Home ആരോഗ്യം ഇങ്ങനെ വിൽക്കാമോ മാംസം?

ഇങ്ങനെ വിൽക്കാമോ മാംസം?

പറമ്പിലും പാടത്തും മണ്ണിലിട്ടു കാലികളെ അറുത്ത് വില്പന നടത്തുന്നത് ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് കുറ്റകരമാണ്. മണ്ണും ചെളിയും കാലികളുടെ ചാണകവും ഇറച്ചിയിൽ കലരുവാൻ ഇടയാകുന്നു. ഇതുമൂലം കഴിക്കുന്ന ആളുകൾക്ക് അണുബാധയും ഭക്ഷ്യ വിഷബാധയും ഉണ്ടാകും. അംഗീകാരമോ ലൈസൻസോ ഇല്ലാതെ അറവു നടത്താൻ പാടുള്ളതല്ല. ഗർഭിണി കളായ ഉരുക്കളെയോ 3 മാസത്തിൽ കുറഞ്ഞ പ്രായമുള്ള ഉരുക്കളെയോ അറക്കാൻ പാടില്ല. രോഗങ്ങൾ ഉള്ളവയും ചികിൽസിച്ചു കൊണ്ടിരിക്കുന്നതുമായ കാലികളെ അറക്കരുത്. അറവുശാലയിലെ രക്തത്തിന്റെ ഒഴുക്കി വിടലും ശേഖരിക്കലും ഉചിതമായ രീതിയിൽ നടത്തണം. അറവു ചെയ്ത മൃഗങ്ങളെ തറയിൽ കിടത്തി വൃത്തിയാക്കരുത്. കെട്ടിത്തൂക്കിയോ ഉയരമുള്ള മേശയിലിട്ടോ വേണം ഡ്രസിങ് ചെയ്യാൻ. ഒരു മൃഗത്ത അറക്കുന്നതു മറ്റു മൃഗങ്ങൾ കാണാത്ത വിധത്തിൽ മറച്ചു ക്രമീകരിക്കണം. കഴുകി വൃത്തിയാക്കാൻ വേണ്ട വെള്ളവും സൗകര്യങ്ങളും ഉണ്ടായിരിക്കണം.അറവു ചെയ്യപ്പെട്ടവയുടെ ശരീരം കഴുകി വൃത്തിയാക്കാൻ മീറ്റർ ഒന്നിന് 33 മില്ലി മീറ്റർ ചരിവോടു കൂടിയ ഓട ഉണ്ടായിരിക്കണം.18 വയസ്സിൽ താഴെ ഉള്ളവരും രോഗങ്ങൾ ഉള്ളവരും അറവു ശാലയിലും വില്പന ശാലകളിലും ജോലി ചെയ്യരുത്. രോഗങ്ങൾ ഇല്ലെന്നു ഒരു വെറ്ററിനറി സർജൻ സാക്ഷ്യ പെടുത്തിയ മൃഗങ്ങളെ മാത്രമേ അറക്കാൻ പാടുള്ളൂ. ഫുഡ്‌ സേഫ്റ്റി ലൈസൻസ് ഇല്ലാതെ ഇറച്ചി വില്പന നടത്തുന്നത് 6 മാസം തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. നിയമം ഇതാണെന്നിരിക്കെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതിയില്ലാതെ പ്രാകൃതമായ രീതിയില്‍ കാലികളെ കശാപ്പ് ചെയ്യുന്നത് വ്യാപകമാണ്. റോഡുവക്കിലും വീടുകളിലും കശാപ്പ് നടത്തുകയും വഴിയോരത്ത് ഭീതിപ്പെടുത്തുന്ന രീതിയിൽ മാംസ വിൽപന നടത്തുന്നതും വ്യാപകമാണ്.