Home ആരോഗ്യം മൂത്രമൊഴിക്കുമ്പോള്‍ വേദനയുണ്ടോ?; ഈ രോഗങ്ങളുടെ ലക്ഷണമാകാം, ശ്രദ്ധിക്കണം

മൂത്രമൊഴിക്കുമ്പോള്‍ വേദനയുണ്ടോ?; ഈ രോഗങ്ങളുടെ ലക്ഷണമാകാം, ശ്രദ്ധിക്കണം

മ്മുടെ ഈ മൂത്രത്തിലെ മാറ്റം പല രോഗങ്ങളുടെയും സൂചന കൂടിയാണ്. മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നത് അണുബാധയുടെ ലക്ഷണമാണ്. മൂത്രസഞ്ചിയില്‍ കല്ല്, മുഴകള്‍, മൂത്രനാളിയിലെ തടസ്സം എന്നിവ ഉണ്ടാകുമ്പോഴും വേദന അനുഭവപ്പെടാം. പുരുഷന്‍മാരില്‍ മൂത്രാശയ അണുബാധ വളരെ അപൂര്‍വമായതിനാല്‍ വേദന അനുഭവപ്പെടുകയാണെങ്കില്‍ കൃത്യമായ കാരണം കണ്ടെത്തണം.

മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോള്‍ സാധാരണയായി മൂത്രമൊഴിക്കുന്നതിന്റെ ശക്തിയും കുറയുന്നു. ഇത് മൂത്രക്കുഴല്‍ ഇടുങ്ങിയതു മൂലമോ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കം മൂലമോ കല്ലുകള്‍ മൂലമോ സംഭവിക്കാം. തടസ്സം രൂക്ഷമല്ലെങ്കില്‍, ഒഴുക്കു കുറഞ്ഞുവെന്ന് മിക്ക ആളുകളും തിരിച്ചറിയില്ല. ചില ന്യൂറോളജിക്കല്‍ അവസ്ഥ, ദീര്‍ഘകാലം പ്രമേഹം എന്നിവ കാരണം മൂത്രം പുറന്തള്ളാനുള്ള മൂത്രാശയത്തിന്റെ ശക്തി കുറയുമ്പോഴും മൂത്രമൊഴിക്കുന്നതിന്റെ ശക്തി കുറയാം.

മൂത്രം അനിയന്ത്രിതമായി പോകുന്നത് അസാധാരണമാണ്. പ്രായം, രോഗദൈര്‍ഘ്യം, രോഗിയുടെ ലിംഗഭേദം, ശസ്ത്രക്രിയാ ചരിത്രം എന്നിവയെ ആശ്രയിച്ചാണ് രോഗനിര്‍ണയം. വളരെ ചെറിയ പെണ്‍കുഞ്ഞില്‍, വൃക്കയില്‍ നിന്ന് യോനിയിലേക്ക് മൂത്രനാളി അസാധാരണമായി തുറക്കുന്നതു മൂലം അനിയന്ത്രിതമായി മൂത്രം പോകാം. നാഡീസംബന്ധമായ പ്രശ്‌നവും ഈ അവസ്ഥ ഉണ്ടാക്കാം. അടിവയറിലെ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീകളില്‍ മൂത്രസഞ്ചിയും യോനിയുമായുള്ള ബന്ധത്തിലെ തകരാര്‍ മൂലം മൂത്രാശയത്തിലേക്കു വരുന്ന മൂത്രം യോനിയിലേക്ക് ഒഴുകാം. തുടര്‍ന്ന് മൂത്രം അനിയന്ത്രിതമായി പോകാം.

പ്രായമായ സ്ത്രീകളില്‍ എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ മൂത്രം പോകുന്നതു വളരെ സാധാരണമാണ്. ഇത് മൂത്രസഞ്ചിയിലെ പേശികള്‍ ദുര്‍ബലമാകുന്നതു കാരണമാണ്. പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം പുരുഷന്മാരിലും ഇതു സംഭവിക്കാം. ഈ അവസ്ഥയില്‍ പേശികളെ ശക്തിപ്പെടുത്താന്‍ ചില വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. മരുന്നുകളും പരീക്ഷിക്കാം. ഇവ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ശസ്ത്രക്രിയ ചെയ്യാം.

ചെറിയ കുട്ടികള്‍ രാത്രിയില്‍ കിടക്ക നനയ്ക്കുന്നതു സാധാരണമാണ്. എന്നാല്‍ രാത്രിയും പകലും കുട്ടിക്ക് അനിയന്ത്രിതമായി മൂത്രം പോകുന്നുവെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധ നടത്തേണ്ടതാണ്.