Home വിദ്യഭ്യാസം മദ്രാസ് യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ 13 യൂണിവേഴ്‌സിറ്റികളില്‍ ഓണ്‍ലൈന്‍ പരീക്ഷ: നടപടികളിങ്ങനെ

മദ്രാസ് യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ 13 യൂണിവേഴ്‌സിറ്റികളില്‍ ഓണ്‍ലൈന്‍ പരീക്ഷ: നടപടികളിങ്ങനെ

അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നു തന്നെ എഴുതാമെന്ന് മദ്രാസ് സര്‍വകലാശാലയുടെ അറിയിപ്പ്. ഓണ്‍ലൈനായി ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എ4 കടലാസില്‍ എഴുതി, സ്‌കാന്‍ ചെയ്ത് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയോ ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവര്‍ സ്പീഡ് പോസ്റ്റായി അയക്കുകയോ ചെയ്യണമെന്നാണ് സര്‍വ്വകലാശാലയുടെ ഉത്തരവ്.

സര്‍വകലാശാലാ വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠിക്കുന്ന നിരവധി മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്നതാണ് ഈ പ്രഖ്യാപനം. കോവിഡ് വ്യാപനത്തേത്തുടര്‍ന്ന് മലയാളി വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും നാട്ടിലാണ്. അവര്‍ക്ക് ഈ നടപടി ഏറെ ആശ്വാസകരമാകും.

പരീക്ഷ നടപടികള്‍ ഇങ്ങനെ

  • ചോദ്യങ്ങള്‍ ലഭിക്കാനുള്ള ലിങ്ക് വിദ്യാര്‍ഥികള്‍ക്ക് എസ്.എം.എസ്. ആയി അയച്ചു നല്‍കും.
  • പരീക്ഷാത്തീയതിയില്‍ സര്‍വകലാശാല വെബ്‌സൈറ്റിലും ചോദ്യങ്ങള്‍ ലഭ്യമായിരിക്കും.
  • രജിസ്റ്റര്‍ നമ്പറും ജനനത്തീയതിയും നല്‍കി ലോഗിന്‍ ചെയ്താല്‍ പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പുമുതല്‍ ചോദ്യപ്പേപ്പര്‍ ലഭിക്കും.
  • എഴുതിക്കഴിഞ്ഞാല്‍ വീണ്ടും ലോഗിന്‍ ചെയ്ത് സ്‌കാന്‍ ചെയ്ത ഉത്തരക്കടലാസുകള്‍ അപ്ലോഡ് ചെയ്യണം. പരീക്ഷാസമയം കഴിഞ്ഞ് മൂന്നുമണിക്കൂറിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം.
  • ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസുകള്‍ ഹാള്‍ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന കോളേജിലേക്ക് സ്പീഡ് പോസ്റ്റായി അയക്കണം
  • രാവിലെ പരീക്ഷയെഴുതുന്നവര്‍ അതേദിവസവും ഉച്ചകഴിഞ്ഞ് എഴുതുന്നവര്‍ പിറ്റേന്ന് വൈകീട്ട് മൂന്നിന് മുമ്പായും അയക്കണം.
  • ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷ എഴുതുന്നതിനുമുമ്പും പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസ് അപ്ലോഡ് ചെയ്തതിന് ശേഷവും നോഡല്‍ ഓഫീസര്‍ക്ക് സന്ദേശമയയ്ക്കണം

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  • ഈമാസം 21 മുതല്‍ 30 വരെയാണ് അവസാന സെമസ്റ്റര്‍ പരീക്ഷ. അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും മുന്‍വര്‍ഷങ്ങളില്‍ അവസാന സെമസ്റ്ററില്‍ തോറ്റവര്‍ക്കുമാണ് പരീക്ഷ.
  • ഒന്നരമണിക്കൂറാണ് സമയം.
  • രാവിലെ 10 മുതല്‍ 11.30 വരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ 3.30 വരെയുമായിരിക്കും പരീക്ഷാസമയം.
  • എ4 കടലാസില്‍ മാത്രമേ ഉത്തരമെഴുതാവൂ.
  • ഓരോ പേജിലും രജിസ്റ്റര്‍നമ്പര്‍, സബ്ജക്ട് കോഡ്, പേജ് നമ്പര്‍, ഒപ്പ് എന്നിവ രേഖപ്പെടുത്തണം.
  • കറുപ്പ് അല്ലെങ്കില്‍ നീല നിറത്തിലുള്ള പേന ഉപയോഗിച്ചുവേണം ഉത്തരമെഴുതാന്‍.
  • പരമാവധി 18 പേജുവരെയാകാം.
  • ഉത്തരം ടൈപ്പ് ചെയ്തതാകാന്‍ പാടില്ല.
  • പരീക്ഷാസംബന്ധിയായ സംശയങ്ങള്‍ക്ക് നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പര്‍ വിദ്യാര്‍ഥികള്‍ക്ക് അയച്ചുനല്‍കും.
  • സെപ്റ്റംബര്‍ 18നും 19നും മാതൃകാ പരീക്ഷകള്‍

തമിഴ്‌നാട്ടില്‍ എല്ലാ സര്‍വകലാശാലകളിലും ഓണ്‍ലൈന്‍ പരീക്ഷ

തമിഴ്‌നാട്ടില്‍ വിവിധ സര്‍വകലാശാലകളിലെ അവസാന സെമസ്റ്റര്‍ കോളേജ് പരീക്ഷകള്‍ നടത്തുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കൊടൈക്കനാല്‍ മദര്‍ തെരേസ വനിതാ സര്‍വകലാശാല ഒഴികെയുള്ള 13 സര്‍വകലാശാലകളില്‍ പൂര്‍ണമായും ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്. ഈ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളേജുകളിലും ഓണ്‍ലൈനായായിരിക്കും പരീക്ഷ. മദര്‍ തെരേസ വനിതാ സര്‍വകലാശാലയില്‍ ഓണ്‍ലൈനായും നേരിട്ടും പരീക്ഷയെഴുതാം.

സര്‍വകലാശാല – പരീക്ഷാത്തീയതി

  • മദ്രാസ് സര്‍വകലാശാല – 21 മുതല്‍ 30 വരെ
  • മധുര കാമരാജ് സര്‍വകലാശാല – 17 മുതല്‍ 30 വരെ
  • അണ്ണാ സര്‍വകലാശാല – 22 മുതല്‍ 29 വരെ
  • ഭാരതിയാര്‍ സര്‍വകലാശാല – 21 മുതല്‍ ഒക്ടോ. 7 വരെ
  • ഭാരതിദാസന്‍ സര്‍വകലാശാല – 21 മുതല്‍ 25 വരെ
  • അളഗപ്പ സര്‍വകലാശാല – 15 മുതല്‍
  • മനോണ്‍മണിയം സുന്ദരനാര്‍ സര്‍വകലാശാല – 21 മുതല്‍ 30 വരെ
  • പെരിയാര്‍ സര്‍വകലാശാല – 21 മുതല്‍ 29 വരെ
  • തമിഴ്‌നാട് ഓപ്പണ്‍ സര്‍വകലാശാല – 19 മുതല്‍ 30 വരെ
  • തിരുവള്ളുവര്‍ സര്‍വകലാശാല – 16 മുതല്‍ 23 വരെ
  • തമിഴ്‌നാട് ടീച്ചേഴ്‌സ് എജ്യുക്കേഷന്‍ സര്‍വകലാശാല – 17 മുതല്‍ 29 വരെ
  • അണ്ണാമല സര്‍വകലാശാല – 21 മുതല്‍ 30 വരെ
  • സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് – 23 മുതല്‍ 29 വരെ
  • മദര്‍ തെരേസ വനിതാ സര്‍വകലാശാല – 16 മുതല്‍ 30 വരെ