Home അന്തർദ്ദേശീയം അപകടം നടന്ന് ഒരു മാസം. വിചാരണയും വിധിയും കഴിഞ്ഞു. കണ്ടു പഠിച്ചെങ്കിൽ…

അപകടം നടന്ന് ഒരു മാസം. വിചാരണയും വിധിയും കഴിഞ്ഞു. കണ്ടു പഠിച്ചെങ്കിൽ…

ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ യുഎഇ കോടതി വിധി പറഞ്ഞു. ബസ് ഓടിച്ചിരുന്ന ഒമാനി പൗരന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനുപുറമെ മരണപ്പെട്ട ഓരോരുത്തരുടെയും ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം (ഏകദേശം 37 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബ്ലഡ് മണി നല്‍കണമെന്നും കോടതി വിധിയിലുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഡ്രൈവറെ യുഎഇയില്‍ നിന്ന് നാടുകടത്തും. അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു. തന്റെ തെറ്റായ പ്രവൃത്തി അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് 53കാരനായ ഒമാനി പൗരന്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ബസപകടത്തില്‍ മരിച്ചവരുടെ ജീവന് ഇതൊന്നും പകരമാകില്ലെങ്കിലും മാതൃകാപരമായ ശിക്ഷയാണ് യുഎഇ കോടതിയുടേത്. കര്‍ശ്ശന നടപടികളുടെ കാര്യത്തില്‍ എന്നും മുന്‍പന്തിയിലുള്ള ഗള്‍ഫ് രാജ്യങ്ങളെ നമ്മള്‍ കണ്ട് പഠിക്കുക തന്നെ വേണം. റോഡിലായാലും വീട്ടിലായാലും പാലിക്കപ്പെടേണ്ട നിയമം പാലിക്കുക തന്നെ വേണം. ഇല്ലെങ്കില്‍ കേട്ടാല്‍ ഭയപ്പെടുന്ന ശിക്ഷ ഉറപ്പ്. ഈയൊരു ബസപടകം നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. പരുക്കേറ്റവരും മരിച്ചവരുടെ ആശ്രിതരും എത്രകാലം ഓരോ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടതായി വരും. എന്തെല്ലാം രേഖകള്‍ ഹാജരാക്കേണ്ടി വരും…അതൊക്കെയും മാറ്റി നിര്‍ത്താം, ഇത്തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവര്‍ എത്ര കാലം കഴിഞ്ഞാണ് ശിക്ഷിക്കപ്പെടുക. എന്നാണ് ഇതിനൊരു മാറ്റമുണ്ടാവുക.