Home വാഹനം അഞ്ച് മിനിറ്റില്‍ ഫുള്‍ ചാര്‍ജാകും; അത്ഭുത ബാറ്ററിയുമായി ഓല

അഞ്ച് മിനിറ്റില്‍ ഫുള്‍ ചാര്‍ജാകും; അത്ഭുത ബാറ്ററിയുമായി ഓല

അഞ്ച് മിനിറ്റില്‍ വാഹനങ്ങളുടെ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാവുന്ന പുതിയ സാങ്കേതികവിദ്യ യാഥാര്‍ഥ്യമാക്കാന്‍ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍. ഇസ്രയേല്‍ ആസ്ഥാനമായുള്ള സ്റ്റോര്‍ഡോട്ട് എന്ന ബാറ്ററി സാങ്കേതികവിദ്യ കമ്പനിയുമായി സഹകരിച്ചാണ് ഈ സ്വപ്നം ഓല യാഥാര്‍ഥ്യമാക്കുന്നത്. എക്സ്ട്രീം ഫാസ്റ്റ് ചാര്‍ജിംങ്(XFC) സാങ്കേതികവിദ്യയില്‍ വിദഗ്ധരായ സ്റ്റോര്‍ഡോട്ട് ഓലയുമായി സഹകരിക്കുമെന്ന് അറിയിച്ചു കഴിഞ്ഞു.

ഓല ഇലക്ട്രിക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളാണ് അഞ്ചു മിനുറ്റില്‍ ഫുള്‍ചാര്‍ജെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനെക്കുറിച്ച് ട്വീറ്റു ചെയ്തത്. 2W, 4W ബാറ്ററികള്‍ ആഗോളവിപണിയിലേക്ക് നിര്‍മിക്കാന്‍ ഓല ഇലക്ട്രിക് തയാറെടുക്കുകയാണ്. ഇതിനായി ഇന്ത്യയില്‍ പടുകൂറ്റന്‍ ഫാക്ടറി നിര്‍മിക്കാനും പദ്ധതിയുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ 2W ബാറ്ററി നിര്‍മാണ ഫാക്ടറിയാകും ഇത്. കേന്ദ്രസര്‍ക്കാരിന്റെ പിഎല്‍ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ ബാറ്ററി സ്റ്റോറേജ് നിര്‍മ്മിക്കാനുള്ള ശ്രമങ്ങളും ഓല നടത്തുന്നുണ്ട്.

‘ലോക വാഹന വിപണിയുടെ വൈദ്യുതി ഇന്ധനത്തിലേക്കുള്ള മാറ്റത്തിന് വേഗം കൂട്ടാന്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണ്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി മെച്ചപ്പെടുത്തുകയാണ് ആദ്യ ലക്ഷ്യം. മികച്ച ബാറ്ററികളിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി. ഇത് കണക്കിലെടുത്ത് ഞങ്ങള്‍ ബാറ്ററി നിര്‍മാണത്തിനായി നിക്ഷേപം നടത്തുന്നുണ്ട്. ഈ മേഖലയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയുള്ള കമ്പനികളുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിവേഗ ചാര്‍ജിങ് സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലുള്ള സ്റ്റോര്‍ഡോട്ടുമായുള്ള സഹകരണം ഇക്കാര്യത്തില്‍ ഏറെ നിര്‍ണായകമാണ്’ ഭവിഷ് അഗര്‍വാള്‍ പറയുന്നു.

അഞ്ച് മിനിറ്റില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളുടെ മേഖലയിലാണ് സ്റ്റോര്‍ഡോട്ട് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭാവിയില്‍ രണ്ട് മിനുറ്റുകൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന ബാറ്ററികള്‍ നിര്‍മിക്കാനാവുമെന്നും ഇവര്‍ കരുതുന്നു. പത്ത് വര്‍ഷത്തിനുള്ളിലാണ് രണ്ടു മിനുറ്റ് ചാര്‍ജ് ബാറ്ററികള്‍ വരികയെന്നാണ് സ്റ്റോര്‍ഡോട്ടിന്റെ കണക്കുകൂട്ടല്‍. നിലവിലെ ലിഥിയം അയേണ്‍ ബാറ്ററിക്ക് പകരമായി സിലിക്കണ്‍ ഡോമിനന്റ് ആനോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബാറ്ററികളാണ് സ്റ്റോര്‍ഡോട്ട് നിര്‍മിക്കുക.

ഓലയുമായുള്ള സഹകരണത്തില്‍ ഏറെ സന്തോഷമുണ്ടെന്നാണ് സ്റ്റോര്‍ഡോട്ട് സിഇഒ ഡോ. ഡോറോണ്‍ മേഴ്സ്ഡോഫ് പ്രതികരിച്ചത്. ‘നമ്മുടെ നഗരങ്ങളിലെ വായു മലിനീകരണം ഇല്ലാതാക്കുന്നതിനും മലിനീകരണമില്ലാത്ത പുതിയൊരു ലോകത്തിനുവേണ്ടിയുമാണ് രണ്ടു കമ്പനികളും ശ്രമിക്കുന്നത്. ഞങ്ങളുടെ സാങ്കേതികവിദ്യയുടെ വരവോടെ ബാറ്ററി ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയത്തെക്കുറിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ആശങ്കപ്പെടേണ്ടി വരില്ല. പത്തു വര്‍ഷം കൊണ്ട് രണ്ട് മിനുറ്റ് ചാര്‍ജ് ചെയ്ത് 160 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുകയാണ് ഞങ്ങളുടെ സ്വപ്നം’ റോണ്‍ വിശദീകരിക്കുന്നു.

വൈദ്യുതി വാഹനങ്ങളില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടുവരാനും ഓല ശ്രമിക്കുന്നുണ്ട്. വൈകാതെ വൈദ്യുതി ബൈക്കുകളും ഓല വിപണിയിലെത്തിക്കും. ഇതിന് പുറമേ വൈദ്യുതി കാറുകളും പുറത്തിറക്കാന്‍ ഓലക്ക് പദ്ധതിയുണ്ട്. തങ്ങള്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വൈദ്യുതി കാറിന്റെ ചിത്രവും അവര്‍ പുറത്തുവിട്ടിരുന്നു.