Home നാട്ടുവാർത്ത നെട്ടൂർ കൊലപാതകം – തെളിവ് നശിപ്പിച്ചത് സിനിമാ സ്റ്റൈലിൽ.

നെട്ടൂർ കൊലപാതകം – തെളിവ് നശിപ്പിച്ചത് സിനിമാ സ്റ്റൈലിൽ.

മലയാളത്തില്‍ അടുത്തകാലം വരെ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള കുറ്റകൃത്യങ്ങൾ കേട്ടുകേൾവി പോലുമില്ലായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന സിനിമ ഇറങ്ങിയ ശേഷം ദൃശ്യം മോഡല്‍ എന്നൊരു പ്രയോഗം തന്നെ നിലവില്‍ വന്നു. ദൃശ്യം മോഡല്‍ നിരവധിയുണ്ടായി. എങ്ങിനെ തെളിവ് നശിപ്പിക്കാമെന്ന് കൊലപാതകികൾ സിനിമ നോക്കിക്കണ്ടു. അത് കൊണ്ടു തന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കും ദൃശ്യം സിനിമ വഴിവെച്ചു. ദൃശ്യത്തിനു മുന്‍പും ശേഷവും ഒട്ടേറെ സിനിമകളില്‍ കൊലപാതകങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടും ദൃശ്യം സിനിമയാണ് തെറ്റ് മറയ്ക്കുന്നതെങ്ങിനെയെന്ന് മലയാളിയെ സ്വാധീനിച്ചത്. ആസ്വദിച്ചതിന് ശേഷം മറന്നുകളയാനുള്ള സിനിമകള്‍ എങ്ങനെയാണ് യുവാക്കളില്‍ ഇത്ര ആഴത്തില്‍ സ്വാധീനം ചെലുത്തുന്നത്. പകയും പ്രണയവും കൊലയുമെല്ലാം സിനിമയില്‍ നിന്ന് ജീവിതത്തിലേക്ക് പകര്‍ത്തുന്നതിന്റെ മാനസികാവസ്ഥയെന്താണ്.കഴിഞ്ഞ ദിവസം എറണാകുളം നെട്ടൂരിലുണ്ടായ കൊലപാതകമാണ് വീണ്ടും ദൃശ്യം മോഡലിനെ ചര്‍ച്ചയാക്കിയത്. അര്‍ജ്ജുന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ സുഹൃത്തുക്കള്‍ അര്‍ജ്ജുന്റെ മൊബൈല്‍ ഫോണ്‍ ഒരു ലോറിയില്‍ ഉപേക്ഷിച്ചു. അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഫോണിന്റെ സിഗ്നലുകള്‍ പിന്‍തുടര്‍ന്ന പോലീസ് അര്‍ജ്ജുന്‍ ജീവിച്ചിരിക്കുന്നു എന്ന് തെറ്റിദ്ധരിച്ചതാണ് അന്വേഷണം വൈകാന്‍ കാരണമായത്. ദൃശ്യം സിനിമയിലും കൊലപാതകത്തിനു ശേഷം ഇതേ രീതിയില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ മോഹന്‍ലാലിന്റെ കഥാപാത്രം ശ്രമിച്ചിരുന്നു. ഒടുവിൽ പറയാനുള്ളത് – സിനിമ കണ്ട് ആസ്വദിക്കുക. പകർത്താമെങ്കിൽ നൻമ ഉൾക്കൊള്ളുക. ബാക്കി മറന്ന് കളയുക.