കോവിഡ് ചെറിയ തോതില്‍ വന്നുപോയവര്‍ക്കു പോലും ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ കൂടുതലെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. കോവിഡ് വന്ന് ആശുപത്രി വാസമോ മറ്റു ചികിത്സയോ ആവശ്യമില്ലാതെ രോഗം ഭേദമായവര്‍ക്കു പോലും ഹൃദയാഘാതത്തിനും ഹൃദയസംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ക്കും സാധ്യത കൂടുതലാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് ബാധിച്ചവരില്‍ പല തരത്തില്‍ ഹൃദയപ്രശ്നങ്ങള്‍ ദൃശ്യമാവുന്നുണ്ടെന്ന് അമേരിക്കയിലെ സെന്റ് ലൂയിസ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. ചെറിയ തോതില്‍ കോവിഡ് വന്നവര്‍ മുതല്‍ ആശുപത്രി ചികിത്സ ആവശ്യമായവര്‍ വരെയുള്ളവരില്‍ പല അളവിലാണ് ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. കോവിഡ് വന്ന ശേഷം ഒരു വര്‍ഷത്തോളം ഇവരില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്നങ്ങള്‍ പ്രകടമാവുമെന്നാണ് ഗവേഷകരുടെ പക്ഷം.
കോവിഡ് ബാധിച്ചു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ അതിജീവിച്ചവരില്‍ ഗുരുതരമായ പോസ്റ്റ് കോവിഡ് സാഹചര്യം ഉണ്ടാവില്ലെന്ന മുന്‍ നിഗമനത്തിനു വിരുദ്ധമാണ് പഠനത്തിലെ കണ്ടെത്തലുകള്‍. ലക്ഷണമില്ലാത്ത വിധം നേരിയ തോതില്‍ കോവിഡ് ബാധിച്ചവരില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ വൈദ്യശാസ്ത്രത്തിന്റെ നിഗമനം.
കോവിഡ് വന്നു പോയ ശേഷം ഹൃദയാരോഗ്യ സംരക്ഷണത്തില്‍ കുടുതല്‍ ശ്രദ്ധ വേണ്ടതുണ്ടെന്ന സൂചനയാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്.
കേരളത്തില്‍ വ്യാപകമായ ഹൃദ്രോഗങ്ങളില്‍ ഏറ്റവും ഭീഷണിയുയര്‍ത്തുന്നത് അക്യൂട്ട് ഹാര്‍ട്ട് ഫെയ്ലിയര്‍ ആണെന്ന് പഠനം. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങളും ഹൃദയസ്തംഭന കേസുകളും ആശങ്കാജനകമാണെന്നും പഠനം ചൂണ്ടിക്കാട്ടി. കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ (സി എസ് ഐ) കേരള ചാപ്റ്ററിന്റെ പഠനത്തിലാണ് അക്യൂട്ട് ഹാര്‍ട്ട് ഫെയിലര്‍ രോഗികളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ലോകത്തില്‍ ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 70 ആണെങ്കില്‍, കേരളത്തില്‍ 60 വയസ്സിനു മുകളില്‍ തന്നെ ധാരാളം രോഗികള്‍ ഇതേ കാരണത്താല്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. ഹൃദയസ്തംഭനം എന്താണെന്നും അത് ഹൃദയാഘാതത്തില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും ശരിയായ അവബോധം നല്‍കേണ്ടതുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.
ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികളില്‍ രൂപപ്പെടുന്ന തടസ്സം മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ശരീര കോശങ്ങളെ പോഷിപ്പിക്കുന്നതിനായി ശരീരത്തിന് ചുറ്റും രക്തം പമ്പ് ചെയ്യാനുള്ള പേശികള്‍ ബലഹീനമായി ആവശ്യമായ രക്തം പമ്പ് ചെയ്യാതിരിക്കുക മൂലം രക്തചംക്രമണം ദുര്‍ബലമാകുന്നതാണ് ഹൃദയസ്തംഭനം.
ഹാര്‍ട്ട് ഫെയിലിയര്‍ സംഭവിക്കുന്നതിന്റെ ഒരു കാരണം മാത്രമാണ് ഹൃദയാഘാതം എന്നും കേരളത്തില്‍ മൂന്നില്‍ രണ്ട് രോ?ഗികള്‍ക്കും കൊറോണറി ആര്‍ട്ടറി ഡിസീസ് (ഹാര്‍ട്ട് അറ്റാക്ക്) മൂലമുള്ള ഹാര്‍ട്ട് ഫെയിലിയര്‍ ആണെന്നും പഠനത്തില്‍ പറയുന്നു. ഈ രോഗികളില്‍ ഭൂരിഭാഗവും പ്രമേഹവും രക്താധിസമ്മര്‍ദവും ഉള്ളവരാണ്.
ഹൃദയസ്തംഭനവുമായി അഡ്മിറ്റ് ചെയ്യപ്പെടുന്ന ഏഴ് ശതമാനം രോഗികളും ആശുപത്രിയില്‍ വച്ചുതന്നെ മരിക്കുകയും 11 ശതമാനം രോഗികളും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മരിക്കുകയും ചെയ്യുന്നതായി ഗവേഷണം കണ്ടെത്തി. രോഗനിര്‍ണ്ണയത്തിനു ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളില്‍ 11 ശതമാനം രോഗികളും ഹൃദയസ്തംഭന രോഗത്തിന്റെ അനന്തരഫലങ്ങളോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. ബോധവത്കരണത്തിന്റെയും സാമ്പത്തിക ഭദ്രതയുടെയും കുറവാണ് ചികിത്സക്കുള്ള പ്രധാന തടസ്സമെന്ന് ഗവേഷകര്‍ പറഞ്ഞു.
പഠനത്തില്‍ സംസ്ഥാനത്തെ 50 ഹൃദ്രോഗ ആശുപത്രികളില്‍ നിന്ന് അക്യൂട്ട് ഹാര്‍ട്ട് ഫെയിലര്‍ ഉള്ള 7500ല്‍അധികം രോഗികള്‍ പങ്കെടുത്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സ്റ്റിജി ജോസഫ്, പ്രഫ. ഡോ. എസ്. ഹരികൃഷ്ണന്‍ (തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ഡോ. പി. ജീമോന്‍ (അച്യുതമേനോന്‍ സന്റെര്‍ ഓഫ് എസ്.സി.ടി) ഉള്‍പ്പെടെ കേരളത്തിലെ 50 കാര്‍ഡിയോളജിസ്റ്റുകള്‍ അടങ്ങുന്നതാണ് ഗവേഷക സംഘം.