Home ആരോഗ്യം മലബന്ധം ചെറിയ പ്രശ്‌നമല്ല; സുഖപ്പെടുത്താന്‍ ചില ഭക്ഷണങ്ങള്‍

മലബന്ധം ചെറിയ പ്രശ്‌നമല്ല; സുഖപ്പെടുത്താന്‍ ചില ഭക്ഷണങ്ങള്‍

മിക്ക ആളുകളും നേരിടുന്ന ആരോഗ്യ പ്രശ്‌നമാണ് മലബന്ധം. വയറ്റില്‍ നിന്നും വേണ്ട പോലെ ശോധനയില്ലെങ്കില്‍ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആകെ തകിടം മറിയുകയും ചെയ്യും. വെള്ളം കുടിക്കാതിരിക്കുന്നതും സമ്മര്‍ദ്ദവുമെല്ലാം മലബന്ധത്തിന് കാരണമാകാറുണ്ട്.

മലബന്ധം മാറാന്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ആപ്പിളില്‍ ഉയര്‍ന്ന നാരുകളും ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്, ഇത് ദഹനം മെച്ചപ്പെടുത്തുന്നു. ആപ്പിളില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് മലവിസര്‍ജ്ജനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

ഫ്‌ളാക്‌സ് സീഡില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ടേബിള്‍സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നത് നല്ല ദഹനം ഉറപ്പാക്കുകയും മലവിസര്‍ജ്ജനം ക്രമീകരിക്കുകയും ചെയ്യും. ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും ആന്റിഓക്സിഡന്റുകളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ് ഫ്‌ളാക്‌സ് സീഡ്.

കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. വൈറ്റമിന്‍ ബി, വൈറ്റമിന്‍ സി എന്നിവയാല്‍ സമ്പന്നമായ അവ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് നല്ലതാണ്.

തൈരിലും മറ്റ് പല പാലുല്‍പ്പന്നങ്ങളിലും പ്രോബയോട്ടിക്‌സ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുക്കള്‍ അടങ്ങിയിട്ടുണ്ട്. പ്രോബയോട്ടിക്കുകള്‍ പലപ്പോഴും ‘നല്ല’ ബാക്ടീരിയകള്‍ എന്ന് വിളിക്കപ്പെടുന്നു, അവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ബ്രോക്കോളിയില്‍ സള്‍ഫോറാഫെയ്ന്‍ അടങ്ങിയിട്ടുണ്ട്, ഇത് കുടലിനെ സംരക്ഷിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. ആരോഗ്യകരമായ ദഹനത്തെ തടസ്സപ്പെടുത്തുന്ന ചില കുടല്‍ സൂക്ഷ്മാണുക്കളുടെ അമിതവളര്‍ച്ച തടയാനും സള്‍ഫോറഫെയ്ന്‍ സഹായിച്ചേക്കാം.