Home ആരോഗ്യം മിഠായി കഴിച്ച് പുകവലി ശീലം മാറ്റാം; വിപണിയിലെ ചോക്ലേറ്റുകളെക്കുറിച്ചറിയാം

മിഠായി കഴിച്ച് പുകവലി ശീലം മാറ്റാം; വിപണിയിലെ ചോക്ലേറ്റുകളെക്കുറിച്ചറിയാം

നിലവില്‍ പുകവലി നിര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്ന ആന്റി നിക്കോട്ടിന്‍ ച്യൂയിംഗങ്ങള്‍ക്കു പകരം അത്തരം ചോക്കലേറ്റുകള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും പാലക്കാട് സ്വദേശികളുമായ ജെ.അരുള്‍ ജ്യോതിയും എ.സജ്‌നയും. ഇവരുടെ കണ്ടെത്തല്‍ വികസിപ്പിച്ചെടുക്കാനായി കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ രണ്ട് ലക്ഷം രൂപ ഇതിനോടകം അനുവദിച്ചുകഴിഞ്ഞു.

പരീക്ഷണങ്ങളെല്ലാം വിജയം കാണുകയാണെങ്കില്‍ അടുത്ത മാസത്തോടെ ഈ ചോക്കലേറ്റുകള്‍ ഇവര്‍ വിപണിയിലെത്തിക്കും. 2020ല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളജ്, ചെലവുകുറഞ്ഞ രീതിയില്‍ വികസിപ്പിച്ചെടുക്കാവുന്ന നൂതന ആശയങ്ങള്‍ ക്ഷണിച്ചുകൊണ്ട് ഒരു മത്സരം നടത്തി. ഐഡിയകള്‍ മാത്രമായിരുന്നു ആവശ്യം. തിരഞ്ഞെടുക്കപ്പെടുന്ന ഐഡിയ നടപ്പിലാക്കാന്‍ കോളജ് ഫണ്ട് അനുവദിക്കും. നൂറോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കാനായി അപേക്ഷ അയച്ചു.

ഒറ്റയ്ക്കും ടീമായും പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു. ഈ മത്സരത്തില്‍ പങ്കെടുക്കാനായി ജെ.അരുള്‍ ജ്യോതി, എ.സജ്‌ന എന്നീ ഒന്നാം വര്‍ഷ ബിഎസ്സി ബയോടെക്‌നോളജി വിദ്യാര്‍ഥികള്‍ ഒരു ഐഡിയ തട്ടിക്കൂട്ടി. പുകവലിക്കുന്നവരെ അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ സഹായിക്കുന്ന ആന്റി നിക്കോട്ടിന്‍ എന്ന ച്യൂയിംഗം ചെലവു കുറഞ്ഞ രീതിയില്‍ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു അവര്‍ കണ്ടെത്തിയ ഐഡിയ.

മത്സരത്തിന് ഐഡിയ അയയ്ക്കുന്നതിനു മുന്‍പായി അവര്‍ തങ്ങളെ മെന്റര്‍ കൂടിയായ അധ്യാപിക ഡോ. സുദീപ പ്രഭാലിനെ സമീപിച്ചു. ആന്റി നിക്കോട്ടിന്‍ ച്യൂയിംഗങ്ങള്‍ ഇതിനോടകം വിപണിയില്‍ ലഭ്യമായതിനാല്‍ ആ ആശയത്തില്‍ പുതുമയില്ലെന്നും ഇതേ ആശയം എങ്ങനെ പുതുമയോടെ അവതരിപ്പിക്കാമെന്ന് ആലോചിക്കണമെന്നും സുദീപ അവരോടു നിര്‍ദേശിച്ചു. അങ്ങനെയാണ് ആന്റി നിക്കോട്ടിന്‍ ചോക്കലേറ്റ് എന്ന ആശയം ജനിക്കുന്നത്.

നിലവില്‍ വിപണിയിലുള്ളതെല്ലാം ആന്റി നിക്കോട്ടിന്‍ ച്യൂയിംഗങ്ങളാണ്. എന്നാല്‍ ചിലര്‍ക്ക് ച്യൂയിഗത്തോട് അത്ര താല്‍പര്യമുണ്ടാവണമെന്നില്ല. അതിനാല്‍ ച്യൂയിംഗം ഉപയോഗിക്കാതെ മിഠായി രൂപത്തില്‍ ആന്റി നിക്കോട്ടിന്‍ ചോക്കലേറ്റ് വികസിപ്പെടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഈ ഐഡിയ അവര്‍ മത്സരത്തിനായി സമര്‍പ്പിച്ചു. എല്ലാവര്‍ക്കും കഴിക്കാനും കയ്യില്‍ കൊണ്ടുനടക്കാനും സാധിക്കുന്ന ചെറിയ മിഠായി രൂപത്തില്‍ ഇവ പുറത്തിറക്കാനാണ് ഇവരുടെ ശ്രമം. അതിനായി ചോക്കോ ചോപ്‌സ് എന്ന പേരില്‍ 2020ല്‍ ഒരു കമ്പനിയും റജിസ്റ്റര്‍ ചെയ്തു.

ആന്റി നിക്കോട്ടിന്‍ ചോക്കലേറ്റ് എന്നൊരു ആശയം മാത്രമായിരുന്നു രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ക്ക് കൈമുതലായി ഉണ്ടായിരുന്നത്. അത് എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ നടത്തിക്കൊണ്ടിരുന്നത്. ലാബ് വിഷയങ്ങളില്‍ പ്രത്യേക താല്‍പര്യമുള്ള അരുള്‍ജ്യോതി, ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും മറ്റുമായി മുന്നോട്ടുപോയി. ഗവേഷണത്തില്‍ താല്‍പര്യമുള്ള സജ്‌ന, ഈ മിഠായിയില്‍ ചേര്‍ക്കാന്‍ സാധിക്കുന്ന ഭക്ഷ്യവസ്തുക്കളെക്കുറിച്ചും അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുമൊക്കെ പുസ്തകങ്ങളും മറ്റും റഫര്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. പഠനത്തിനൊപ്പമാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ പരീക്ഷണങ്ങളും ഗവേഷണങ്ങളും അവര്‍ നടത്തിയത്. ഇതിനെല്ലാം പിന്തുണയുമായി അധ്യാപിക സുദീപയും ഒപ്പമുണ്ടായിരുന്നു.

നിക്കോട്ടിന്‍ ചോക്കലേറ്റ് വികസിപ്പിച്ചെടുക്കാന്‍ കാര്യമായ സാമ്പത്തിക സഹായം ഇവര്‍ക്ക് ആവശ്യമുണ്ടായിരുന്നു. ഇതിനായാണ് കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹായം തേടിയത്. ഐഡിയ കേട്ട എല്ലാവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. നിലവില്‍ ഐഡിയ പ്രോട്ടോടൈപ് ആക്കി മാറ്റാനുള്ള 2 ലക്ഷം രൂപയുടെ ഗ്രാന്റാണ് ഇവര്‍ക്ക് സ്റ്റാര്‍ട്ട് അപ് മിഷന്‍ അനുവദിച്ചിരിക്കുന്നത്. അതിനു ശേഷം പ്രോട്ടോടൈപ് വിപണിയിലെത്തിക്കുന്നതിനായുള്ള ഗ്രാന്റിനായി അപേക്ഷിക്കണം. കേന്ദ്രസര്‍ക്കാരിന്റെ ഉള്‍പ്പെടെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായുള്ള മറ്റു ധനസഹായ മാര്‍ഗങ്ങളും തേടുമെന്ന് ഇവര്‍ പറയുന്നു.

നിലവില്‍ വിപണിയിലുള്ള ആന്റി നിക്കോട്ടിന്‍ ച്യൂയിംഗത്തിലെല്ലാം ഒരേ അളവിലുള്ള ഡോസാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ വികസിപ്പിക്കുന്ന ആന്റി നിക്കോട്ടിന്‍ ചോക്കലേറ്റില്‍ പുകവലിക്കുന്നവരുടെ പ്രായവും എത്രകാലമായി പുകവലിക്കുന്നു എന്നും നോക്കി വിവിധ വിഭാഗങ്ങളില്‍പെടുന്ന ആളുകള്‍ക്കായി പ്രത്യേകം പ്രത്യേകം ഡോസുകള്‍ ഉള്‍പ്പെടുത്തും. ഇതിനു പുറമേ, ഡാര്‍ക്ക് ചോക്കലേറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.

നിലവില്‍ ലാബ് ട്രയല്‍ പൂര്‍ത്തിയാക്കി ക്ലിനിക്കല്‍ ട്രയല്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനുശേഷമാകും മൃഗങ്ങളിലും മനുഷ്യരിലും ഇതു പരീക്ഷിക്കുക. ഇതെല്ലാം വിജയിക്കുന്നതോടെ ആന്റി നിക്കോട്ടിന്‍ ചോക്കലേറ്റ് വിപണിയിലെത്തും. ഇതിനോടകം തന്നെ നിരവധി വമ്പന്‍ കമ്പനികള്‍ പരീക്ഷണത്തില്‍ സഹകരിക്കാനുള്ള താല്‍പര്യം അറിയിച്ച് ഇവരെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ മിഠായി സ്വന്തമായി വിപണിയില്‍ എത്തിക്കണോ അതോ മറ്റ് കമ്പനികളുമായി സഹകരിക്കണോ എന്ന കാര്യത്തില്‍ ഇവര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നിലവില്‍ പേറ്റന്റുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുകൂടി കഴിഞ്ഞ ശേഷമായിരിക്കും ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കുക.