ശരീരഭാരം കുറയുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കില്ലെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. ‘പ്ലോസ് മെഡിസിന്‍’ എന്ന ജേണലില്‍ പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമിതവണ്ണവും വന്ധ്യത പ്രശ്‌നവും ഉള്ള 379 സ്ത്രീകളില്‍ പഠനം നടത്തി. ശരീരഭാരം കുറയ്ക്കുന്നത് മികച്ച ഗര്‍ഭധാരണത്തിനും ആരോഗ്യകരമായ ജനനത്തിനും വഴിയൊരുക്കുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തി.
‘അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് പലപ്പോഴും ഗര്‍ഭിണിയാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പണ്ട് മുതല്‍ക്കേ കേള്‍ക്കുന്നതാണ്…’ – യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജീനിയ സ്‌കൂള്‍ ഓഫ് മെഡിസിന്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ഷന്‍ ഗവേഷകനായ ഡാനിയല്‍ ജെ ഹൈസെന്‍ലെഡര്‍ പറഞ്ഞു.
ഇക്കാരണത്താല്‍, പല ഡോക്ടര്‍മാരും ഗര്‍ഭധാരണത്തിന് മുമ്പ് ശരീരഭാരം കുറയ്ക്കാന്‍ ഉപദേശിക്കുന്നു. രാജ്യത്തുടനീളമുള്ള ഒമ്പത് അക്കാദമിക് മെഡിക്കല്‍ സെന്ററുകളില്‍ നടത്തിയ ഫിറ്റ്-പ്ലീസ് പഠനത്തില്‍ പങ്കാളികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. പകുതി സ്ത്രീകളും ഡയറ്റും വ്യായാമവും ചെയ്ത് തന്നെ ഭാരം കുറച്ചു. ബാക്കി പകുതി പേര്‍ ശരീരഭാരം കുറയ്ക്കാന്‍ വ്യായാമങ്ങള്‍ മാത്രം ചെയ്തു. പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ട് ഗ്രൂപ്പുകള്‍ക്കും മൂന്ന് റൗണ്ട് സ്റ്റാന്‍ഡേര്‍ഡ് വന്ധ്യതാ ചികിത്സകള്‍ ലഭിച്ചു.
ശരീരഭാരം കുറയ്ക്കാനുള്ള പ്രോഗ്രാമിലെ സ്ത്രീകള്‍ക്ക് അവരുടെ ശരീരഭാരത്തിന്റെ ശരാശരി 7 ശതമാനം നഷ്ടപ്പെട്ടു. അതേസമയം വ്യായാമം മാത്രമുള്ള ഗ്രൂപ്പിലെ പങ്കാളികള്‍ സാധാരണയായി അവരുടെ ഭാരം നിലനിര്‍ത്തി. അവസാനം, ആരോഗ്യകരമായ ജനനങ്ങളുടെ ആവൃത്തിയില്‍ രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും ഉണ്ടായില്ലെന്ന്‌ന കണ്ടെത്തി.
‘ശരീരഭാരം കുറയ്ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ ഗര്‍ഭിണിയാകാനുള്ള മികച്ച സാധ്യതകളിലേക്ക് ഫലം ഉണ്ടാക്കിയില്ല. ഭാരം കുറച്ചത് ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തി. നിര്‍ഭാഗ്യവശാല്‍ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തിയില്ല…’ – ഡാനിയല്‍ പറഞ്ഞു.