Home അറിവ് കോവിഡ് പരിശോധനയ്ക്കായി സ്വാബ് എടുക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുമെന്ന വ്യാജ വാര്‍ത്തയില്‍ നിങ്ങളും ഇരകളായോ?...

കോവിഡ് പരിശോധനയ്ക്കായി സ്വാബ് എടുക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുമെന്ന വ്യാജ വാര്‍ത്തയില്‍ നിങ്ങളും ഇരകളായോ? സ്വാബ് എടുക്കുന്ന രീതിയും അതിന്റെ ആവശ്യകതയും ഒന്ന് നോക്കാം…

കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍ നിന്നും സ്വാബ് എടുക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുമെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പലരും ഇത്തരം വാര്‍ത്തകളെ വിശ്വസിച്ച് ലക്ഷണങ്ങള്‍ ഉണ്ടായിട്ട് പോലും ഡോക്ടടറെ കാണാന്‍ മടിക്കുന്നു. സ്വാബ് എടുക്കാന്‍ അനുവദിക്കുന്നില്ല എന്ന വിവരങ്ങള്‍ ആരോഗ്യ മേഖലയില്‍ നിന്നും വരുന്നുണ്ട്. എന്നാലിതിന്റെ വസ്തതുകള്‍ എന്തെന്ന് നോക്കാം.

സ്വാബ് എടുക്കുന്ന രീതിയെക്കുറിച്ച് ഡോക്ടര്‍ റോഷിത് എസ്, ഡോട്കടര്‍ മനോജ് വെള്ളനാട് എഴുതിയ പോസ്റ്റ്( ഇന്‍ഫോ ക്ലിനിക്)

സ്വാബ് ടെസ്റ്റിന് വിധേയനാകുന്ന വ്യക്തിയുടെ തല പിറകിലേക്ക് ഏതാണ്ട് 70° യിൽ ചരിച്ചുവെക്കും. കൃത്യമായി ഫോക്കസ് ചെയ്യുന്ന ലൈറ്റുപയോഗിച്ച് മൂക്കിന്റെ ഉൾഭാഗം പരിശോധിക്കും. കൂടുതൽ വ്യാപ്തിയും സ്ഥല ലഭ്യതയുമുള്ള നാസാരന്ധ്രത്തിലൂടെ കടത്തുന്ന സ്വാബ്, മൂക്കിന്റെ അടിഭാഗത്തു(towards floor of the nose) കൂടെ, വായയ്ക്ക് സമാന്തരമായാണ് ഉള്ളിലേക്ക് പ്രവേശിപ്പിക്കേണ്ടത്.

ഇങ്ങനെ Nasopharynx-ൽ എത്തിയ സ്വാബിനെ, അവിടെ ശ്ലേഷ്മസ്തരത്തിൽ മുട്ടിച്ച് പിടിക്കും. സ്രവങ്ങൾ ഊർന്നിറങ്ങാൻ 10-15 സെക്കന്റുകൾ വരെ എടുക്കും. അതിനിടയിൽ 2 -3 തവണ Swab കറക്കി, സ്രവം ശേഖരിച്ചുവെന്ന് ഉറപ്പിക്കും. ശേഷം പതിയെ പോയ വഴിയിലൂടെ സ്വാബ് തിരിച്ചിറക്കും. രണ്ടു മൂക്കിൽ നിന്നും സ്വാബ് ശേഖരിക്കുന്നതാണ് ശരിയായരീതി. സ്രവം ശേഖരിച്ച സ്വാബിനെ ഒരു ടെസ്റ്റ് ട്യൂബിലെ വൈറസ് ട്രാൻസ്പോർട്ടിംഗ് മീഡിയത്തിലേക്ക് അപ്പോൾ തന്നെ മാറ്റും. ശേഷം രോഗിയുടെ പേരും നമ്പരും എല്ലാം രേഖപ്പെടുത്തി, ലാബിലേക്ക് അയക്കും.

സ്വാബ് മൂക്കിനുള്ളിലൂടെ കടന്നുപോകുന്ന സമയത്ത്, മൂന്നു തരത്തിലുള്ള താൽക്കാലിക പ്രതിപ്രവർത്തനങ്ങൾ(reflexes) ആ വ്യക്തിയുടെ ശരീരത്തിൽ അനുഭവപ്പെടാം.

1) Sneezing reflex:- മൂക്കിന്റ തുടക്കഭാഗത്തു തന്നെയുള്ള ഞരമ്പുകൾ പ്രചോദിപ്പിക്കപ്പെടുന്നത് മൂലം തുമ്മലുണ്ടാവാം.

2) Nasolacrimal reflex:- മൂക്കിൻ്റെ മധ്യഭാഗം വഴി സ്വാബ് കടന്നു പോകുമ്പോൾ, അതവിടുള്ള നാഡീഞരമ്പുകളെ പ്രചോദിപ്പിക്കുന്നത് വഴി ഇരുകണ്ണുകളിലും കണ്ണുനീര് നിറയാം.

3) Gag reflex:- മൂക്കിന്റെ പുറകിലായുള്ള തൊണ്ടയുടെ ഭാഗത്തെത്തി അവിടെ തൊടുമ്പോൾ ഓക്കാനവും ചുമയും വരാം.

ഇതെല്ലാം എല്ലാർക്കും ഉണ്ടാവണമെന്നില്ല. ഉണ്ടായാൽ തന്നെ ഒരേ തീവ്രതയിൽ അനുഭവപ്പെടണമെന്നുമില്ല. വ്യക്തികൾക്കനുസരിച്ച് വ്യത്യാസം വരാം. ചിലർക്ക് നിസ്സാരമായും, ചിലർക്കൽപം കൂടുതലും. ഏതാണെങ്കിലും അവ താൽക്കാലികമായൊരു അസ്വസ്ഥത മാത്രമാണ്. വളരെവേഗമത് മാറിക്കിട്ടും.

വ്യാജവാർത്തകളിൽ വിശ്വസിച്ചോ ഭയം കൊണ്ടോ നമ്മളതിനോട് നിസ്സഹകരിക്കുകയാണെങ്കിൽ, അതുമൂലം കൃത്യമായിട്ടല്ല സ്രവം ശേഖരിക്കുന്നതെങ്കിൽ, വരാൻ സാധ്യതയുള്ള അപകടങ്ങൾ വളരെ വലുതായിരിക്കും.

അതുകൊണ്ടുതന്നെ രോഗിയുടെ അല്ലെങ്കിൽ സ്ക്രീനിങ്ങ് ടെസ്റ്റിന് വിധേയരായവുന്നവരുടെ പരിപൂർണ സഹകരണവും, അറിവും അത്യാവശ്യമാണിവിടെ. ഇതിനു പുറമേ മൂക്കിനുളളിലെ ദശവളർച്ച, ഉളളിലെ എല്ലിന്റെ വളവ്, നേരത്തെ ചെയ്തിട്ടുള്ള സർജറികൾ തുടങ്ങി മൂക്കിനുള്ളിൽ തടസ്സമുണ്ടാക്കുന്ന പല കാരണങ്ങൾ കൊണ്ടും പൂർണ്ണമായി സ്വാബ് ഉള്ളിലെത്താതിരിക്കാം. അത്തരത്തിൽ നേരത്തെ അറിവുള്ള തടസ്സങ്ങൾ രോഗിക്കോ, എടുക്കുന്ന സമയത്ത് ആരോഗ്യ പ്രവർത്തകർക്കോ അനുഭവപ്പെട്ടാൽ, കൃത്യത ഉറപ്പു വരുത്താൻ ഒരു ENT specialist -ന്റെ സേവനം ലഭ്യമെങ്കിൽ ഉപയോഗപ്പെടുത്തണം. പതിവിൽ കൂടുതൽ പ്രതിരോധം അനുഭവപ്പെട്ടാൽ, ഒരിക്കലും ബലമുപയോഗിച്ച് സ്വാബ് മൂക്കിലേക്ക് തള്ളിക്കയറ്റാനും പാടില്ല. നാസൽ സ്പെക്കുലം എന്ന ലഘു ഉപകരണത്തിന്റെ സഹായത്തോടെ തടസ്സങ്ങൾ വകഞ്ഞു മാറ്റിയേ അത് ഉള്ളിലെത്തിക്കാവൂ.