമെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, അവയില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ അനാവശ്യമായ ശരീരഭാരം ഒഴിവാക്കാന്‍ അവ മിതമായ അളവില്‍ കഴിക്കണം.