Home ആരോഗ്യം കോവിഡ് നെഗറ്റീവ് ആയ 20 ശതമാനം ആളുകളില്‍ ലോങ് കോവിഡ്; ലക്ഷണങ്ങള്‍ ഇവയാണ്

കോവിഡ് നെഗറ്റീവ് ആയ 20 ശതമാനം ആളുകളില്‍ ലോങ് കോവിഡ്; ലക്ഷണങ്ങള്‍ ഇവയാണ്

കോവിഡ് 19 ടെസ്റ്റ് നെഗറ്റീവായാലും 20 ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നുവെന്ന് പുതിയ പഠനങ്ങള്‍. മൂന്നാഴ്ച മുതല്‍ ആറുമാസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്നവയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ‘ലോങ് കോവിഡ്’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുന്നതിനാലാണ് ഇതിന് ആരോഗ്യ വിദഗ്ധര്‍ ലോങ് കോവിഡ് എന്ന് വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തെ രോഗബാധിതരെ പരിചരിച്ച ഡോക്ടര്‍മാരുടെ നിരീക്ഷണമാണിത്. 90 ശതമാനം പേര്‍ക്കും അതികഠിനമായ ക്ഷീണമാണ് കാണുന്നത്.

ചില ദിവസങ്ങളില്‍ പൂര്‍ണമായും ഭേദമായെന്ന് തോന്നുമെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും കഠിനമായ ക്ഷീണം ബാധിക്കും. സ്ത്രീകളിലും പ്രായമായവരിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലുമാണ് ലോങ് കോവിഡ് കൂടുതലായി കാണുന്നത്.

കോവിഡ് ബാധിച്ച് ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍ ശക്തമായ ചുമ, ശബ്ദവ്യത്യാസം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ക്കാണ് ലോങ് കോവിഡ് വരാനുള്ള സാധ്യത കൂടുതല്‍ ഉള്ളതെന്ന് ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എന്‍ സുല്‍ഫി പറഞ്ഞു.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കോവിഡ് പരിശോധന നടത്തേണ്ടാത്ത ഒരുവിഭാഗം ആളുകള്‍ സമൂഹത്തിലുണ്ട്. ഇവര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ടാകാം. ഇത്തരക്കാര്‍ക്കും ഭാവിയില്‍ ലോങ് കോവിഡ് ഉണ്ടായേക്കാം. അതിനാല്‍ കോവിഡ് നെഗറ്റീവായാലും രോഗികളെ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്ന സംവിധാനം സര്‍ക്കാര്‍ തയ്യാറാക്കണം. തുടര്‍പരിശോധനകളിലൂടെ, കോവിഡ് ബാധിച്ചതുകൊണ്ടുള്ള ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച് കണ്ടെത്താന്‍ സാധിക്കുമെന്നും ഡോ.സുല്‍ഫി പറഞ്ഞു.

തലവേദന, ചുമ, നെഞ്ചില്‍ ഭാരം, ഗന്ധം നഷ്ടപ്പെടല്‍, വയറിളക്കം, ശബ്ദവ്യത്യാസം എന്നിവയാണ് നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍.