Home അറിവ് കോവിഡ് മൂന്നാം തരംഗം കൂടുതല്‍ ബാധിച്ചത് ആരെ?; ഐസിഎംആര്‍ റിപ്പോര്‍ട്ട്

കോവിഡ് മൂന്നാം തരംഗം കൂടുതല്‍ ബാധിച്ചത് ആരെ?; ഐസിഎംആര്‍ റിപ്പോര്‍ട്ട്

മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് പ്രായം കുറഞ്ഞ ആളുകളെയാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സര്‍വേ. രാജ്യത്തെ 37 ആശുപത്രികളിലാണ് സര്‍വേ നടത്തിയത്. കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ അതിവേഗം കുറയുകയാണ്. എന്നിരുന്നാലും, ഈ തരംഗം രണ്ടാം തരംഗത്തില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു.

ശരാശരി 44 വയസ്സ് വരെയുള്ള ആളുകളെയാണ് മൂന്നാം തരംഗത്തില്‍ കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തരംഗങ്ങളില്‍ ശരാശരി 55 വയസ്സുള്ള രോഗബാധിതരെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളുകള്‍ക്ക് തൊണ്ടവേദനയല്ലാതെ കൊവിഡിന്റെ മറ്റ് ലക്ഷണങ്ങള്‍ കുറവാണെന്നും സര്‍വേയില്‍ പറയുന്നു. ഇക്കുറി വൈറസ് ബാധിക്കുന്നത് പ്രായം കുറഞ്ഞ ആളുകളെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഐസിഎംആര്‍ അറിയിച്ചു.

ചെറിയ പ്രായത്തില്‍ തന്നെ ചിലര്‍ക്ക് പ്രതിരോധ ശേഷി തീരെ കുറഞ്ഞ അളവിലാണ് പ്രകടമായതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. മൂന്നാം തരംഗത്തില്‍ സാധാരണ വൈറല്‍ പനിയുമായി എത്തുന്ന ആളുകളാണ് കൂടുതലായും രോബാധിതരാകുന്നത്. മണം, രുചി എന്നിവ നഷ്ടപ്പെടുന്നവര്‍ ചുരുക്കമാണ്.

നിലവില്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയര്‍ന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ അടുത്തിടെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വാക്സിന്‍ വിതരണം വളരെ പ്രയോജനകരമായെന്നും രണ്ടാം തരംഗത്തെ അപേക്ഷിച്ച് മരണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.