Home വാണിജ്യം പണം കായ്ക്കുന്ന പപ്പായ.

പണം കായ്ക്കുന്ന പപ്പായ.

പപ്പായ കൃഷിയിലൂടെ ഒരേക്കറിൽനിന്ന് ഒരുമാസം പതിനയ്യായിരം രൂപ മുതൽ ഇരുപത്തി അയ്യായിരം രൂപ വരെ വരുമാനമുണ്ടാക്കാം. പപ്പായക്കറയാണ് ഇവിടെ താരം.തമിഴ്നാട്ടിലും കർണാടകത്തിലും പരീക്ഷിച്ച് നൂറുമേനി വിളവും ലക്ഷങ്ങളുടെ വിപണി മൂല്യവും കൊയ്ത പപ്പായ കൃഷിയുടെ വഴിയേ കേരളത്തിലെ കർഷകരും നടന്നു തുടങ്ങിയിരിക്കുന്നു.നല്ല വെയിൽ ലഭിക്കുന്ന, വെള്ളത്തിന്റെ ശല്യമില്ലാത്ത സ്ഥലമുളളവർക്ക് പപ്പായ കൃഷിയെക്കുറിച്ച് ചിന്തിക്കാം.ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമാണ് പപ്പായ കൃഷിയെന്നത് അനുകൂല ഘടകവുമാണ്.ഏറ്റവും കൂടുതൽ കറ ലഭിക്കുന്ന സിന്ത ഇനമാണ് കൃഷിക്ക് അനുയോജ്യം.കാര്യമായ പരിചരണമൊന്നും ഇതിന് ആവശ്യമില്ല. സാധാരണ രീതിയിൽ ആറുമാസം കൊണ്ടോ എട്ടുമാസം കൊണ്ടോ പപ്പായ വിളഞ്ഞ് പാകമാകും. പാകമായി എന്നുറപ്പായാൽ ടാപ്പിംഗ് ആരംഭിക്കാവുന്നതാണ്.
പപ്പായയുടെ കറ അഥവാ പപ്പൈൻ ആണ് ശേഖരിക്കുന്നത്. കായ മൂത്ത് തുടങ്ങുമ്പോള്‍ത്തന്നെ കറശേഖരണം തുടങ്ങാം. ചെറിയ കത്തികൊണ്ട് പപ്പായയുടെ മുകളില്‍ നീളത്തിലുള്ള പോറലുകള്‍ ഉണ്ടാക്കിയാല്‍ കറ വീണു തുടങ്ങും.
ചെടികള്‍ക്കടിയില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ച്‌ ഇറ്റുവീഴുന്ന കറ ശേഖരിക്കുക. വീഴുന്ന കറ മിനിറ്റുകള്‍ക്കകം ഉറഞ്ഞുപോകും. വടിച്ചെടുക്കുന്ന കറ പതിനഞ്ചുദിവസംവരെ കേടുകൂടാതെ സൂക്ഷിക്കാം. ഒരു ചെടിയില്‍നിന്ന് 50 ഗ്രാം വീതം ഒന്നര മാസത്തോളം വിളവെടുക്കാം. അഞ്ചോ ആറോ തവണകളായി കറ ശേഖരിക്കാം.
ഒരേക്കറില്‍ തൊള്ളായിരത്തോളം പപ്പായച്ചെടികള്‍ വളര്‍ത്താം.പല തവണ കറയെടുത്ത പപ്പായ അടര്‍ത്തിമാറ്റി തൊലികളഞ്ഞ് മൂല്യ വര്‍ധിത ഉത്പന്നങ്ങളായും മാറ്റാം.കറയെടുത്തതിനുശേഷം കായ അടര്‍ത്തിമാറ്റുന്നതോടെ പുതിയ കായകളും പെട്ടെന്നുണ്ടാകും. ഒരേ ചെടിയില്‍നിന്ന് രണ്ടര വര്‍ഷത്തോളം വിളവെടുക്കാം. പപ്പായയുടെ കറ സംഭരിക്കാൻ അംഗീകൃത ഏജൻസികളുണ്ട്.
കർഷകന്റെ കൈയ്യിൽ നിന്നും സംഭരണ കേന്ദ്രത്തിലേക്ക് പോകുന്ന പപ്പായക്കറ അവിടെ വച്ചാണ് അടിമുടി രൂപം മാറുന്നത്.പപ്പായ കറയെ പപ്പൈൻ പൗഡർ രൂപത്തിലേക്ക് മാറ്റുന്നതാണ് അടുത്ത ഘട്ടം.ഇതെല്ലാം കഴിഞ്ഞ് പപ്പായയുടെ കായ് ബാക്കിയായാലും അതിനും വിലയുണ്ട്. ജാം, ജെല്ലി തുടങ്ങിയവയാണ് ഇതില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയുക.
ഇന്ന് നാം ഉപയോഗിക്കുന്ന ഭൂരിഭാഗം സൗന്ദര്യ വർദ്ധക വസ്തുക്കളിലെയും പ്രധാന ഘടകം പപ്പായക്കറയിൽ നിന്നും ലഭിക്കുന്ന പപ്പൈൻ പൗഡറാണ്.ക്രീമുകൾ, പൗഡറുകൾ, മരുന്നുകൾ, ബേബി പൗഡറുകൾ എന്നിവയിലെല്ലാം പപ്പായയുടെ അദൃശ്യ സാന്നിദ്ധ്യമുണ്ട്.പപ്പൈൻ ഉപയോഗിച്ചുള്ള ഇത്തരം ഉത്പ്പന്നങ്ങൾക്ക് യാതൊരു പാർശ്വ ഫലങ്ങളുമില്ല എന്നത് ഡിമാൻഡ്‌ വർധിപ്പിക്കുന്നു.