Home അറിവ് വിവാഹമോചന ത്തിനൊരുങ്ങും മുൻപ് പരിഗണിക്കണം കുഞ്ഞുങ്ങളെ.

വിവാഹമോചന ത്തിനൊരുങ്ങും മുൻപ് പരിഗണിക്കണം കുഞ്ഞുങ്ങളെ.

വിവാഹമോചനത്തിലൂടെ ദമ്പതിമാർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, കുട്ടികളെ സംബന്ധിച്ച് അത് ചിലപ്പോൾ പ്രശ്നങ്ങളുടെ തുടക്കമാകും. മാതാപിതാക്കളിൽ ആർക്കൊപ്പം പോകണമെന്ന ചോദ്യം കേൾക്കുന്ന കുട്ടിയുടെ മാനസികാവസ്ഥ ചിന്തിക്കാൻപോലും കഴിയില്ല. വേർപിരിയലിലേക്ക് നീങ്ങുന്ന വ്യക്തികൾ കുട്ടികളുടെ മാനസികനിലയും ഉത്തമ താത്പര്യവും സംരക്ഷിച്ചുകൊണ്ട് തീരുമാനങ്ങളെടുക്കുന്നതാകും അഭികാമ്യം.ചിലപ്പോൾ ഒന്ന് ഇരുത്തി ചിന്തിച്ചാൽ, ചില സ്വഭാവങ്ങൾ മാറ്റിയാൽ ഊഷ്മള ബന്ധമായി തുടരാൻ ആയേക്കാം.

വഴക്കുവേണ്ടാ, മക്കൾക്കുമുന്നിൽ

വീട്ടിൽ കലഹിക്കുന്ന മാതാപിതാക്കളാണെങ്കിൽ തീർച്ചയായും അത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. മാതാപിതാക്കൾ അങ്ങോട്ടും ഇങ്ങോട്ടും ഉപയോഗിക്കുന്ന മോശപ്പെട്ട വാക്കുകൾ കേട്ടുപഠിച്ച് കുട്ടികൾ സ്കൂളിലും കൂട്ടുകാരുടെയിടയിലും പ്രയോഗിക്കാൻ സാധ്യതയുണ്ട്.

പരസ്പരം മിണ്ടാതെയിരിക്കുന്ന, അല്ലെങ്കിൽ വേർപിരിഞ്ഞുകഴിയുന്ന അച്ഛനമ്മമാരുടെ കുട്ടികൾക്ക് ഗൗരവമായ മാനസികപ്രശ്നങ്ങൾ ഉണ്ടായേക്കാം. പഠനത്തിൽ താത്പര്യമില്ലായ്മ, ശ്രദ്ധക്കുറവ്, എടുത്തുചാട്ട സ്വഭാവം, അമിത ദേഷ്യം, മൊബൈൽ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളോട് കൂടുതലായി അടിമപ്പെടുന്ന അവസ്ഥ, ഉറക്കമില്ലായ്മ, അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഇത്തരം കുട്ടികൾ അനുഭവിക്കുന്നു. കൗമാരത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ലഹരിവസ്തുക്കൾ പരീക്ഷിക്കാനുള്ള സാധ്യതയും കൂടുതലാണ്.

കുട്ടികളുടെ മുന്നിൽവെച്ച് ആശയഭിന്നത വന്നാൽ, മാതാപിതാക്കൾ സംവാദ സ്വഭാവത്തിൽ ആശയവിനിമയം നടത്തുന്ന രീതിയായിരിക്കും അഭികാമ്യം. കൗമാരത്തിൽ അച്ഛന്റെയും അമ്മയുടെയും കരുതൽ കുട്ടികൾക്ക് ആവശ്യമാണ്. വ്യക്തി വളർന്ന് കൗമാരത്തിൽനിന്ന് യൗവനത്തിലേക്കെത്തുമ്പോൾ പരസ്പരവിശ്വാസത്തിലധിഷ്ഠിതമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. അതിനവർക്ക് മാതാപിതാക്കളാണ് മാതൃകയാകേണ്ടത്.

വിവാഹംകഴിക്കുന്ന ഓരോ വ്യക്തിയും മക്കളുടെ വൈകാരികവും സാമൂഹികവുമായ വളർച്ച ഉറപ്പുവരുത്താൻ ബാധ്യസ്ഥരാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യകരമായ സംവാദങ്ങളിലൂടെ ആശയവിനിമയം നടത്തി കുട്ടികളുടെമുന്നിൽ മാതൃക കാണിക്കുകയെന്നതാണ്. മാതാപിതാക്കൾ തമ്മിലുള്ള ഇടപെടൽ കണ്ട് കുട്ടികൾ ശീലിക്കുന്നത് ജീവിതത്തിൽ സ്നേഹം സ്വീകരിക്കാനും കൊടുക്കാനുമുള്ള കലയാണ്. അച്ഛനമ്മമാർ പരസ്പരം കരുതുന്നതും സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും കണ്ടുപഠിക്കുന്ന കുട്ടികൾക്ക് മറ്റുള്ളവരെ ആദരിക്കാനും സ്നേഹിക്കാനുമുള്ള പ്രവണതയുണ്ടാകും.