Home ആരോഗ്യം 80% ഒമിക്രോണ്‍ കേസുകളിലും കണ്ടുവരുന്ന ലക്ഷണം; അറിയാം

80% ഒമിക്രോണ്‍ കേസുകളിലും കണ്ടുവരുന്ന ലക്ഷണം; അറിയാം

ണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും കോവിഡ് 19 വൈറസിന്റെ വെല്ലുവിളികള്‍ നമ്മെ വിട്ട് പോകുന്നില്ല. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകളാണ്
നമുക്ക് വെല്ലുവിളിയാകുന്നത്. പല തോതില്‍ രോഗം പരത്തുന്ന പല തീവ്രതയില്‍ രോഗമെത്തിക്കുന്ന വൈറസുകളെ ഒരേ രീതിയില്‍ ചെറുക്കുക സാധ്യമല്ല. വാക്സിന്‍ പോലും ഭാഗികമായി മാത്രം ഫലപ്രദമാകുന്നത് ഈ അവസ്ഥയില്‍ വച്ചാണ്.

ആല്‍ഫ, ബീറ്റ, ഡെല്‍റ്റ എന്നിങ്ങനെയുള്ള കൊവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് ശേഷം ഒമിക്രോണ്‍ വകഭേദമാണ് നിലവില്‍ ആഗോളതലത്തില്‍ തന്നെ കൊവിഡ് കേസുകളില്‍ മഹാഭൂരിപക്ഷവും സൃഷ്ടിക്കുന്നത്. ഒമിക്രോണിന് തന്നെ വിവിധ ഉപവകഭേദങ്ങളുമുണ്ട്.

രോഗവ്യാപനം വേഗത്തിലാക്കുമെന്ന പ്രത്യേകതയായിരുന്നു ഡെല്‍റ്റ വകഭേദത്തിനുണ്ടായിരുന്നത്. ഡെല്‍റ്റയാണെങ്കില്‍ രോഗതീവ്രതയും കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ അടക്കം പല രാജ്യങ്ങളിലും അതിശക്തമായ കൊവിഡ് തരംഗം സൃഷ്ടിക്കാന്‍ ഡെല്‍റ്റക്ക് സാധിച്ചു.

ഡെല്‍റ്റയെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നതാണ് ഒമിക്രോണിന്റെ സവിശേഷത. ഒമിക്രോണ്‍ ഉപവകഭേദങ്ങളാണെങ്കില്‍ വീണ്ടും വേഗത കൂട്ടിയാണ് രോഗവ്യാപനം നടത്തുന്നത്. എന്നാല്‍ ഡെല്‍റ്റയോളം തന്നെ ഇത് മാരകമാകുന്നില്ല എന്നതാണ് സത്യം. എങ്കിലും വരും മാസങ്ങളിലും പുതിയ വകഭേദങ്ങള്‍ വരുമെന്നും ഇവയില്‍ ആശങ്കപ്പെടാനുള്ള വകുപ്പ് ഉണ്ടായേക്കാമെന്നുമെല്ലാം ലോകാരോഗ്യ സംഘടന മുന്നറിയിപ്പായി നല്‍കുന്നുണ്ട്.

ഇപ്പോഴിതാ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 80 ശതമാനത്തോളം ഒമിക്രോണ്‍ കേസുകളിലും കാണുന്ന പൊതു ലക്ഷണത്തെ കുറിച്ച് പറയുകയാണ് കൊവിഡ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദഗ്ധന്‍. കൊവിഡ് സംബന്ധമായ വിവരങ്ങള്‍ ചേര്‍ത്തുവച്ച് നല്‍കുന്ന ‘സൂ കൊവിഡ് ആപ്പ്’ മേധാവി കൂടിയാണ് പ്രൊഫസര്‍ ടിം സ്പെക്ടര്‍.

നല്ല തോതിലുള്ള മൂക്കൊലിപ്പാണ് 80 ശതമാനം ഒമിക്രോണ്‍ കേസുകളിലും പൊതുവായി കാണപ്പെടുന്ന ലക്ഷണമെന്ന് പ്രൊഫ. ടിം പറയുന്നു. ഇത്തരത്തില്‍ വലിയൊരു വിഭാഗം പേരിലും ഒരുപോലെ കാണപ്പെടുന്ന കൊവിഡ് ലക്ഷണങ്ങള്‍ അപൂര്‍വ്വമാണ്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന, ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ, ദഹനപ്രശ്നങ്ങള്‍ തുടങ്ങി ഒരു പിടി കൊവിഡ് ലക്ഷണങ്ങള്‍ രോഗികളില്‍ കാണാറുണ്ട്.

ഇത് തന്നെ ഓരോ രോഗിയിലും വ്യത്യസ്തമായി വരികയാണ് ചെയ്യുന്നത്. ഒരാളില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ മറ്റൊരാളില്‍ വരണമെന്നില്ല. എന്നാല്‍ ഒമിക്രോണ്‍ കേസുകളില്‍ ഭൂരിപക്ഷം പേരിലും മൂക്കൊലിപ്പ് വരുമെന്നാണ് ‘സൂ കൊവിഡ് ആപ്പ്’ ഉപജ്ഞാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. വെള്ളം പോലുള്ള സ്രവം തൊട്ട് കഫം പോലെ കട്ടിയായ സ്രവം വരെ ഈ രീതിയില്‍ രോഗിയുടെ മൂക്കില്‍ നിന്ന് വരാം. അലര്‍ജി, ജലദോഷം, സൈനസൈറ്റിസ് എല്ലാം പിടിപെടുമ്പോള്‍ ഉണ്ടാകുന്നതിന് സമാനമായി തന്നെയാണ് ഇവിടെ ഒമിക്രോണിന്റെ കാര്യത്തിലും സംഭവിക്കുന്നതത്രേ.

ഒമിക്രോണിന്റെ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ഈ ഘട്ടത്തില്‍ മനസിലാക്കാം. തൊണ്ടവേദന, തൊണ്ടയില്‍ അസ്വസ്ഥത, തലവേദന, ഇടതടവില്ലാതെ ചുമ, ശബ്ദം മാറുക, രാത്രിയില്‍ കുളിരും വിറയലും, തളര്‍ച്ച, ശരീരവേദന, സന്ധി വേദന എന്നിയെല്ലാമാണ് ഒമിക്രോണില്‍ പൊതുവേ കണ്ടുവരുന്ന മറ്റ് ലക്ഷണങ്ങള്‍.