Home അറിവ് സൗരോർജം ആഹരിച്ച് ജീവിച്ച അത്ഭുത താപസൻ ഹീര രത്തൻ മനേക് അന്തരിച്ചു

സൗരോർജം ആഹരിച്ച് ജീവിച്ച അത്ഭുത താപസൻ ഹീര രത്തൻ മനേക് അന്തരിച്ചു

സൂര്യനിൽനിന്ന് ഊർജം സ്വീകരിച്ചുകൊണ്ടുള്ള ഉപാസനായജ്ഞത്തിന്റെ പ്രചാരകനും ഗുജറാത്തി വ്യവസായിയുമായ ഹീരാ രത്തൻ മനേഖ് (85) അന്തരിച്ചു. സൂര്യനെ ഉപാസിച്ച് സ്വന്തം ശരീരം പരീക്ഷണശാലയാക്കിയ താപസനായിരുന്നു വിടപറഞ്ഞ ഹീരാരത്തൻ മനേക്. ദീർഘനാൾ ഖരാഹാരം ഉപേക്ഷിച്ച് ഉപവാസം നടത്തിയാണ് മനേഖ് ലോകശ്രദ്ധയാകർഷിച്ചിരുന്നത്. സൂര്യോപാസനയിലൂടെ ലഭിക്കുന്ന ഊർജമാണ് ഭക്ഷണമില്ലാതെയും ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്നതെന്ന് മനേഖ് അവകാശപ്പെട്ടിരുന്നു.കപ്പൽ ബിസിനസ് രംഗത്തുണ്ടായിരുന്ന മനേഖ് 1962-ൽ പോണ്ടിച്ചേരി അരബിന്ദോ ആശ്രമം സന്ദർശിച്ചപ്പോഴാണ് സൂര്യോപാസനയെക്കുറിച്ച് മനസ്സിലാക്കിയത്. 1992-മുതൽ പൂർണമായും സൂര്യോപാസകനായി. ഉദിച്ച് ഒരുമണിക്കൂറിനുള്ളിലും അസ്തമിക്കുന്നതിന് ഒരുമണിക്കൂർമുമ്പും നഗ്നനേത്രംകൊണ്ട് സൂര്യനെ നോക്കുന്നതാണ് സൂര്യോപാസന. തുടക്കത്തിൽ കുറച്ചു സെക്കൻഡുകൾമാത്രമേ നോക്കാവൂ. ഏഴുമാസംകൊണ്ട് ഇത് അരമണിക്കൂറായി വർധിപ്പിക്കാം. ഒമ്പതുമാസമാവുമ്പോൾ ശരീരം ഊർജക്കലവറയാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. പിന്നീട് വിശപ്പില്ലാതാവും. ക്രമേണ ഭക്ഷണം ഉപേക്ഷിക്കാനാവും.1995 ജൂണിൽ കോഴിക്കോട്ട് 211 ദിവസം ഉപവാസം അനുഷ്ഠിച്ച് മനേഖ് വിസ്മയമായി. ഡോ. സി.കെ. രാമചന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു ഉപവാസം. അഹമ്മദാബാദിൽ 2000 ജനുവരി ഒന്നുമുതൽ 2001 ഫെബ്രുവരി 15 വരെ 411 ദിവസം നടത്തിയ ഉപവാസമാണ് മനേഖിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. മനേഖിന്റെ ദീർഘ ഉപവാസം വാർത്തയായപ്പോൾ പെൻസിൽവാനിയാ, തോമസ് ജെഫേഴ്സൺ സർവകലാശാലകളുടെ ക്ഷണമനുസരിച്ച് മനേഖ് അമേരിക്കിയിലെത്തി പ്രഭാഷണപരമ്പരകൾ നടത്തി. നാസയുടെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്റർ സന്ദർശിക്കാനും അവസരം ലഭിച്ചു. ബഹിരാകാശയാത്രികർ സൂര്യോപാസന പരിശീലിക്കുന്നത് ഖരഭക്ഷണമില്ലാതെ കൂടുതൽക്കാലം ബഹിരാകാശത്ത് കഴിയാൻ അവരെ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.യൂറോപ്യൻ ശാസ്ത്രലോകം കൗതുകത്തോടെ നിരീക്ഷിച്ച ഹീരാ രത്തൻ, മസ്തിഷ്കത്തെ സൗരോർജം ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനെക്കുറിച്ച് ‘ബ്രെയിന്യൂട്ടർ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. രാജ്യരക്ഷാവകുപ്പിലും വിവിധ സർവകലാശാലകളിലും ഇതേക്കുറിച്ച് ക്ലാസെടുത്തിരുന്ന അദ്ദേഹം, ‘സോളാർ എനർജി സൊസൈറ്റി ഓഫ് ഇന്ത്യ’ അംഗമായിരുന്നു.മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം നേടിയിട്ടുണ്ട്. കോഴിക്കോട്ട് സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരിയായിരുന്നു. ഗുജറാത്ത് കച്ച് സുജാപ്പുരിൽനിന്ന് വാണിജ്യാവശ്യത്തിനായാണ് ഹീരാ രത്തന്റെ പൂർവികർ കോഴിക്കോട്ടെത്തിയത്. ഗുജറാത്തിവിദ്യാലയ അസോസിയേഷൻ ആദ്യകാല സംഘാടകനും ദീർഘകാലം അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. കോഴിക്കോട്ടെ ജൈനസമാജത്തിലും നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.സൗരോർജം സ്വീകരിച്ച്, ആഹാരമുപേക്ഷിക്കുന്ന ‘ഹീരാ രത്തൻ മനേക് പ്രതിഭാസ’ത്തിന്റെ ഉപജ്ഞാതാവാണ്. 2001-ൽ 411 ദിവസം തുടർച്ചയായി ഭക്ഷണമുപേക്ഷിച്ച് ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്. 20 വർഷത്തോളം ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ ‘നാസ’ ഇദ്ദേഹത്തെ ക്ഷണിച്ച് പഠനം നടത്തുകയും ബഹിരാകാശയാത്രികർക്ക് പ്രയോജനകരമാവുംവിധം ക്ലാസെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൗരോർജത്തിന്റെ പ്രചാരകനായി, സ്വന്തംശരീരം പരീക്ഷണശാലയാക്കിയ ഹീരാ രത്തൻ നൂറിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്.